Type Here to Get Search Results !

പ്രഭാത വാർത്തകൾ



◼️ബിജു മേനോനും ജോജു ജോര്‍ജും രേവതിയും മികച്ച നടീനടന്മാര്‍. ആര്‍.കെ കൃഷാന്ദിന്റെ 'ആവാസവ്യൂഹം' മികച്ച സിനിമ. ദിലീഷ് പോത്തനാണു മികച്ച സംവിധായകന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാനാണു പ്രഖ്യാപിച്ചത്. 'ആര്‍ക്കറിയാം' എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോനും 'നായാട്ട്', 'മധുരം', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങളിലൂടെ ജോജു ജോര്‍ജും മികച്ച നടന്മാരായും 'ഭൂതകാല'ത്തിലൂടെ രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.


◼️'ആവാസവ്യൂഹ'ത്തിലൂടെ ആര്‍.കെ പ്രശാന്ത് മികച്ച തിരക്കഥാകൃത്തായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ മറ്റുള്ളവര്‍ : മികച്ച കഥാകൃത്ത് - ഷാഹീ കബീര്‍ (നായാട്ട്), മികച്ച കുട്ടികളുടെ ചിത്രം - കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍), സ്വഭാവ നടി - ഉണ്ണിമായ (ജോജി), സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള), മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം), സ്നേഹ അനു (തല), നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്, മികച്ച ജനപ്രിയ ചിത്രം- ഹൃദയം, കലാ സംവിധായകന്‍- എ.വി ഗോകുല്‍ദാസ്, മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍, മികച്ച ഗായകന്‍ - പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി), സംഗീത സംവിധായകന്‍ - ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം),

പശ്ചാത്തല സംഗീതം - ജസ്റ്റിന്‍ വര്‍ഗീസ് (ജോജി), ഗാനരചന - ബി കെ ഹരിനാരായണന്‍ (കാടകലം), മികച്ച ഛായാഗ്രഹകന്‍ - മധു നീലകണ്ഠന്‍ (ചുരുളി).


◼️ജമ്മുകാശ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം 7 സൈനികര്‍ക്ക് വീരമൃത്യു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് (41) മരിച്ച മലയാളി. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. അപകടത്തില്‍ 19 സൈനികര്‍ക്കു പരിക്കേറ്റു. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ലഡാക്കിലെ തുര്‍ത്തുക്ക് സെക്ടറിലായിരുന്നു അപകടം.


◼️ലഹരി മരുന്നു കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലാതെ കുറ്റമുക്തനാക്കിയതിനു പിറകേ, ആര്യനെ അറസ്റ്റു ചെയ്ത നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ മേധാവിയായിരുന്ന സമീര്‍ വാങ്കഡയ്ക്കെതിരേ നടപടിക്കു ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. ജോലിക്കു വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണത്തിലും നടപടിക്കു നിര്‍ദേശമുണ്ട്.


◼️നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം സംവരണം വേണമെന്നു വനിത സാമാജികരുടെ ആദ്യ ദേശീയ സമ്മളനം ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണമെന്ന് തിരുവനന്തപുരത്തു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത സമ്മേളനം ആവശ്യപ്പെട്ടു.


◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം നടത്തിയവരേയും വീഡിയോ തയാറാക്കിയവരേയും അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണമാണു യുഡിഎഫ് നടത്തിയത്. ഇവരെ തള്ളിപ്പറയാന്‍ യുഡിഎഫ് തയാറായിട്ടില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുുത്തി.


◼️തൃക്കാക്കരയില്‍ എസ്ഡിപിഐ-ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആലപ്പുഴയില്‍ വിവാദമായ റാലി നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണ്, എന്നാല്‍ എസ്ഡിപിഐ-യാണ് റാലി നടത്തിയതെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്, വര്‍ഗീയ ധ്രുവീകരണത്തിനാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് റോയ് അറയക്കല്‍ ആരോപിച്ചു.


◼️വിലക്കയറ്റംമൂലം ജനത്തെ വലയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതെ മന്ത്രിപ്പടയും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ആന്റണി വിമര്‍ശിച്ചു.


◼️വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ജയില്‍മോചിതനായി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ആരോഗ്യം പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജോര്‍ജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂജപ്പുരയിലെത്തിയിരുന്നു.


◼️ഇന്ദ്രന്‍സിനും, ‘ഹോം' എന്ന സിനിമക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കാത്തതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്ദ്രന്‍സിന്റെ ഫേസ്ബുക്കില്‍ നിരവധിപേരാണ് വിമര്‍ശനവുമായി എത്തിയത്. ഷാഫി പറമ്പില്‍ എംഎല്‍എ-യും, നടി രമ്യ നമ്പീശനും അടക്കമുള്ള പ്രമുഖരും ഇന്ദ്രന്‍സിനെ പിന്തുണച്ചു പ്രതികരിച്ചിട്ടുണ്ട്. അവാര്‍ഡ് എന്‍ട്രി ഉള്ളതിനാല്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം ഇന്ദ്രന്‍സ് രാജിവച്ചിരുന്നു.


◼️കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 18 പേരെകൂടി പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ ജില്ലയിലെ സംഘാടകരെയാണ് അറസ്റ്റുചെയ്തത്. കേസില്‍ 24 പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലായത്.


◼️കുട്ടി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പോലീസ് നരനായാട്ടു നടത്തുകയാണെന്ന് ആരോപിച്ച് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു.


◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ചുള്ള ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നു സംസ്ഥാനത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.


◼️കോടതിയില്‍ ഹാജരാക്കി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രതികളുടെ ആക്രമണം. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അകമ്പടിപോയ പൊലീസുകാര്‍ക്കും ബസിലെ യാത്രക്കാര്‍ക്കും മര്‍ദ്ദനമേറ്റു. ഒടുവില്‍ പ്രതികളെ കീഴ്പ്പെടുത്തി എത്തിച്ച കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലും ഇവർ ആക്രമണം നടത്തി. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു.


◼️നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ലെന്ന് പി.കെ ശ്രീമതി. എന്നാല്‍, അതിജീവിത ഹര്‍ജി നില്‍കിയ സമയത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. ഇതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 3 മാസംകൂടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.


◼️നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച വാദം തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യംവിട്ടതെന്നും വിജയ് ബാബു വാദിച്ചു.


◼️തൃശൂര്‍ - പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ വര്‍ധിപ്പിച്ച നിരക്കില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പഴയ നിരക്കിലേ ടോള്‍ പിരിക്കാവൂവെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിട്ടു. ടോള്‍ പിരിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോള്‍ കമ്പനി, ബസ് ഉടമകള്‍ക്ക് എതിരെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് കരാറനുസരിച്ചുള്ള പണി പൂര്‍ത്തിയാക്കാതെ അമിത നിരക്ക് ഈടാക്കാന്‍ അനുവദിക്കരുതെന്ന് അപേക്ഷ നല്‍കിയിരുന്നു.


◼️ഏറ്റുമാനൂര്‍ - ചിങ്ങവനം റെയില്‍ ഇരട്ടപാത ഇന്നു കമ്മീഷന്‍ ചെയ്യും. സുരക്ഷാപരിശോധന തൃപ്തികരമാണെന്ന് തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷന്‍ ചെയ്യുന്നത്.


◼️ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ 31 വരെ 52 ദിവസം സംസ്ഥാനത്തു ട്രോളിംഗ് നിരോധനം. മല്‍സ്യബന്ധനം നിരോധിക്കുന്നതോടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വറുതിയുടെ കാലമാണ്.


◼️സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. മെയ് 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.


◼️എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പി.എം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ച ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.


◼️വിമാനത്താവളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്. ഉണക്ക പഴങ്ങളും സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്ത്. ചാവക്കാട് സ്വദേശി സുല്‍ഫിക്കറിനെ കസ്റ്റഡിയിലെടുത്തു.


◼️നെയ്യാറ്റിന്‍കര സബ് ട്രഷറിയില്‍നിന്ന് വൃദ്ധയുടെ പെന്‍ഷന്‍ തുക തട്ടിയെടുത്ത കേസില്‍, കോട്ടയം കറുകച്ചാല്‍ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി അരുണ്‍ അറസ്റ്റിലായി. കോട്ടയം കറുകച്ചാല്‍ സ്വദേശി കമലമ്മയുടെ പെന്‍ഷന്‍ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് ഈ അറസ്റ്റ്.


◼️കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ പണവും സ്വര്‍ണവും കവര്‍ന്നു. കമ്മത്ത് ലയിനിലെ കെപികെ ജ്വല്ലറി ഉടമയും തൊഴിലാളികളും പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. പതിനൊന്ന് ലക്ഷം രൂപയും ആഭരങ്ങളുമാണ് നഷ്ടമായത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.


◼️അമ്മയെ ചികില്‍സിക്കാന്‍ കാര്‍ പണയംവച്ച് എടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനു യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 7 പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൂര്‍ക്കര സ്വദേശി ശ്രീജുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പിടികൂടിയത്. മഹേഷ്, സുമേഷ് എന്ന ഫ്രീക്കന്‍, സനല്‍ (20), ശരത്ത് എന്ന സൂര്യന്‍ (22), റിനു സണ്ണി (27), മഞ്ജുനാഥ് (22), രാഗേഷ് എന്ന സുന്ദരന്‍ (33) എന്നിവരാണു പിടിയിലായത്. ആര്യമ്പാടം സ്വദേശിയായ മഞ്ജുനാഥില്‍നിന്ന് യുവാവ് ഒരു ലക്ഷത്തി പതിനായിരം രൂപയാണു വായ്പയെടുത്തിരുന്നത്.


◼️പോലീസിനെ കാറിടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതി പിറവം മുളക്കുളം സ്വദേശി ആകാശിനെ സാഹസികമായി പോലീസ് പിടികൂടി. 2019ല്‍ കൂത്താട്ടുകുളത്ത് വെച്ച് 14കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ആകാശ്. പൊലീസ് വാഹനം കണ്ട് കാറുമായി പാഞ്ഞ ആകാശിനെ പൊലീസുകാര്‍ പിന്തുടര്‍ന്നു. കോട്ടയം പെരുവയ്ക്കടുത്ത് കാര്‍ തടഞ്ഞിട്ട് ജീപ്പില്‍ നിന്നിറങ്ങിയ കൂത്താട്ടുകുളം എസ്.ഐ ശാന്തി ബാബുവിനെ ആകാശ് കാറിടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടു. പൊലീസുകാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതോടെ പാലാ, രാമപുരം സ്റ്റേഷനുകളിലെ പൊലീസ് നിരത്തിലിറങ്ങി. റോഡില്‍ നിരത്തിയ പൊലീസ് വാഹനങ്ങളില്‍ ആകാശിന്റെ കാര്‍ ഇടിച്ചു. നാലു പൊലീസുകാര്‍ക്കു പരിക്കേറ്റെങ്കിലും പ്രതിയെ കൈയോടെ പിടികൂടി.  


◼️പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലോട് പച്ച തെങ്ങുംകോണം പുത്തന്‍ വീട്ടില്‍ ഷൈജു (47)വാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഭാര്യയെ കാണാനില്ലെന്ന പരാതിയാണ് ഇയാള്‍ സ്റ്റേഷനില്‍ നല്‍കിയത്.


◼️അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് 4 വര്‍ഷം തടവും അമ്പതു ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ശിക്ഷിച്ചത്. 1993നും 2006നും ഇടയ്ക്ക് ഓംപ്രകാശ് ചൗട്ടാല ആറു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണു ശിക്ഷ.


◼️തമിഴ്നാട് രാമനാഥപുരത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തു കൊന്നശേഷം, മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ രണ്ടു പ്രതികള്‍കൂടി പിടിയിലായി. ചെമ്മീന്‍ ഫാമിലെ ജീവനക്കാരായ ഒഡിഷ സ്വദേശികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സ്ത്രീയുടെ ആഭരണങ്ങള്‍ ഇവര്‍ മോഷ്ടിച്ചു വിറ്റു.


◼️ഡല്‍ഹി പ്രഗതി മൈതാനത്ത് ഭാരത് ഡ്രോണ്‍ മഹോത്സവം... രാജ്യം ലോകത്തെ ഡ്രോണ്‍ ടെക്നോളജിയുടെ ഹബ്ബാകണമെന്ന് മഹോത്സവം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. 2026 ആകുമ്പോഴേക്കും ഡ്രോണുമായി ബന്ധപ്പെട്ട് വ്യവസായം 15,000 കോടി രൂപയുടേതാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ 150 ഡ്രോണ്‍ പൈലറ്റുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


◼️വാടക ഗര്‍ഭപാത്ര നിയന്ത്രണ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്, ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. 2021ലെ നിയമങ്ങള്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചത്. നിലവില്‍ കുട്ടികളുള്ള സ്ത്രീക്കും പുരുഷനും വാടക ഗര്‍ഭധാരണത്തിന് അനുമതിയില്ലെന്ന വ്യവസ്ഥ ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണു നോട്ടീസ് അയച്ചത്.


◼️2020ലെ ഡല്‍ഹി കലാപത്തിനിടെ പൊലീസിനുനേരെ തോക്കുചൂണ്ടിയ കേസിലെ പ്രതി ഷാരൂഖ് പഠാന് നാട്ടില്‍ സ്വീകരണം. 4 മണിക്കൂര്‍ നേരത്തേക്ക് പരോളില്‍ വീട്ടില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ ഷാരൂഖിന് സ്വീകരണം നല്‍കിയത്.  


◼️ഡല്‍ഹിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് 40കാരിയും കാമുകനും അടക്കം 3 പേര്‍ പോലീസ് പിടിയില്‍. ദര്യഗഞ്ച് സ്വദേശിയായ സീബ ഖുറേഷി, യു.പി.യിലെ മീററ്റില്‍ താമസിക്കുന്ന ഷോയിബ് (29), യു.പി.യിലെ ഗാസിയാബാദില്‍ താമസിക്കുന്ന വിനിത് ഗോസ്വാമി (29) എന്നിവരാണ് അറസ്റ്റിലായത്. സീബയുടെ ഭര്‍ത്താവ് മൊയ്‌നുദ്ദീന്‍ ഖുറേഷിയെ (47)യാണു ഇവർ കൊലപ്പെടുത്തിയത്.


◼️ടെക്സസിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചു. അക്രമിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അധ്യാപികയായ ഇര്‍മ ഗാര്‍ഷ്യ മരിച്ചത്. ഇര്‍മയുടെ ഭര്‍ത്താവ് ജോ ഗാര്‍ഷ്യയാണ് ഇന്നലെ ഹൃദയാഘാതംമൂലം മരിച്ചത്.


◼️52 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. പുകയിലയും ഹാഷിഷും ഉള്‍പ്പെട്ട 8500 ചെറിയ പാക്കറ്റുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.  


◼️ആറു ലക്ഷം ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച നാല് അറബ് വംശജരെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു. നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.  


◼️ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ താമസക്കാരായ വിദേശികള്‍ക്ക് മേയ് 26 വ്യാഴാഴ്ച മുതല്‍ മക്ക പ്രവേശനത്തിന് അനുമതിപത്രം നിര്‍ബന്ധമായിരിക്കും.


◼️ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ 7 വിക്കറ്റിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.1 ഓവറില്‍ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 60 പന്തില്‍ നിന്ന് പുറത്താവാതെ നേടിയ ജോസ് ബട്‌ലറുടെ 106 റണ്‍സാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി.


◼️2022ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 9.1 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി വെട്ടിച്ചുരുക്കി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. അസംസ്‌കൃത എണ്ണ, ഭക്ഷണം എന്നിവയുടെ വില വര്‍ധന വരും മാസങ്ങളില്‍ ഗാര്‍ഹിക സാമ്പത്തികത്തെയും, ചെലവുകളെയും ബാധിക്കും. എണ്ണ, ഭക്ഷ്യ വിലക്കയറ്റം തടയാന്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ഡിമാന്‍ഡ് വളര്‍ച്ചയുടെ വേഗതയെ തടസ്സപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022ലും 2023ലും പണപ്പെരുപ്പം യഥാക്രമം 6.8 ശതമാനവും, 5.2 ശതമാനവും ആയിരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ - മാര്‍ച്ച്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9.3 ശതമാനമാകുമെന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ മൂഡീസ് പ്രവചിച്ചിരുന്നു.


◼️2022 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ഷൂ നിര്‍മാതാക്കളായ ‘ബാറ്റ ഇന്ത്യ'യുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 62.96 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനുവരി - മാര്‍ച്ച് പാദത്തില്‍ കമ്പനി 29.47 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2020-21ലെ ഇതേ പാദത്തിലെ 589.90 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 12.77 ശതമാനം വര്‍ധിച്ച് 665.24 കോടി രൂപയായി. ബാറ്റ ഇന്ത്യയുടെ മൊത്തം ചെലവ് 2021-22 സാമ്പത്തികവര്‍ഷത്തിലെ 6.29 ശതമാനം ഉയര്‍ന്ന് 599.39 കോടി രൂപയായിരുന്നു, മുന്‍ സാമ്പത്തികവര്‍ഷത്തെ ജനുവരി - മാര്‍ച്ച് പാദത്തില്‍ ഇത് 563.90 കോടി രൂപയായിരുന്നു.


◼️ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവരുടെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹാനു രാഘവവുഡി സംവിധാനം ചെയ്യുന്ന ‘സീതാ രാമം' ആഗസ്റ്റ് 5ന് തിയേറ്ററുകളിൽ എത്തും. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ഗൗതം മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ‘മഹാനടി' എന്ന ചിത്രം നിര്‍മ്മിച്ച സ്വപ്ന മുവീസും, വൈജയന്തി മുവീസും ചേര്‍ന്നാണ് നിര്‍മ്മാണം.


◼️സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍'ൻ്റെ തിരക്കഥ പൂര്‍ത്തിയാക്കി മുരളി ഗോപി. തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം പങ്കുവച്ച് മുരളി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ‘എല്‍ 2: റെഡി ഫോര്‍ ലോഞ്ച്' എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നല്‍കുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


◼️ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ‘റോള്‍സ് റോയിസ്' അത്യപൂര്‍വമായി വിപണിയില്‍ എത്തിക്കിക്കുന്ന ‘ബോട്ട് ടെയില്‍' എന്ന അത്യാഡംബര കാറിന്റെ രണ്ടാംപതിപ്പ് പുറത്തിറക്കി. ബോട്ട് ടെയിലിന്റെ 3 യൂണിറ്റ് മാത്രമായിരിക്കും പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. അത്യാഡംബര സംവിധാനത്തിലും പ്രത്യേകം ഡിസൈനിലും ഒരുങ്ങുന്ന ഈ വാഹനത്തിന് ഏകദേദം 220 കോടി രൂപയായിരിക്കും വില വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈകൊണ്ടാണ് നിര്‍മാണം. സോഫ്റ്റ് റോസ് നിറത്തിലാണ് റോള്‍സ് റോയ്സ് 'ബോട്ട് ടെയില്‍' വിപണിയിലെത്തുക.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad