Type Here to Get Search Results !

പ്രഭാത വാർത്തകൾ



ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാംഗവുമായ മാണിക് സാഹയാണു പുതിയ മുഖ്യമന്ത്രി. ബിപ്ലവിന്റെ ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിറകേയാണ് ബിപ്ലവിന്റെ രാജിപ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കേയാണ് ബിപ്ളവിനെ മാറ്റിയത്.


◼️വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ താമസക്കാരെ മാറ്റി പാര്‍പ്പിക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനം. ചീഫ് സെക്രട്ടറി ഡോ. വി പി ജോയി വിളിച്ചുകൂട്ടിയ യോഗത്തിലാണു തീരുമാനം. ഓണ്‍ലൈന്‍ യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയര്‍ഫോഴ്സ്, മേധാവിമാര്‍ കെഎസ്ഇബി ചെയര്‍മാന്‍, കാലാവസ്ഥ, ദുരന്ത നിവാരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരും പങ്കെടുത്തു. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.


◼️ചൊവ്വാഴ്ച വരെ സംസ്ഥാനത്തു ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഉച്ചയ്ക്കുശേഷം അതിശക്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  


◼️കോണ്‍ഗ്രസിനു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന് സംഘടനാകാര്യ അന്തിമ പ്രമേയം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിലാണ് പ്രമേയം പാസാക്കിയത്. സഖ്യം പാര്‍ട്ടി ദയനീയ അവസ്ഥയിലുള്ള സംസ്ഥാനങ്ങളില്‍ മാത്രം മതി. പാര്‍ലമെന്ററി ബോര്‍ഡ് പുനസ്ഥാപിക്കണം. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പദയാത്രകള്‍ നടത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.


◼️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നു കിഴക്കമ്പലത്തു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അദ്ദേഹത്തിന് ആം ആദ്മി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കേരളത്തില്‍ ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിനു ഇന്നു കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഒരുക്കിയ സമ്മേളനത്തോടെ തുടക്കമിട്ടേക്കും. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സഖ്യചര്‍ച്ചയല്ലെന്നും ട്വന്റി 20 ചീഫ് കോഓഡിനേറ്റര്‍ സാബു ജേക്കബ്.


◼️തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണ നേതൃത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തുകൊണ്ടും പ്രാദേശിക യോഗങ്ങളില്‍ പ്രസംഗിച്ചുമാണ് എല്‍ഡിഎഫിനു വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭയില്‍ സെഞ്ചുറി തികയ്ക്കുകയാണ് ലക്ഷ്യം. മന്ത്രിമാരും എംഎല്‍എമാരു കളത്തിലിറങ്ങിയിട്ടുണ്ട്.


◼️തൃക്കാക്കരയില്‍ ഇരു മുന്നണികളും ട്വന്റി 20 യുടെ പിന്തുണ തേടിയെന്ന് ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ്. പിന്തുണ തേടിയവരുടെ പേരു വെളിപ്പെടുത്തുന്നില്ല. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി 14,000 വോട്ടു നേടിയിരുന്നു.


◼️രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ 20,808 വീടുകളുടെ താക്കോല്‍ ചൊവ്വാഴ്ച കൈമാറും. തിരുവനന്തപുരം കഠിനംകുളത്ത് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ കൈമാറും. നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20,000 വീടുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയില്‍ 2,95,006 വീടുകള്‍ ഇത് വരെ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു.


◼️വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്നു വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യയിലെ ആദ്യത്തെ ആത്മായ രക്തസാക്ഷിയാണ് ദേവസഹായംപിള്ള. 1712 ല്‍ തിരുവിതാംകൂര്‍ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനരികിലെ നട്ടാലം ഗ്രാമവാസിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുക.


◼️തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴമൂലമാണ് വെടിക്കെട്ട് മാറ്റിവച്ചത്. ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റുന്നത്. ഇന്നലെ വൈകീട്ട് ആറരയ്ക്കു വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം.


◼️ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിനെ സസ്പെന്‍ഡ് ചെയ്തു.


◼️പാലക്കാട്ടെ ശ്രീനിവാസന്‍ കൊലക്കേസില്‍ കൊലയാളി സംഘത്തിന് അകമ്പടി പോയ കാറുടമ പട്ടാമ്പി കീഴായൂര്‍ സ്വദേശി നാസറിനെ അറസ്റ്റു ചെയ്തു. ഈ കാറിലാണ് കൊലയാളികള്‍ക്ക് ആയുധം എത്തിച്ചത്. പ്രതിക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.


◼️തിരുവനന്തപുരം അരുവിക്കരയില്‍ സ്ഥിരമായി മദ്യപിച്ചു ബഹളമുണ്ടാക്കിയിരുന്ന 65 കാരനെ കൊലപ്പെടുത്തിയതിനു മകന്‍ അറസ്റ്റില്‍. കൊച്ച് പ്ലാമൂട് വീട്ടില്‍ സുരേന്ദ്രന്‍പിള്ളയാണ് മരിച്ചത്. മകന്‍ സന്തോഷാണ് അറസ്റ്റിലായത്.


◼️ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയുടെ വീട്ടിലെ കുളിമുറിയുടെ പൈപ്പില്‍നിന്ന് പ്രധാന തെളിവായ രക്തക്കറയുടെ സാമ്പിളുകള്‍ ലഭിച്ചെന്ന് പോലീസിന്റെ അവകാശവാദം. അറുത്തെടുത്ത പൈപ്പുകളില്‍ രക്തക്കറയുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തുമെന്നും ഫോറന്‍സിക് സംഘം അറിയിച്ചു. ഒന്നര വര്‍ഷംമുമ്പു നടന്ന കൊലപാതകത്തിനുശേഷം ബാത്ത് റൂം പൊളിച്ചുപണിതിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഷൈബിന്‍ അഷ്റഫിന് നിയമോപദേശം നല്‍കിയ മുന്‍ എസ്ഐയെ ചോദ്യം ചെയ്യും. വയനാട് സ്വദേശിയായ മുന്‍ എസ്ഐ ഒളിവിലാണ്.


◼️സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ വനം വകുപ്പ് വാച്ചര്‍ രാജന്റെ തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. രാജനായുള്ള വനംവകുപ്പ് തെരച്ചില്‍ പതിമൂന്നാം ദിവസവും തുടര്‍ന്നു. നൂറ്റമ്പതോളം ഉദ്യോഗസ്ഥരാണ് കാട്ടില്‍ തെരച്ചില്‍ നടത്തുന്നത്. സൈലന്റ് വാലി കാടുകളോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ മുക്കുര്‍ത്തി നാഷണല്‍ പാര്‍ക്കിലും തെരച്ചില്‍ നടത്തി.


◼️തൊടുപുഴ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്നാണു നടപടി. പൊലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് മാറ്റിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. ജയനില്‍ നിന്ന് 50 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തെന്നാണ് ആരോപണം.


◼️പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മോന്‍സന്റെ മ്യൂസിത്തില്‍ പോയതു സംബന്ധിച്ച് വിശദീകരണം തേടാനാണ് നോട്ടീസയച്ചത്. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


◼️നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി. മകനെതിരായ പരാതിക്കു പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു ആരോപിച്ചു.


◼️ഫറോക്ക് റെയില്‍വേ പാലത്തില്‍നിന്ന് സെല്‍ഫിയെടുക്കന്നതിനിടെ ട്രെയിനിടിച്ച് പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് എന്ന പതിനാറുകാരിയാണു മരിച്ചത്.


◼️കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി. കേരള പ്രവാസി അസോയിഷന്‍ പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. 36 അംഗ ദേശീയ കൗണ്‍സിലിന്റെ കീഴില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ദേശീയ കൗണ്‍സില്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് പറഞ്ഞു.


◼️കാലടിക്കടുത്ത് രാത്രി വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോള്‍ 30 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും മോഷ്ടിച്ചു. മേക്കാലടിയില്‍ മുഹമ്മദ് ഷെരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.


◼️കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം പുനപരിശോധിക്കണമെന്നും ഇന്ത്യയുടെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നയംമാറ്റണമെന്നും മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 'ചിന്തന്‍ ശിബിര്‍' ചര്‍ച്ചകളില്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പാനലിന്റെ തലവനാണ് ചിദംബരം.


◼️ഉദയ്പൂരില്‍ ചിന്തന്‍ ശിബിര്‍ പുരോഗമിക്കമ്പോള്‍ കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സുനില്‍ ജാഖറിനെ കഴിഞ്ഞ മാസം പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കിയിരുന്നു. ഗുഡ്‌ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ്, കോണ്‍ഗ്രസിന് വിജയാശംസകള്‍- രാജിവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


◼️യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ഇദ്ദേഹം. അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ്.


◼️ഹോങ്കോംഗില്‍ പുരാവസ്തുക്കളുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ ഫു ചുന്‍സിയാവോയുടെ വീട്ടില്‍ വീട്ടില്‍നിന്ന് കമ്യൂണിസ്റ്റ് ഇതിഹാസം മാവോ സേ തുംഗിന്റെ കോടികള്‍ വിലമതിക്കുന്ന കൈയെഴുത്തുകളുടെ ചുരുള്‍ അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചവര്‍ക്കു രണ്ടര വര്‍ഷം കഠിനതടവ്. കൈയെഴുത്തു പ്രതി വാങ്ങിയയാള്‍ അതിന്റെ മൂല്യം മനസിലാക്കാതെ ചുരുള്‍ രണ്ടായി മുറിച്ചു. രണ്ടു മോഷ്ടാക്കള്‍ക്കും കൈയെഴുത്തു പ്രതിയുടെ ചുരുള്‍ വാങ്ങിയയാള്‍ക്കുമാണു ഹോങ്കോംഗ് കോടതി ശിക്ഷ വിധിച്ചത്.


◼️വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കള്ളന്മാര്‍ക്ക് അധികാരം നല്‍കുന്നതിലും നല്ലത് പാകിസ്ഥാനില്‍ അണുബോംബ് ഇടുന്നതാണ് എന്നാണ് ഇമ്രാന്റെ പ്രസ്താവന.


◼️ഐ ലീഗില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ് സി. ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ മുഹമ്മദന്‍സ്്പോര്‍ട്ടിംഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലത്തിന്റെ കിരീടനേട്ടം.


◼️ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 54 റണ്‍സിന് തകര്‍ത്ത്് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 28 പന്തില്‍ നിന്ന് പുറത്താകാതെ 49 റണ്‍സും 23 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്ത ആന്ദ്രെ റസലിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്.


◼️100 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയതിന് പിന്നാലെ ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലോകത്തിലെ ഏറ്റവും വലിയ പൊതു കമ്പനികളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാമത് ആയി. ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റിലയന്‍സിനുള്ളത്. 90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ഈ വര്‍ഷത്തെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 2021 ഏപ്രിലിനും 2022 മാര്‍ച്ചിനും ഇടയില്‍ 104.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.


◼️ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വര്‍ധിച്ച് 40.19 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കെമിക്കലുകള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണം. വ്യാപാര കമ്മി 20.11 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടും ഈ മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയര്‍ന്ന് 60.3 ബില്യണ്‍ ഡോളറായി. ഏപ്രിലിലെ പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി 87.54 ശതമാനം ഉയര്‍ന്ന് 20.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, ബ്രിക്വെറ്റ്സ് എന്നിവയുടെ ഇറക്കുമതി 2021 ഏപ്രിലില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 4.93 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, സ്വര്‍ണ്ണ ഇറക്കുമതി 2021 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം ഏകദേശം 72 ശതമാനം ഇടിഞ്ഞ് 1.72 ബില്യണ്‍ ഡോളറായി. എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 15.38 ശതമാനം വര്‍ധിച്ച് 9.2 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 113.21 ശതമാനം ഉയര്‍ന്ന് 7.73 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


◼️ആദ്യമായി ഇരട്ടവേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി നടി ഭാവന. പിങ്ക് നോട്ട് എന്ന തന്റെ പുതിയ കന്നഡ ചിത്രത്തിലാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്. ജിഎന്‍ രുദ്രേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരേ പോലുള്ള ഇരട്ട സഹോദരിമാരെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും ഉള്ള തിരക്കഥയാണിത്.യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.


◼️സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച്, നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഏദനിന്‍ മധുനിറയും' എന്ന് തുടങ്ങുന്ന അതിമനോഹരമായ റൊമാന്റിക് ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. സനാ മൊയ്തൂട്ടി ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികള്‍. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വൈദിക കഥാപാത്രത്തെ പ്രണയിക്കുന്ന ലിയോണയുടെ നായിക കഥാപാത്രവും ഇരുവര്‍ക്കുമിടയിലെ പ്രണയമുഹൂര്‍ത്തങ്ങളും നൃത്തവും എല്ലാം ഒരു സ്വപ്നം പോലെ മനോഹരമായ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന വീഡിയോ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.


◼️ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ പുതിയ ഓള്‍-ഇലക്ട്രിക് കാറായ അയോണിക് 5 ഈ വര്‍ഷം അവസാനം അവതരിപ്പിക്കും. 2021 ഫെബ്രുവരിയില്‍ ആണ് ഹ്യുണ്ടായ് അയോണിക് 5 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ വിപണിയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും ഇത്. ആദ്യത്തേത് ഹ്യുണ്ടായ് കോന ഇവിയാണ്. ഇപ്പോള്‍, ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഹ്യുണ്ടായ് അയോണിക് 5 ഇവി ലിസ്റ്റ് ചെയ്തു.


◼️കലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോള്‍ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവര്‍ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എല്‍സിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന 'കാസ പിലാസ' സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു. അനില്‍ ദേവസി. ഡിസി ബുക്സ്. വില 408 രൂപ.


◼️പാദങ്ങള്‍ വിണ്ടു കീറുന്നത് അത്ര നിസാരമായി കാണേണ്ട. പാദങ്ങള്‍ വരണ്ടതാവുകയും ശേഷം ചര്‍മ്മം വരണ്ട് പൊട്ടി പോകുന്നതിനും കാരണമാകും. ഇത് പിന്നീട് കോശജ്വലനത്തിന് കാരണമാകുന്നു. പലപ്പോഴും വേദനാജനകമായ ചര്‍മ്മ അണുബാധയാണ് സെല്ലുലൈറ്റിസ്. നിറവ്യത്യാസവും വീക്കവും ഉണ്ടാകുന്നു. സെല്ലുലൈറ്റിസ് സാധാരണയായി ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തില്‍ കാണപ്പെടുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാനാകും.

പാദങ്ങള്‍ കുറച്ച് നേരം ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുക. പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് പാദങ്ങള്‍ സ്‌ക്രബ് ചെയ്യുക. പാദങ്ങള്‍ വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നത് വിണ്ടുകീറല്‍ മാറാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നത്തില്‍ സാലിസിലിക് ആസിഡ് അല്ലെങ്കില്‍ യൂറിയ പോലുള്ള ചേരുവകള്‍ അടങ്ങിയിരിക്കണം. മികച്ച മോയ്സ്ചറൈസര്‍ അല്ലെങ്കില്‍ ബാം ആയിരിക്കണം ഉപയോഗിക്കേണ്ടത്. ഇത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും. ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ് തേന്‍. ഇത് വരണ്ട പാദത്തെ സുഖപ്പെടുത്താനും അവയെ മൃദുവായി നിലനിര്‍ത്താനും സഹായിക്കും. വെളിച്ചെണ്ണയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാദങ്ങള്‍ പൊട്ടി രക്തസ്രാവമോ അണുബാധയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവയെ സുഖപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ വെളിച്ചെണ്ണ സഹായിക്കുന്നു. പാദങ്ങളില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് സി എച്ച് മുഹമ്മദ് കോയ കോഴിക്കോട്ടെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് അദ്ദേഹം നിത്യവും കാണുന്ന ഒരാളുണ്ട്. തെരുവിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ഒരു ചെറുപ്പക്കാരന്‍. തുച്ഛമായ ജോലിക്ക് പൊരിവെയിലത്തും അയാള്‍ തന്റെ ജോലി തുടരുന്നത് സി എച്ച് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം അയാളെ അടുത്ത് വിളിച്ച് വിശേഷങ്ങള്‍ തിരക്കി. പിന്നീടൊരിക്കല്‍ ഒപ്പം ഇരുത്തി ചായ കുടിപ്പിച്ചു. പതുക്കെ അവര്‍ പരിചയക്കാരായി, സുഹൃത്തുക്കളായി. സി എച്ച് മന്ത്രിയായി. ഒരുദിവസം ആ തൂപ്പുകാരനെ തേടി പോലീസുകാര്‍ എത്തി. അവരുടെ കയ്യില്‍ അയാള്‍ക്കായി ഒരു ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക്.. അങ്ങനെ അയാള്‍ വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗമായി.. ഒരു തൂപ്പുകാരന്റെ ജോലി നിര്‍വ്വഹിച്ച അതേ ആത്മാര്‍ത്ഥതയില്‍ സ്റ്റാഫിന്റെ ചുമതലകളും നിര്‍വ്വഹിച്ചു. സി എച്ച് ഓര്‍മ്മയായി.. പിന്നീടാണ് അദ്ദേഹം വിവാഹിതനാകുന്നതും ഒരു കുഞ്ഞ് ജനിക്കുന്നതും. കുഞ്ഞിന് ചോറൂണും പേരിടലും ഗുരുവായൂരില്‍ വെച്ച് നടത്താന്‍ അയാളുടെ അമ്മ തീരുമാനിച്ചു. പക്ഷേ, ഗുരുവായൂരിലേക്ക് പുറപ്പെട്ട ആ വാഹനം കോഴിക്കോട്ടെ ഒരു ഖബര്‍സ്ഥാനില്‍ ചെന്ന് നിന്നു. അയാള്‍ തന്റെ അമ്മയോട് പറഞ്ഞു: ചോറൂണ് ഗുരുവായൂരിലാക്കാം അമ്മേ, പക്ഷേ, പേരിടല്‍ നമുക്ക് ഇവിടെയാക്കാം... ആ ഖബര്‍സ്ഥാനിലരികിലിരുന്ന് അയാള്‍ മകന് പേരിട്ടു ഒന്ന് നോക്കി അവഗണിക്കാമായിരുന്ന ഒരു ജീവിതത്തെ തന്റെ ചങ്ങാത്തം നല്‍കി മാറ്റിമറിച്ചു സി എച്ച് എന്ന മനുഷ്യന്‍.. ശരിക്കും ഒരാള്‍ വലിയ മനുഷ്യനാകുന്നത് എപ്പോഴാണെന്ന് അറിയാമോ? ചെറിയ മനുഷ്യര്‍ അയാളെ സ്‌നേഹത്തോടെ ഓര്‍ക്കുമ്പോള്‍.... പെട്ടെന്ന് പെയ്ത മഴയില്‍ ഓടിക്കൂടിയ ആള്‍ക്കൂട്ടം പോലെയാണ് നമ്മുടെ ആയുസ്സ്.. മഴ തോരുമ്പോള്‍ ഓരോരുത്തരായി ഇറങ്ങി നടക്കും.. അതിനിടയില്‍ നമ്മെ സ്‌നേഹത്തോടെ ഓര്‍ക്കുന്ന ചിലരെയെങ്കിലും നമുക്ക് ബാക്കിയാക്കാം.. - ശുഭദിനം.

🌀➖🌀➖🌀➖🌀➖🌀➖🌀

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad