Type Here to Get Search Results !

രാജ്യം ചുട്ടുപൊള്ളുന്നു, കേരളവും ഉഷ്‌ണ തരംഗ ഭീഷണിയിൽ; അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്



ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാർഗം തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കൻ സംസ്ഥാനങ്ങളിലും പ്രഭാവം തീർക്കുകയാണ്. കേരളത്തിൽ 32 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില.


*എന്താണ് ഉഷ്‌ണ തരംഗം*


ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്നും കൂടുകയോ ശരാശരി താപനിലയിൽ 5 ഡിഗ്രി സെൽഷ്യസ് വർദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്‌ണ തരംഗം. കേരളത്തിൽ 2012ലും 2016ലും ഉഷ്‌ണ തരംഗം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഉഷ്‌ണ തരംഗം മൂലമുണ്ടാകുന്ന താപവ്യതിയാനം സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് കാരണമാവും. കടുത്ത ചൂടിന് പുറമേ വേനൽമഴ കുറഞ്ഞതും ദുസ്സഹമാക്കുന്നു. ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരീരത്തിന് താങ്ങാനാകാത്ത തരത്തിലുള്ള ചൂട് നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് സൂര്യാഘാതം. സൂര്യാതപം എന്നിവയ്ക്ക് കാരണമാകാം.

രാവിലെ 11 മണിമുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ വെയിൽ ഏൽക്കാതിരിക്കുക

ദേഹം പരമാവധി മൂടുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

കുട ചൂടുകയോ തുണികൊണ്ട് തല മറയ്ക്കുകയോ ചെയ്യണം

തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിയ്ക്കുക

വെയിൽ കടുക്കുന്ന സമയം പുറംജോലികൾ ഒഴിവാക്കുക


*വേനലിൽ പാലിക്കേണ്ട ആഹാരക്രമം*



വറുത്തതും പൊരിച്ചതും, അധികമായി മസാല ചേർത്ത ഭക്ഷണവും, മദ്യവും ഒഴിവാക്കുക

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക

കുമ്പളം, മത്തൻ, വെള്ളരി എന്നിവ ധാരാളമായി കഴിക്കുക

ധാന്യത്തിന്റെ അളവ് കുറയ്ക്കുക

നിർജലീകരണം അനുഭവപ്പെട്ടാൽ നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ചേർത്ത് കഴിക്കുക

രാമച്ചം, നറുനീണ്ടി. നെല്ലിക്ക എന്നിവ ചതച്ച് ശുദ്ധജലത്തിലിട്ട് ഒരു ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത് തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ ഉഷ്‌ണം കുറയ്ക്കാൻ സഹായിക്കും.

ചായ, കാപ്പി എന്നിവ നിയന്ത്രിക്കുക

മൈദ, പുളിപ്പിച്ച ആഹാരം, കട്ടിയുള്ള പാൽ, കട്ടിയുള്ള തൈര്, മധുരം കൂടിയ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക

മരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചും വയലുകൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പടുത്തുയർത്തിയും പ്രകൃതിയിൽ ഏൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ചെടികൾ നട്ടുവളർത്തുകയും വനങ്ങളും ജലാശയങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad