Type Here to Get Search Results !

ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം! യാതൊരു അപകടവുമില്ല; ശാസ്ത്രീയമായ കാരണമെന്താണെന്ന് അറിയാം



പലരും നിരന്തരമായി വാദപ്രദിവാദങ്ങള്‍ നടത്തുന്ന ഒരു വിഷയമാണ് ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ ഇല്ലയോ എന്നത്.

ഇതിന് പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. എന്നിരുന്നാലും ബഹുഭൂരിപക്ഷം വരുന്നവരും ഇടിയും മിന്നലുമുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കുന്നവരാണ്. ഇതിനെ പറ്റി ശാസ്ത്രീയമായി യാതൊരു അറിവും ഇല്ലെങ്കിലും മിന്നലുള്ള സമയത്ത് വീടിന് ഉള്ളില്‍ ഇരുന്നു പോലും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് പലരുടെയും നിലപാട്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശം എന്താണെന്നും ഇടിമിന്നലുള്ള സമയത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാമോ എന്നും നോക്കാം.


എന്താണ് ഇടി, മിന്നല്‍?


മഴമേഘങ്ങള്‍ തമ്മില്‍ ഉരസുമ്ബോഴാണ് മിന്നലുണ്ടാകുന്നത്. അതിശക്തമായ ഊര്‍ജ്ജപ്രസരണമാണ് മിന്നല്‍. അതായത് ശക്തമായ വൈദ്യുത പ്രവാഹം. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന ശബ്ദമാണ് ഇടി എന്നത്. പ്രകാശത്തിന് ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് ആദ്യം മിന്നല്‍ കാണുകയും അതിനു ശേഷം ഇടിയുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത്. ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് ഒരോ തവണയും മിന്നലിന്റെ ഭാഗമായി ഉണ്ടാകുന്നത്. ഈ മിന്നല്‍ ഭൂമിയില്‍ വന്ന് സ്പര്‍ശിച്ച്‌ ശേഷം ഇതിലെ വൈദ്യുതി ന്യൂട്രലായി മാറി ഇല്ലാതാവുകയാണ് പതിവ്. ഇത്തരത്തില്‍ ഭൂമിയിലെത്തുന്ന മിന്നല്‍ ജീവജാലങ്ങള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ അപകടം ഉണ്ടാക്കാറുണ്ട്. അതു കൊണ്ടാണ് ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുത് എന്ന് പറയുന്നത്.


എന്തുകൊണ്ട് പലരും ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കുന്നു?


മൊബൈല്‍ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. അങ്ങനെ ചിന്തിക്കാന്‍ കാരണവുമുണ്ട്. മൊബൈല്‍ ഫോണില്‍ സിഗ്നലുകള്‍ എത്തുന്നത് തരംഗ രൂപത്തിലാണ്. നിരവധി ടവറുകളില്‍ നിന്ന് അന്തരീക്ഷത്തിലൂടെ യാത്ര ചെയ്താണ് ഈ തരംഗങ്ങള്‍ ഫോണിലേക്കെത്തുന്നത്. ഇടിമിന്നലുള്ള സമയത്ത് ഇതിലുള്ള അതിശക്തമായ വൈദ്യുതി ഈ തരംഗങ്ങളിലൂടെ ഫോണിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഫോണിലേക്ക് വൈദ്യുതി എത്തിയാല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമെന്നും അത് ഉപയോഗിക്കുന്ന ആളിനെ അപകടപ്പെടുത്തുകയും ചെയ്യും. അതിനാലാണ് പലരും ഇടിമിന്നലുള്ള സമയത്ത് ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കുന്നത്. എന്നാല്‍ ഇത് വെറും മിഥ്യാ ധാരണ മാത്രമാണ്.


എന്താണ് യാഥാര്‍ത്ഥ്യം?


മൊബൈല്‍ ഫോണില്‍ സിഗ്നലുകള്‍ക്കായി ഉപയോഗിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നല്‍ ഒരിക്കലും ഈ റേഡിയോ തരംഗങ്ങള്‍ വഴി മൊബൈലിലെത്തില്ല. ചുരുക്കി പറഞ്ഞാല്‍ മൊബൈല്‍ ഒരിക്കലും മിന്നലിനെ ആകര്‍ഷിക്കില്ല. ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോള്‍ വിളിക്കുകയോ, ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യാമെന്ന് സാരം. എന്നാല്‍ ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതു വഴി വൈദ്യുതി കടന്നു വരാന്‍ സാദ്ധ്യതയുണ്ട്.


ഇടിമിന്നലുള്ള സമയത്ത് ഫോണ്‍ അപകടം ഉണ്ടാക്കുന്നത് ഏത് സാഹചര്യത്തില്‍?


ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടമല്ല എന്ന് നേരത്തെ പറഞ്ഞു. എന്നിരുന്നാലും ഇടിമിന്നലുള്ള സമയത്ത് ഫോണ്‍ ഉപയോഗിച്ചുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഫോണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതല്ല.


ഇടിമിന്നലുള്ള സമയത്ത് ചാര്‍ജ് ചെയ്തുകൊണ്ട് ഫോണ്‍ ഉപയോഗിച്ചാല്‍ അത് അപകടത്തിന് കാരണമാകാം. ഇടിമിന്നല്‍ ഉള്ള സാഹചര്യത്തില്‍ എല്ലാ ഇലക്‌ട്രിക് ഉപകരണങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കണം. അല്ലാത്ത പക്ഷം വയറുകളിലൂടെ മിന്നലിലെ ഉയര്‍ന്ന വൈദ്യുതി പ്രവഹിച്ച്‌ അപകടം വരുത്തി വയ്ക്കാം.


അടുത്ത ഒരു സാഹചര്യം ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലത്തോ വീടിന് പുറത്തോ നിന്ന് ഫോണ്‍ ഉപയോഗിക്കുന്നതാണ്. ഈ സമയം പുറത്തു നില്‍ക്കുന്നത് ഒട്ടും ഉചിതമല്ല. ഇത് ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല. ഫോണ്‍ ഉപയോഗിക്കാതെയും മിന്നലുള്ള സമയത്ത് തുറന്ന പ്രദേശത്ത് നിന്നാല്‍ അപകടം ഉണ്ടാവും എന്നത് തീര്‍ച്ചയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad