Type Here to Get Search Results !

സായാഹ്ന വാർത്തകൾ

  


2022 | ഏപ്രിൽ 20 | ബുധൻ | 1197 | മേടം 7 | തൃക്കേട്ട


◼️സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വര്‍ധന സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും.  


◼️കെഎസ്ഇബിയിലെ അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്നും നടപടിക്രമങ്ങളും കീഴ്വഴ്ക്കങ്ങളും അനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തിയത്.


◼️പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പറിയിച്ച പി ജയരാജനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.


◼️മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനത്തെ പിന്തുണച്ച് ആനത്തലവട്ടം ആനന്ദന്‍. പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. അയോഗ്യത ഉണ്ടെങ്കില്‍ പാര്‍ട്ടി ശുപാര്‍ശ ചെയ്യില്ലായിരുന്നു. ഒരു വ്യക്തിക്കെതിരായ ശിക്ഷ എല്ലാകാലത്തേക്കും ഉള്ളതല്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.


◼️പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്‍. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. ഞാന്‍ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചത്. മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.


◼️ആര്‍ എസ് പി പുനര്‍വിചിന്തനം നടത്തണമെന്ന ഇപി ജയരാജന്റെ പ്രസ്താവന ഉണ്ടയില്ലാ വെടിയാണെന്ന് ആര്‍എസ്പി നേതാവ് എ എ അസീസ്. ആര്‍ എസ് പിയെ തകര്‍ത്ത് സി പി എമ്മിന്റെ അടിമയാക്കി കൊണ്ടുപോകാന്‍ ശ്രമിക്കേണ്ടെന്നും അതിനു വെച്ച വെള്ളം ജയരാജന്‍ വാങ്ങി വച്ചാല്‍ മതിയെന്നും അസീസ് പറഞ്ഞു.


◼️മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇപ്പോഴില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


◼️താമരശ്ശേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജ് എം. തോമസിനെതിരായി പാര്‍ട്ടി നടപടി ഉണ്ടാവുമെന്ന സൂചനയും കോടിയേരി നല്‍കി.


◼️പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ വൈരം മൂലമെന്ന് റിമാന്‍ഡ് റിപ്പാര്‍ട്ട്. അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


◼️പാലക്കാട്ടെ ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പ്രതികള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാവുമെന്നും വിജയ് സാഖറെ പറഞ്ഞു.


◼️നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് ബി രാമന്‍പിള്ള പ്രോസിക്യൂഷന്‍ സാക്ഷിയെ പഠിപ്പിക്കുന്നത്.


◼️കെ റെയില്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയര്‍ഡ് റെയില്‍വേ ചീഫ് എഞ്ചിനിയര്‍ അലോക് വര്‍മ്മ. മുഖ്യമന്ത്രിക്ക് പകരം സര്‍ക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെന്നാണ് പരാതി.


◼️മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധി. 123 കോടി രൂപ നിക്ഷേപമുള്ള ബാങ്കില്‍ ഇടപാടുകാര്‍ക്ക് പണം മടക്കിനല്‍കാന്‍ കഴിയുന്നില്ല. പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റര്‍ ചെയ്ത ബാങ്കിന്റെ അനുബന്ധ സ്ഥാപനം അമൃത ഗോതമ്പ് സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് കോടിക്കണക്കിന് രൂപ നല്‍കിയതാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.


◼️ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30ന് വൈകിട്ട് അഞ്ച് മണി വരെ നടത്താം. നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സെറ്റ് പാസ്സായാല്‍ ഹാജരാക്കണം.


◼️കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടപടി. ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയാണ് കെഎസ്ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം.


◼️കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.


◼️കോട്ടയം തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.


◼️പാലക്കാട് കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്.


◼️സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെന്നൈയില്‍ മലയാളി വീട്ടമ്മ മകനു വിഷം നല്‍കിയതിനുശേഷം ആത്മഹത്യ ചെയ്തു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ലതയും പതിനഞ്ചുകാരനായ മകന്‍ തവജുമാണ് മരിച്ചത്.  


◼️വിദേശ പൗരന്‍മാര്‍ക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി വരുന്നവര്‍ക്ക് വേണ്ടിയാണ് പ്രത്യേക വീസ കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധി നഗറില്‍ ആഗോള ആയുഷ് നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◼️രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ അറുപത് ശതമാനം അധികം കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.


◼️ഹനുമാന്‍ ജയന്തിക്കിടെ വര്‍ഗീയകലാപമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ബുള്‍ഡോസറുകളുമായി എത്തി. പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ സ്വീകരിച്ച ഹര്‍ജിയില്‍ അടിയന്തരമായി ഇടപെട്ട സുപ്രീം കോടതി പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാനും സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്നും ഉത്തരവിട്ടു. നാളെ ഈ ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.


◼️മൂന്ന് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടി തമിഴ്നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് ധനുഷ്‌കോടിയില്‍ എത്തിയത്. ഇതോടെ ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 42 ആയി.


◼️തമിഴ്നാട്ടില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിയും സര്‍ക്കാരും തമ്മിലുള്ള പോര് തെരുവിലെത്തി. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി സംസ്ഥാന മന്ത്രിമാര്‍ ബഹിഷ്‌കരിച്ചു. ഗവര്‍ണറുടെ പൊതുപരിപാടികളില്‍ ഡിഎംകെ പ്രവര്‍ത്തകരും സഖ്യകക്ഷികളും കരിങ്കൊടി പ്രതിഷേധവും തുടങ്ങി. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കാത്തതിനെച്ചൊല്ലിയാണ് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് കടുക്കുന്നത്.


◼️യുക്രൈന് കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുക്രെയ്ന് ആയുധം നല്‍കി സഹായിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷി രാജ്യങ്ങളുടെ തലവന്മാരോട് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മരിയോപോള്‍ വളഞ്ഞ റഷ്യന്‍ സേന, യുക്രെയ്ന്‍ സൈനികരോട് ആയുധംവച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോണ്‍ബാസ് പിടിക്കാനായി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. ക്രെമിന പട്ടണം പിടിച്ചെടുത്തു. ഹാര്‍ക്കീവില്‍ കനത്ത ഷെല്ലാക്രമണം തുടരുകയാണ്.


◼️ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകനുമായ കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം ചെയ്യുന്നത്.


◼️സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സെമി ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങുന്നു. മേഘാലയയാണ് എതിരാളി. ആറ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം.


◼️ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാക്കളായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സിന്റെ ഓഹരി വില്‍ക്കുന്നു. മൂലധനത്തിന്റെ 10 ശതമാനം അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അഫിലിയേറ്റിന് വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. ഏകദേശം 184 കോടി രൂപയുടെ ഇടപാടാണിത്. സ്വകാര്യ ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ 1,840 കോടി രൂപ മൂല്യമുള്ള ഓഹരി വില്‍പ്പനയ്ക്ക് ശേഷം ബാക്കിയുള്ള 90 ശതമാനം ഓഹരിയും എച്ച്ഡിഎഫ്സി കൈവശം വയ്ക്കുന്നത് തുടരും.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. 560 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4915 രൂപയാണ് ഇന്നത്തെ വിപണി വില. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4060 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വില 74 രൂപയായി.


◼️നസ്രിയ നായികയാകുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നസ്രിയ അടക്കമുള്ള താരങ്ങള്‍ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നദിയ മൊയ്തു തെലുങ്കില്‍ ഡബ്ബ് ചെയ്തതിരുന്നു.


◼️കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് 'സര്‍ക്കാരു വാരി പാട്ട'യാണ്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. 'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രത്തിലെ അവസാനത്തിന്റെ ഗാനത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. ബിഹൈന്‍ഡ് ദ സീന്‍ ഫോട്ടോകള്‍ വൈകാതെ പുറത്തുവിടുമെന്നും 'സര്‍ക്കാരു വാരി പാട്ട'യുടെ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യിലെ 'കലാവതി' എന്ന ഗാനം അടുത്തിടെ വന്‍ ഹിറ്റായിരുന്നു. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവര്‍ 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു.


◼️ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ഏകദേശം 1.18 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഇട്രോണ്‍ ആണ് താരം തന്റെ ഗാരേജില്‍ എത്തിച്ചത്. ഇട്രോണിനൊപ്പം നില്‍ക്കുന്ന ചിത്രവും മഹേഷ്ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഭാവിക്കായി ഏറെ ആവേശത്തോടെ ഔഡിയുടെ വാഹനം വീട്ടിലെത്തിച്ചു എന്ന കുറിപ്പോടെയാണ് ഔഡി ഇ-ട്രോണിനൊപ്പമുള്ള ചിത്രം മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.


◼️ഒരു സ്ഥലം ചരിത്രപരമായി ഉയര്‍ത്തുന്ന സംവാദങ്ങളുടെ സംഘര്‍ഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ ''കൈച്ചുമ്മ'' എന്ന നോവല്‍ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് 'തെക്കേപ്പുറം'. തുറമുഖനഗരമായിരുന്ന കോഴിക്കോടിന്റെ അറബ് വാണിജ്യ ബന്ധങ്ങള്‍ കൂടി ചേര്‍ന്നാണ് തെക്കേപ്പുറത്തിന്റെ സംസ്‌കാരഘടന നിര്‍ണയിക്കപ്പെട്ടത്. തെക്കേപ്പുറത്തെ തറവാടുകള്‍ക്കകത്തുള്ള പെണ്‍ജീവിതങ്ങളുടെ വിപരീത ദിശയിലുള്ള നോട്ടമാണ് ''കൈച്ചുമ്മ'' എന്ന നോവലിനെ വേറിട്ടതും മൗലികവുമാക്കുന്നത്. ഡിസി ബുക്സ്. വില 218 രൂപ.


◼️ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുന്നു. മാത്രമല്ല പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറിറ്റേറ്റഡ് ബവല്‍ സിന്‍ഡ്രോം (ഐബിഎസ്), മലബന്ധം, മുഖക്കുരു, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിക്കുന്നു. ഉച്ചയ്ക്ക് 30 മിനുട്ട് നേരം ഉറങ്ങണമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പകല്‍ സമയത്ത് മിതമായ വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഉച്ചയുറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. സ്ട്രെസ് ലെവല്‍ കുറയ്ക്കാനും ഉച്ചയുറക്കം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനില്‍ നടന്ന പഠനം അവകാശപ്പെടുന്നു. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. മധ്യവയസ്‌കരായ നാനൂറോളം പേരെയാണ് ഗവേഷകര്‍ പഠന വിധേയരാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു ഈ സംഘത്തില്‍. താരതമ്യേന ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. ഇവരുടെ ജീവിതരീതിയും പ്രമേഹവും രക്തസമ്മര്‍ദവും ശരീരഭാരവുമൊക്കെ കൃത്യമായി നിരീക്ഷണത്തിനു വിധേയമാക്കി. ഇവരുടെ പ്രായവും പുകവലിയും ഉപ്പ്, മദ്യം തുടങ്ങിയവയുടെ ഉപയോഗവും വ്യായാമവും എല്ലാം ഇതില്‍ പരിഗണിച്ചിരുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.45, പൗണ്ട് - 99.44, യൂറോ - 82.66, സ്വിസ് ഫ്രാങ്ക് - 80.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.76, ബഹറിന്‍ ദിനാര്‍ - 202.83, കുവൈത്ത് ദിനാര്‍ -250.22, ഒമാനി റിയാല്‍ - 198.86, സൗദി റിയാല്‍ - 20.39, യു.എ.ഇ ദിര്‍ഹം - 20.82, ഖത്തര്‍ റിയാല്‍ - 21.00, കനേഡിയന്‍ ഡോളര്‍ - 60.82.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad