Type Here to Get Search Results !

ഏകീകൃത സിവില്‍കോഡ് ഉടന്‍; നടപടികളിലേക്ക് കടന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍



ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


ഏക സിവില്‍കോഡിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍വന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.


ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാന്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നല്‍കിയതായി ധാമി ശനിയാഴ്ച പറഞ്ഞിരുന്നു. സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പദ്ധതികളെ നേരിടുന്നതിന് ഉത്തരാഖണ്ഡിലേക്ക് വരുന്ന ആളുകളുടെ പൂര്‍വ്വകാലം പരിശോധിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവില്‍ കോഡ് നടപ്പാക്കല്‍.


ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവപ്രസാദ് മൗര്യ പറഞ്ഞു.


ഇതിന്റെ ചുവടുപിടിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും തിങ്കളാഴ്ച പ്രസ്താവനയിറക്കി. ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു. ഹിമാചലില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യം തന്റെ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.


ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചു. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏക സിവില്‍ കോഡ് നടപ്പാക്കല്‍. ഇത് ഉടന്‍ തന്നെ നടപ്പിലാകുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു.


'സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള സമയമാണ്', അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഒരു പൈലറ്റ് പദ്ധതിയായി ഉത്തരാഖണ്ഡില്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എല്ലാം സമയത്തിന് നടക്കുമെന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.


ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad