Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയില്‍ മണ്ണെണ്ണ ലഭിക്കും. ലിറ്ററിന് പഴയ വിലയായ 53 രൂപയ്ക്ക് ഈ മാസം 16 വരെ മണ്ണെണ്ണ ലഭിക്കും. അതിന് ശേഷം വില 81 രൂപയാകും. എന്നാല്‍ മിക്ക റേഷന്‍ കടകളിലും മണ്ണെണ്ണ സ്റ്റോക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.


◼️തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ' ആണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് പത്തിനാണ് തൃശൂര്‍ പൂരം.


◼️ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അറസ്റ്റില്‍. തെളിവു നശിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നുവെന്ന് ആക്ഷേപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലിരിക്കേയാണ് അറസ്റ്റ്.


◼️ചാമ്പിക്കോ! സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഫോട്ടോ സെഷനില്‍ മൈക്കിളപ്പന്‍ റോളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോട്ടോ സെഷന്റെ വീഡിയോ വന്‍ തരംഗമായി. ഗ്രൂപ്പ് ഫോട്ടോയ്ക്ക് എല്ലാ നേതാക്കളും നിരന്നശേഷം ഒരറ്റത്തുനിന്ന് നടുവിലുള്ള കസേരയിലേക്കു നടന്നുവന്ന് ഇരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


◼️പാര്‍ട്ടിയില്‍നിന്നു പുറത്തു പോകുന്നവരെ കൊല്ലുന്ന സിപിഎമ്മുകാരാണ് കോണ്‍ഗ്രസുകാരോട് ജനാധിപത്യത്തെ കുറിച്ചു പറയുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കൊടിയേരി ബാലകൃഷ്ണന്‍ ചരിത്രം തമസ്‌ക്കരിക്കരുത്. വികസന സെമിനാറിന് പങ്കെടുത്തതിനാണ് കെ.ആര്‍. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. എംവി രാഘവനൊപ്പം ചായകുടിച്ചതിനാണ് പി ബാലനെ സിപിഎം പുറത്താക്കിയത്. വേണുഗോപാല്‍ പറഞ്ഞു.


◼️സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ്മൂലം നഷ്ടപ്പെട്ട രണ്ടുകൊല്ലമാണ് നീട്ടിക്കൊടുത്തത്. വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്നും 17 വര്‍ഷമായാണ് നീട്ടി നല്‍കിയത്.


◼️മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഇനിമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും. മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്‍ക്കുവരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്. വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിക്കുന്നത്.


◼️സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ജനവികാരം മാനിക്കുമെന്നാണു പ്രതീക്ഷയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.


◼️ജപ്തി വിഷയത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നാടകീയ രംഗങ്ങള്‍. ബാങ്ക് ജീവനക്കാര്‍ നല്‍കിയ പണം കൊണ്ട് അജേഷിന്റെ ലോണ്‍ അക്കൗണ്ട് ക്ലോസ് ചെയ്തെന്ന് അറിയിച്ച ബാങ്ക് അധികൃതര്‍ അജേഷിന്റെ കുടുംബം നിലപാടു കടുപ്പിച്ചതോടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ചെക്ക് വരവുവച്ച് വായ്പാ ബാധ്യത അവസാനിപ്പിച്ചു. തങ്ങളെ അവഹേളിച്ചിരുന്ന ജീവനക്കാരുടെ പണംകൊണ്ട് വായ്പ തിരിച്ചടയ്ക്കേണ്ടെന്ന് അജേഷിന്റെ കുടുംബം ബാങ്കില്‍ ഉറച്ച നിലപാടെടുത്തു. ഇതോടെ മാത്യു കുഴല്‍നാടന്‍ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് ബാങ്ക് സ്വീകരിക്കുകയായിരുന്നു.


◼️വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള കേസില്‍ ഷാഹിദ കമാലിന് അനുകൂല ഉത്തരവുമായി ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്നു തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത. പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.


◼️മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ താനല്ലെന്നു കെ.വി തോമസ് പറഞ്ഞു. ഇതിനുമുമ്പും നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചിനാണ് സെമിനാര്‍. കണ്ണൂരിലേക്ക് എപ്പോള്‍ പോകണമെന്നത് തീരുമാനിച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു.


◼️കെഎസ്ഇബിയിലെ യൂണിയനുകളുടെ നിര്‍ദേശമനുസരിച്ച് കെഎസ്ഇബിക്കു പ്രവര്‍ത്തിക്കാനാവില്ലെന്ന് ചെയര്‍മാന്‍ ബി അശോക്. സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു മാത്രമേ പറയുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◼️കെഎസ്ഇബിയിലെ ഇടതു സംഘടനയുടെ പ്രസിഡന്റായ എം.ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത ചെയര്‍മാന്‍ ബി അശോകിനെതിരെ വിമര്‍ശിച്ച് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്ഥാകാലമല്ല. തൊഴിലാളി യൂണിയനുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും എം എം മണി പറഞ്ഞു.


◼️കെഎസ്ഇബി വിവാദത്തില്‍ ചൊവ്വാഴ്ച തിരുവനന്തപരുത്ത് എത്തിയശേഷം ഇടപെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി ചെയര്‍മാന്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കും. കമ്പനി നടത്തികൊണ്ടുപോകേണ്ട ഉത്തരവാദിത്വം മാനേജ്മെന്റിനാണ്. നയപരമായ പ്രശ്നങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.


◼️തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചല്‍ മലവിളയില്‍ വീടിനുനേരെ ക്രിമിനല്‍ കേസ് പ്രതി ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. നിരവധി കേസില്‍ പ്രതിയായ അനീഷിനെ പൊലീസ് തെരയുന്നു.


◼️കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ ക്വട്ടേഷന്‍ സംഘം പിടിയില്‍. അജിത് ലിയോണ്‍ എന്ന ലഹരി വില്‍പ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണം നടത്തിയ അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.


◼️ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്.


◼️സില്‍വര്‍ലൈന്‍ പദ്ധതിയെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നതയില്ലെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഭിന്നതയെന്ന വാര്‍ത്തകള്‍ തെറ്റാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


◼️തിരുവനന്തപുരത്ത് സ്വകാര്യ ഗോഡൗണിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു ടണ്‍ റേഷനരി പൊലീസ് പിടികൂടി. തമിഴ്നാട്- കേരള അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലേക്കു കടത്താന്‍ ശ്രമിച്ച അരിയാണ് പാറശാല പൊലീസ് പിടികൂടിയത്. രണ്ടു വാഹനങ്ങളിലായി അരി കടത്തിയ കൊല്ലംങ്കോട് സ്വദേശി അജിന്‍, ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവരാണ് പിടിയിലായത്.


◼️വ്യാപാരിയെ ഭീഷണപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. മുപ്പതാം ഡിവിഷന്‍ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ടിബിന്‍ ദേവസി അടക്കം മൂന്നു പേരാണ് പിടിയിലായത്. കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കാസര്‍കോട് സ്വദേശിയാണ് പരാതിക്കാരന്‍. എന്നാല്‍, പരാതിക്കാരന്‍ 40 ലക്ഷം രൂപ തരാനുണ്ടെന്നാണ് പ്രതികള്‍ പറയുന്നത്.


◼️പാലക്കാട് - തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് പന്നിയങ്കര ടോള്‍ വരെ മാത്രം. ടോള്‍ പ്ലാസ കടക്കാന്‍ അമിത നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസുടമകള്‍ ഇങ്ങനെ സമരം നടത്തുന്നത്.


◼️കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍ ഈ മാസം 25 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭിക്കും.


◼️റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാലു ശതമാനമായി തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തി.


◼️മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതന്‍ ഭീഷണിപ്പെടുത്തി പ്രസംഗിച്ച വീഡിയോ സംബന്ധിച്ച് അന്വേഷണം. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയിലെ മുസ്ലീം പള്ളിക്കു പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതനാണ് ഇങ്ങനെ പ്രസംഗിച്ചത്.


◼️ജീവപര്യന്തം തടവുകാരനായ ഭര്‍ത്താവില്‍നിന്ന് കുഞ്ഞുവേണമെന്ന യുവതിയുടെ ആവശ്യത്തിന് അനുകൂല വിധി പ്രഖ്യാപിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഭര്‍ത്താവിന് കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചു. ജഡ്ജിമാരായ സന്ദീപ് മേത്ത, ഫര്‍ജന്ദ് അലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഭില്‍വാര ജില്ലക്കാരനായ നന്ദലാലിന് പരോള്‍ അനുവദിച്ചത്.

2019 ഫെബ്രുവരി 6 മുതല്‍ അജ്മീര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നന്ദലാല്‍ ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് വിവാഹിതനായത്.


◼️42,000 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച 108 ഗോത്രവര്‍ഗക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഓസ്ട്രേലിയയില്‍ പുനഃസംസ്‌കരിക്കും. 1974 ല്‍ കണ്ടെത്തിയ 'മുംഗോ മനുഷ്യ'രുടെ ഭൗതികാവശിഷ്ടങ്ങളാണ് പുനസംസ്‌കരിക്കുന്നത്. അവിശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഗവേഷണവും പഠനവുമെല്ലാം നടത്തിയിരുന്നു.


◼️സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും കോടീശ്വരന്മാര്‍ക്കുമാണ് പുതിയ നികുതി ബാധകമാകുക. ഇതേസമയം, രാജ്യത്ത് അവശ്യ മരുന്നിനു ക്ഷാമമായതോടെ ഗുരുതര രോഗികള്‍ ആശങ്കയിലാണ്.


◼️ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ചെലവെങ്കിലും വലിയ തോതില്‍ ഡിമാന്റ് വര്‍ധിച്ചതിനാല്‍ സേവന മേഖല പ്രവര്‍ത്തന മികവ് രേഖപ്പെടുത്തിയതായി സര്‍വെ റിപ്പോര്‍ട്ട്. മാര്‍ച്ചിലെ സര്‍വേ പ്രകാരം ഉയര്‍ന്ന നിരക്കില്‍ ചെലവ് എത്തിയെങ്കിലും ആവശ്യം കൂടുന്നത് മേഖലയ്ക്ക് ഗുണകരമായി. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ഫെബ്രുവരിയില്‍ 51.8 ആയിരുന്നത് മാര്‍ച്ചില്‍ 53.6 ആയി ഉയര്‍ന്നു. തുടച്ചയായ എട്ട് മാസവും സേവന മേഖല ഉത്പാദന ക്ഷമതയില്‍ വര്‍ധന രേഖപ്പെടുത്തി.


◼️വോള്‍മാര്‍ട്ട് പിന്തുണയുള്ള ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്. ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് എന്ന ആപ്പ് ആണ് ഈ രംഗത്തേക്ക് മത്സരിക്കാന്‍ ഫ്ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ആപ്പ് ഇപ്പോള്‍ തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ആകമാനം 20000 പിന്‍കോഡുകളില്‍ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകും. ആപ്പ് ഉടന്‍ തന്നെ ഐഒഎസിലും ലഭ്യമായിത്തുടങ്ങും. രാജ്യത്തെ വിവിധ ഭാഗങ്ങള്‍, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉള്ളിടങ്ങളിലേക്ക് ആരോഗ്യ സംരംക്ഷണ ഉപകരണങ്ങള്‍, മരുന്നുകള്‍, സേവനങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാനുള്ള ആപ്പാണ് ഇത്.


◼️തെലുങ്ക് യുവസൂപ്പര്‍ താരം നാഗ ചൈതന്യ തമിഴിലേക്ക്. പ്രശസ്ത തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം. തമിഴിലും തെലുങ്കിലുമായാണ് നാഗ ചൈതന്യ - വെങ്കട് പ്രഭു ചിത്രം ഒരുങ്ങുന്നത്. മങ്കാത്ത, മാനാട് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വെങ്കട് പ്രഭുവിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത പുതിയ ചിത്രമായ മന്മത ലീലൈ ചരിത്രവിജയം നേടുകയാണ്. വെങ്കട് പ്രഭുവിന്റെ 11-ാമത്തെ ചിത്രം കൂടിയാണ്. പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ചിത്രം ശ്രീനിവാസ ചിറ്റൂരി ആണ് നിര്‍മ്മിക്കുന്നത്. കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായ ഒരുക്കുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ അണിനിരക്കുന്നു.


◼️കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. അതിന്റെ കഥയോ തിരക്കഥയോ ഇതുവരെ ശരിയായിട്ടില്ലെന്നും അതിനാല്‍ നിലവില്‍ ആ പ്രോജക്ട് ചെയ്യുന്നില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്‍ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രമാണ്. ഭാവിയില്‍ എപ്പോഴെങ്കിലും നമ്മുക്ക് പൂര്‍ണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാല്‍ അത് നടന്നേക്കാം-വിജയ് ബാബു പറഞ്ഞു.


◼️ഈ ഏപ്രില്‍ 14 ന് സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കാന്‍ ജാപ്പനീസ് ഹോണ്ട ഒരുങ്ങുകയാണ്. മൈല്‍ഡ് ഹൈബ്രിഡ് ആയ മാരുതി സിയാസില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ 'ശക്തമായ ഹൈബ്രിഡ്' ആയിരിക്കും സിറ്റി ഹൈബ്രിഡ് എന്നാണ് റിപ്പോര്‍ട്ട്. പുതിയ സിറ്റി ഹൈബ്രിഡിന് 16 ലക്ഷത്തിന് മുകളില്‍ വില പ്രതീക്ഷിക്കുന്നു. ഇത് സ്‌കോഡ സ്ലാവിയ 1.5 ടിഎസ്‌ഐയ്‌ക്കെതിരെ വിപണിയില്‍ മത്സരിക്കും. ഡീലര്‍മാര്‍ അനൗദ്യോഗികമായി ഈ വാഹനത്തിനുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. വാഹനം മെയ് മാസത്തില്‍ വില്‍പ്പനയ്ക്ക് എത്തും.


◼️മലയാളത്തിലെ ദസ്തയേവ്സ്‌കി പഠനങ്ങളിലെ ഉയര്‍ന്ന ശിരസ്സാണ് പി.കെ. രാജശേഖരന്റെ ഈ ഗ്രന്ഥം. ദസ്തയേവ്സ്‌കിയെ ഒരു രചയിതാവ് എന്നതിനപ്പുറം ഭാവനാബന്ധങ്ങള്‍, പരിഭാഷകള്‍, സിദ്ധാന്തവിചാരങ്ങള്‍ എന്നിങ്ങനെ പല രൂപത്തില്‍ തുടര്‍ജീവിതം കൈവന്ന ഒരു വിപുലപാരമ്പര്യമായി പരിഗണിക്കുകയാണ് രാജശേഖരന്‍ ചെയ്യുന്നത്. ദസ്തയേവ്സ്‌കിയുടെ കൃതികളിലൂടെയും പരിഭാഷാ ചരിത്രത്തിലൂടെയും ഒരു നിരൂപകന്‍ നടത്തുന്ന സര്‍ഗ്ഗാത്മകസഞ്ചാരം. 'ദസ്തയേവ്‌സ്‌കി: ഭൂതാവിഷ്ടന്റെ ഛായാപടം'. മാതൃഭൂമി. വില 200 രൂപ.


◼️വന്‍കുടല്‍ അര്‍ബുദം എന്നാല്‍ അസാധാരണ കോശങ്ങളുടെ അമിതവളര്‍ച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കോളോറക്ടല്‍ ക്യാന്‍സര്‍ മുമ്പ് വികസിത രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവന്നിരുന്നത്. കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു. വന്‍കുടല്‍ അര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെയാണ് കണ്ടുവരുന്നതെങ്കിലും മലാശയ അര്‍ബുദം പുരുഷന്മാരിലാണ് കൂടുതല്‍. ഇന്ത്യയില്‍ വന്‍കുടല്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുവരുന്നതായി പഠനം. മലബന്ധം, മലദ്വാരത്തില്‍ കൂടെയുള്ള രക്തസ്രാവം, മലത്തിന്റെ കൂടെ ചുവന്ന നിറത്തിലോ അല്ലെങ്കില്‍ കറുപ്പ് നിറത്തിലോ രക്തം പോകുന്നത്, അമിതമായ ക്ഷീണം, വിളര്‍ച്ച, വയറുവേദന, ഛര്‍ദില്‍ ഇവയെല്ലാം വന്‍കുടല്‍ അര്‍ബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നതാണ് ഈ ക്യാന്‍സര്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. അമിതഭാരമോ പൊണ്ണത്തടിയോ വന്‍കുടലിലെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ വികസിപ്പിക്കാനുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക, നാരുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍. നേരത്തെ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ തടയാന്‍ പറ്റുന്നതാണ് ഈ ക്യാന്‍സറും. കുടുംബത്തില്‍ ഈ രോഗമുള്ളവര്‍ നേരത്തെ സ്‌ക്രീനിങ് പരിശോധനകള്‍ നടത്തേണ്ടതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad