Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കണം. താന്‍ പോകുന്നത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം.കെ. സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണെന്നും കെ.വി. തോമസ് പറഞ്ഞു.


◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നുവെങ്കിലും താന്‍ പാര്‍ട്ടിക്കകത്തു തന്നെയാണെന്ന് കെ വി തോമസ്. എഐസിസി അംഗമായ എന്നെ പുറത്താക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കള്‍ക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. അപമാനിക്കാവുന്നതിന്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാന്‍ വയ്യ. 2018 ന് ശേഷം രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവാദം കിട്ടിയില്ലെന്നും തോമസ് പറഞ്ഞു.


◼️എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഫ. കെ.വി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോട് ആവശ്യപ്പെടും. സുധാകരന്‍ പറഞ്ഞു.


◼️എറണാകുളം അങ്കമാലിയില്‍ കെ റെയില്‍ പദ്ധതിക്കായി സര്‍വേക്കല്ലു സ്ഥാപിച്ച സ്ഥലങ്ങളുടെ ഉടമകള്‍ക്ക് ബാങ്കുകള്‍ വായ്പ നിഷേധിച്ചു. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമേ ലോണ്‍ നല്‍കുവെന്ന് ബാങ്കുകള്‍ അറിയിച്ചതോടെ നിരവധിപേരാണ് വെട്ടിലായത്. അനുമതി പത്രം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.


◼️പാചകവാതക -ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം എം ഹസന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.


◼️നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.  


◼️മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നാളെ വിധി പറയും. പുതിയ മേല്‍നോട്ടസമിതി വരുന്നത് വരെ തത്കാലം നിലവിലുള്ള സമിതി തുടരട്ടെയെന്ന് സുപ്രീംകോടതി കേരളത്തോട് നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കണം മേല്‍നോട്ട സമിതിയുടെ ചെയര്‍മാനെന്ന് കേരളം ആവശ്യപ്പെട്ടു. അതേസമയം പുതിയ മേല്‍നോട്ടസമിതിയെ നിയമിക്കണമെന്ന സുപ്രീംകോടതിയിലെ കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. ഡാം സുരക്ഷ അതോറിറ്റിയുടെ നിയമപ്രകാരമുള്ള ചുമതലകള്‍ മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി വിധിച്ചേക്കും.


◼️വായ്പയും നിക്ഷേപവും ഇല്ലാതെ കേരളത്തിനു മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസന മാതൃക അനുഭവങ്ങളുടെ പശ്ചാത്തലത്തിലെന്ന് അദ്ദേഹം വിശദീകരിച്ചു.


◼️ഫോറന്‍സിക് ലാബുകളില്‍ പോലീസ് തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളുപ്പെടുത്തല്‍ പൊലീസിലും അഭിഭാഷകര്‍ക്കിടയിലും വിവാദമായി. ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍നിന്ന് ഫോറന്‍സിക് ലാബിനെ മാറ്റണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.


◼️ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വെന്റിലേറ്റര്‍ സംവിധാനത്തില്‍നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റി. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് നടന്‍ ചികിത്സയില്‍ കഴിയുന്നത്.


◼️ഭീമമായ ടോള്‍ പിരിവിനെതിരേ പാലക്കാട് -തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം.


◼️ഓഫീസിലെ അന്തരീക്ഷം മോശമാണെന്ന് ജീവനൊടുക്കും മുമ്പ് മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി സിന്ധു ആര്‍ടിഒയ്ക്കു പരാതി നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുന്‍പാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടത്. ഓഫീസില്‍ ഗ്രൂപ്പിസമുണ്ട്, സുഖമായി ജോലി ചെയ്യാനാകുന്നില്ലെന്നാണ് ഇവര്‍ ആര്‍ടിഒയോട് പറഞ്ഞത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍ടിഒ വിശദീകരിച്ചത്.


◼️പിഎസ്സി തട്ടിപ്പ് കേസിലെ പ്രതിയായ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്. എസ്എഫ്ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചത് ഗോകുലാണെന്നാണു കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടര വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം നല്‍കാനുള്ള ക്രൈംബ്രാഞ്ചിന്റെ നടപടി. പിഎസ്സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഹൈടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കളാണ് സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.


◼️നിയമസഭാ സ്പീക്കര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം ബി രാജേഷ്. ലോക്സഭാ സ്പീക്കര്‍മാരടക്കം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്പീക്കറായി തുടരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ്. അദ്ദേഹം പറഞ്ഞു.


◼️പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സെമിനാറില്‍ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. പങ്കെടുത്താല്‍ പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എഐസിസി അധ്യക്ഷ സോണിയാഗാന്ധിയും വിലക്കിയിട്ടുണ്ട്.


◼️കെ.വി തോമസിന്റേത് സ്വാഗതാര്‍ഹമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം രാജിവച്ച് വന്നാല്‍ സ്വീകരിക്കും. നേരത്തെയും പല കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. അവരാരും വഴിയാധാരമായിട്ടില്ലെന്നു കോടിയേരി.


◼️സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി തോമസിന്റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി.സി ചാക്കോ. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് സങ്കുചിത കാഴ്ചപ്പാടാണ്. ചാക്കോ പറഞ്ഞു.


◼️കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പേടിച്ച് കോര്‍പ്പറേഷനില്‍ പോകുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിയമപരമായി നേരിടുമെന്ന് മേയര്‍ വര്‍ഗീസ് പറഞ്ഞു. അറസ്റ്റ് ഭയക്കുന്നില്ല. കൗണ്‍സില്‍ ഹാളില്‍ പെട്രോളുമായി വന്ന് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.


◼️ബിജെപി പതാക തലതിരിച്ച് ഉയര്‍ത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തിലാണ് അബദ്ധം പിണഞ്ഞത്. ചെന്നൈയിലെ ത്യാഗരാജ നഗറിലെ ഓഫീസിലാണ് ഖുശ്ബു പതാക ഉയര്‍ത്തിയത്.


◼️ട്രാഫിക് നിയമം ലംഘിച്ച നടന്‍ അല്ലു അര്‍ജുന് ഹൈദരാബാദ് പൊലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിന് 700 രൂപ പിഴ ചുമത്തി. ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


◼️ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസായിരുന്നു. സംസ്‌കാരം ഇന്ന് തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍.


◼️യുകെയിന് നാറ്റോ സൈനിക സഖ്യാംഗമായ ചെക്ക് റിപ്പബ്ലിക്ക് കവചിത വാഹനങ്ങളും ടി 72 ടാങ്കുകളും നല്‍കി. യുക്രൈന് ആയുധം നല്‍കിയാല്‍ നാറ്റോ രാജ്യങ്ങളെ അക്രമിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു.


◼️പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തെറ്റാണെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ അറിയിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് എതിരായ ഹര്‍ജികളില്‍ വാദം തുടരുകയാണ്.


◼️രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വഴികള്‍ നിര്‍ദേശിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് . മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ കുമാരസ്വാമിയാണ് സമിതിയുടെ തലവന്‍. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സമിതിയാവും ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ഇനി ചര്‍ച്ച നടത്തുക.


◼️രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്. 20 രൂപ ഉയര്‍ന്ന് 4800 രൂപയാണ് ഇന്ന് വില. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38240 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു.


◼️2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ഡെച്ചെ ബാങ്കാണ് നിര്‍ണായക പ്രവചനം നടത്തിയിരിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് യുഎസ് പണപ്പെരുപ്പമെത്തുമെന്നും പ്രവചനമുണ്ട്. ഇതിനൊപ്പം യുഎസില്‍ തൊഴിലില്ലായ്മ നിരക്കും ഉയരുമെന്ന് പ്രവചനമുണ്ട്. 3.6 ശതമാനത്തില്‍ നിന്നും തൊഴിലില്ലായ്മ നിരക്ക് 2024ല്‍ 4.9 ശതമാനം വരെ ഉയരുമെന്നാണ് ആശങ്ക.


◼️കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിബിഐയുടെ അഞ്ചാം ഭാഗം ടീസറിന് വന്‍ സ്വീകാര്യത. അയ്യരുടെ അഞ്ചാം വരവ് കളറാക്കും എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ടീസര്‍. 2. 8 മില്യണ്‍ കാഴ്ചക്കാരാണ് ഇതുവരെ ടീസറിന് ലഭിച്ചിരിക്കുന്നത്. കൂടാതെ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്തുമാണ് ടീസര്‍. ടീസര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകള്‍.


◼️ഹാസ്യ നടന്‍ നിര്‍മല്‍ പാലാഴി തമിഴിലേക്ക്. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന 'പേപ്പര്‍ റോക്കറ്റ്' എന്ന വെബ്‌സീരീസിലൂടെയാണ് നിര്‍മല്‍ പാലാഴി തമിഴിലേക്ക് എത്തുന്നത്. തമിഴ് നടന്‍ ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് സംവിധായിക കൃതിക ഉദയനിധി. കാളിദാസ് ജയറാമാണ് സീരീസില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നിര്‍മല്‍ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.


◼️സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മാരുതി സുസുക്കി ജനപ്രിയ മോഡലായ ഇക്കോയുടെ 20,000 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. വീല്‍ റിം സൈസിന്റെ നിര്‍മ്മാണത്തിലെ പിഴവ് പരിഹരിക്കുന്നതിനായി ഏകദേശം 20,000 യൂണിറ്റ് മാരുതി ഇക്കോ വാനുകള്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടെന്ന് മാരുതി സുസുക്കി അറിയിച്ചു. സാധാരണ പരിശോധനയ്ക്കിടെ, ബാധിത യൂണിറ്റുകളില്‍ തെറ്റായ വീല്‍ റിം സൈസ് അടയാളപ്പെടുത്തിയിരിക്കാമെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 2021 ജൂലൈ 19 നും ഒക്ടോബര്‍ 5 നും ഇടയില്‍ നിര്‍മ്മിച്ച മാരുതി സുസുക്കി ഇക്കോ യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.


◼️ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ സമഗ്രദര്‍ശനത്തിനും അപഗ്രഥന പാടവത്തിനും ദൃഷ്ടാന്തങ്ങളായ പഠനലേഖനങ്ങള്‍. രാമായണവുമായി ബന്ധപ്പെട്ട് പുതിയ കാഴ്ചപ്പാടുകളുടെ ഒരു ആശയലോകം ഈ കൃതിയില്‍ കാണാം. രാമായണസംബന്ധിയായ പതിനഞ്ച് സൂക്ഷ്മപഠനങ്ങളുടെ സമാഹാരം. 'രാമായണദര്‍ശനം'. മാതൃഭൂമി. വില 168 രൂപ.


◼️അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി കാര്യമായി ചിന്തിക്കേണ്ടതുണ്ട്. പല്ലിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഇനാമല്‍ ഇല്ലാതായിപ്പോകുന്നതാണ് പ്രധാനമായും പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ ഇനാമലിനെ പെട്ടെന്ന് തന്നെ നശിപ്പിക്കും. ഫ്രിഡ്ജില്‍ വച്ച് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാനീയങ്ങള്‍ അപ്പാടെ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാനും, പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം അടക്കമുള്ള രോഗങ്ങള്‍ പിടിപെടാനുമെല്ലാം ഇത് കാരണമാകാം. പൊതുവില്‍ 'സെന്‍സിറ്റീവ്' ആയ പല്ലുകളുള്ളവരാണെങ്കില്‍ അവര്‍ക്ക് അമിതമായി ചൂടുള്ള പാനീയങ്ങള്‍ പെട്ടെന്ന് തന്നെ പ്രശ്‌നം സൃഷ്ടിക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം ഇത് കാരണമാകും. പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്ന് മധുരപലഹാരങ്ങളാണ്. മിഠായികള്‍, കേക്ക്, ബേക്കറികള്‍ പോലുള്ള പലഹാരങ്ങള്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും 'സെന്‍സിറ്റീവ്' പല്ലുകളുള്ളവരെ ബാധിക്കും. അതിനാല്‍ മധുരപലഹാരങ്ങളുടെ ഉപയോഗം എപ്പോഴും മിതപ്പെടുത്തുക. ആസിഡ് അംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങളും പരമാവധി മിതപ്പെടുത്തുക. ഇവയും പല്ലിന് കാര്യമായ കേടുപാടുകളുണ്ടാക്കും. ഇനാമലിന് തന്നെയാണ് ഇവ പ്രധാനമായും പ്രശ്‌നമുണ്ടാക്കുക. ശീതളപാനീയങ്ങളാണെങ്കിലും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.84, പൗണ്ട് - 99.37, യൂറോ - 82.66, സ്വിസ് ഫ്രാങ്ക് - 81.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.82, ബഹറിന്‍ ദിനാര്‍ - 201.17, കുവൈത്ത് ദിനാര്‍ -248.92, ഒമാനി റിയാല്‍ - 197.24, സൗദി റിയാല്‍ - 20.22, യു.എ.ഇ ദിര്‍ഹം - 20.65, ഖത്തര്‍ റിയാല്‍ - 20.83, കനേഡിയന്‍ ഡോളര്‍ - 60.49.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad