Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനെയുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ. ഇന്നു വൈകുന്നേരം സര്‍വകക്ഷി യോഗം നടക്കാനിരിക്കേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍വകക്ഷി യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സ്പീക്കര്‍ എം.ബി. രാജേഷും പങ്കെടുക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് പ്രതികള്‍. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.


◼️സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം നാളെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റി നിയമിക്കുന്ന കാര്യവും സിപിഎമ്മിന്റെ സജീവ പരിഗണനയിലാണ്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ. വിജയരാഘവനെ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത്.


◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്കു ശനിയാഴ്ച പോകുമെന്നാണു വിവരം.


◼️പാലക്കാട്ട് ആര്‍എസ്എസ് നേതാവ് ശ്രീനീവാസനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം ഉപയോഗിച്ച ബൈക്ക് രണ്ടു വര്‍ഷംമുമ്പ് ഭര്‍ത്താവ് ഏഴായിരം രൂപയ്ക്ക് പണയം വച്ചതാണെന്ന് ബൈക്കുടമയായ ചിറ്റൂര്‍ സ്വദേശിനി അനിത. ബൈക്ക് എങ്ങനെ കൊലയാളികളുടെ കയ്യിലെത്തിയെന്ന് അറിയില്ലെന്നും അനിത മൊഴി നല്‍കി.  


◼️കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ വൈദ്യുതി ഭവന്‍ വളയും. ആയിരം പേര്‍ പങ്കെടുക്കും. തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി നാളെ ചര്‍ച്ച നടത്തും. ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച ചെയ്ത് സമരം തീര്‍ക്കണോയെന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റാണെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍.


◼️കെഎസ്ആര്‍ടിസിയില്‍ ഇന്നും ശമ്പളമില്ല. നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡീസല്‍ വിലവര്‍ധനയിലൂടെ 40 കോടി രൂപയുടെ അധികച്ചെലവാണ് കഴിഞ്ഞമാസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.


◼️തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള അദാലത്ത് ആരംഭിച്ചു. അതതു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അദാലത്ത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയില്‍ അധികവും.


◼️രണ്ടു വര്‍ഗീയ സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടി കൊല്ലുന്നതില്‍ സര്‍ക്കാരിന് എന്തു കാര്യമെന്ന വിചിത്ര നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തില്‍ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


◼️ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.


◼️പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍നിന്നു മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നു. പിജെ കുര്യനും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നില്ല.


◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസ് മാധ്യമങ്ങള്‍ക്കു തെളിവുകള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ചുള്ള കോടതി അലക്ഷ്യ നടപടിയില്‍ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണം നല്‍കി. ബൈജു പൗലോസ് നല്‍കിയ വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമര്‍ശത്തെത്തുടര്‍ന്നാണ് എഡിജിപി വിശദീകരണം നല്‍കിയത്.


◼️വധഗൂഡാലോചനക്കേസിന്റെ അന്വേഷണ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ 21 നു ഹൈക്കോടതി തീര്‍പ്പു കല്‍പിച്ചേക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടക്കമുള്ള കേസുകളും 21 ന് പരിഗണിക്കും.


◼️ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ സംഘം ഇന്നു രാവിലെ ഏഴോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും നടത്തി.


◼️തൊടുപുഴയില്‍ പതിനേഴുകാരിയെ പതിനഞ്ച് പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സന്‍ എന്നിവരെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ദേഹാസ്വാസ്ഥ്യം വന്ന് ബോധരഹിതനായ ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അമ്മ അടക്കം എട്ടു പേരാണ് ഇതുവരെ അറസ്റ്റിലായത്.


◼️ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടില്‍ കടന്നുകയറി പണം കവര്‍ച്ച. കോട്ടയം കോതനെല്ലൂരില്‍ പ്ലാക്കുഴിയില്‍ ബേബി എന്നയാളുടെ വീട്ടില്‍നിന്ന് 31,000 രൂപയാണ് കവര്‍ന്നത്. ബേബിയുടെ അമ്മ മേരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം.


◼️വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്ത അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റിലായി. തൃശൂര്‍ അന്തിക്കാട് സ്വദേശി സുധീഷാണ് അറസ്റ്റിലായത്.


◼️കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്ന മരിയ ജയിംസിനെ സിറിയയില്‍ സിബിഐ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് സിബിഐ. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്നയെ കാണാതായത്.


◼️കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസ് പോലീസ് റദ്ദാക്കുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വധശ്രമക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.


◼️കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സക്കു പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം 13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ തീയതിയില്‍ പിശകുണ്ടായിരുന്നു. ഇതു തിരുത്തിയാണ് തുക അനുവദിച്ചത്.  


◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയായ എസ്ഡിപിഐ നേതാവിന്റെ വാഹനത്തിലാണെന്ന് ബിജെപിയുടെ ആരോപണം. താന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്നും എസ്ഡിപിഐയുമായി ബന്ധമില്ലെന്നും വാഹനത്തിന്റെ ഉടമ സിദ്ധിഖ്. സിപിഎം - എസ്ഡിപി ഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണിതെന്ന് ബിജെപി ആരോപിച്ചു. ആരോപണം സിപിഎം തള്ളി.


◼️മണ്ണെണ്ണ കിട്ടാനില്ല, വില നാലിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു. മല്‍സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലായി. കടലില്‍ മല്‍സ്യ ലഭ്യത കുറയുകയും ചെയ്തിരിക്കേ വള്ളങ്ങളും വലകളും വില്‍ക്കാനൊരുങ്ങുകയാണു മല്‍സ്യത്തൊഴിലാളികള്‍.


◼️സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയില്‍ സിനി (42)യാണ് മരിച്ചത്. ഭര്‍ത്താവ് കണ്ണമുണ്ടയില്‍ ബിനോയ് ജോസഫിനെ കസ്റ്റഡിയിലെടുത്തു.


◼️വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടില്‍ സ്വദേശിയായ മുരളിയാണ് മരിച്ചത്. കലുങ്കിന് മുകളില്‍ ഇരിക്കവെ താഴേയ്ക്കു വീഴുകയായിരുന്നുവെന്നാണു നിഗമനം.


◼️കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. കോഴിക്കോട് മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു-ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.


◼️കോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹംചെയ്ത ഷെജിനും ജെയ്സ്നയും ഡിവൈഎഫ്ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്ററിലെത്തി. ഇരുവരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമും ചേര്‍ന്ന് സ്വീകരിച്ചു.


◼️താമരശ്ശേരിയില്‍ ട്യൂഷന്‍ കഴിഞ്ഞ് റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ഓബ്രി എന്ന സ്ഥലത്തുനിന്നുള്ള 22 വയസുകാരന്‍ സല്‍മാനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.


◼️ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിഎഡ്, ബിഎസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24 വരെ നീട്ടി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.


◼️ലഖിംപൂര്‍ കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ കീഴടങ്ങാനും നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തി.


◼️മംഗളൂരുവില്‍ മല്‍സ്യസംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളാണു മരിച്ച അഞ്ചു പേരും.


◼️റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയം രാവിലെ ഒമ്പതു മുതലാക്കി. കോവിഡ് 19 മഹാമാരി ആരംഭിച്ചതിനുശേഷം രാവിലെ 10 മണിക്കാണ് മാര്‍ക്കറ്റുകള്‍ തുറന്നിരുന്നത്.


◼️മുംബൈയില്‍ ശിവസേന എംഎല്‍എയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. മങ്കേഷ് കുഡാല്‍ക്കറിന്റെ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുര്‍ള മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് മങ്കേഷ്.


◼️ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ - കൊല്‍ക്കത്ത പോരാട്ടം. വൈകീട്ട് ഏഴരക്കാണ് മത്സരം ആരംഭിക്കുക.


◼️തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ മുന്നേറ്റം. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 4985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണ വില. ഏഴാം തീയതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ 7 തവണയാണ് വില വര്‍ധിച്ചത്. ഈ ദിവസങ്ങളില്‍ പവന് 1600 രൂപയാണ് ഉയര്‍ന്നത്.


◼️സ്വിഗ്ഗിയുടെ നേതൃത്വത്തിലുള്ള സീരീസ്-ഡി റൗണ്ട് ഫണ്ടിംഗില്‍ 180 മില്യണ്‍ ഡോളര്‍ (1,370 കോടിയിലധികം രൂപ) സമാഹരിച്ചതായി ബൈക്ക് ടാക്സി പ്ലാറ്റ്‌ഫോമായ റാപിഡോ. നിലവിലെ നിക്ഷേപകരായ വെസ്റ്റ്ബ്രിഡ്ജ്, ഷെല്‍ വെഞ്ചേഴ്‌സ്, നെക്‌സസ് വെഞ്ച്വേഴ്‌സ് എന്നിവയ്‌ക്കൊപ്പം ടിവിഎസ് മോട്ടോര്‍ കമ്പനിയും നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തിരുന്നു. മൊത്തത്തിലുള്ള വിതരണം വര്‍ധിപ്പിക്കാനും, മെട്രോ നഗരങ്ങള്‍ക്കു പുറമേ ടയര്‍-1,2,3 നഗരങ്ങളിലേക്ക് കൂടി ഉപഭോക്തൃ അടിത്തറ വളര്‍ത്താനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റാപിഡോ വിവിധ നിക്ഷേപകരില്‍ നിന്ന് 130 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു. നിലവില്‍ 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളും, 1.5 ദശലക്ഷത്തിലധികം ഡ്രൈവര്‍മാരുമായി 100 നഗരങ്ങളില്‍ റാപിഡോ നിലവിലുണ്ട്.


◼️ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും ആന്‍ ശീതളും നായകനും നായികയുമായി അഭിനയിക്കുന്ന കുടുംബ-ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ..'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ട്ടൂണ്‍ ശൈലിയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരികേചര്‍ സ്‌കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ചുവന്ന ജീപ്പിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത രീതിയില്‍ ഓരോ കഥാപാത്രങ്ങളുടെയും സ്‌കെച്ചുകള്‍ വിന്യസിച്ചിരിക്കുന്നു. അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, ഷൈനി സാറ, സരസ ബാലുശ്ശേരി, സുനില്‍ സുഗത, ഉണ്ണിരാജ, രഞ്ജി കണ്‍കോല്‍, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


◼️നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പന്റെ' പുതിയ പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപിയുടെ പകുതി മറച്ച മുഖമാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'ഇനി ഉയര്‍ത്തെഴുന്നേല്പിന്റെ കാലം' എന്ന ടാഗോടെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരതന്നെയായിരുന്നു. ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. ചിത്രത്തില്‍ മുകേഷ്, ജോജു ജോര്‍ജ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.


◼️ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ ജനപ്രിയ മോഡലായ കോംപസ് എസ്യുവിയുടെ വില കമ്പനി വര്‍ദ്ധിപ്പിച്ചു. 2022-ല്‍ കാര്‍ നിര്‍മ്മാതാവ് ഈടാക്കുന്ന ആദ്യ വില വര്‍ദ്ധനയാണിത്. അടുത്തിടെ ലോഞ്ച് ചെയ്ത ട്രെയില്‍ഹോക്ക് ഉള്‍പ്പെടെ എല്ലാ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്കും 25,000 രൂപയുടെ ഏകീകൃത വര്‍ധനയാണ് ലഭിക്കുന്നത്. ജീപ്പ് കോംപസ് ഇപ്പോള്‍ 18.04 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. അതേസമയം, ടോപ്പ്-സ്പെക്ക് ട്രെയ്ല്‍ഹോക്കിന്റെ വില 30.97 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).


◼️ഹൃദയത്തിന്റെ പാതി തുറന്നിട്ട അറകളില്‍ പരുങ്ങി ചരിക്കുകയും ജീവിതത്തിന്റെ വിവിധ സമതലങ്ങളില്‍ ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്ന ഒരാളുടെ നോട്ടെഴുത്തുകളാണ് ഈ കഥകള്‍. 'സ്നോ മൗണ്ടിലെ പള്ളി മണികള്‍'. ഷാമില ഷൂജ. പേപ്പര്‍ പബ്ളിക്ക. വില 95 രൂപ.


◼️ഭക്ഷണക്രമം ഉള്‍പ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ ഹൃദ്രോഗം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യമുള്ള ഹൃദയത്തിന് സാച്ചുറേറ്റഡ് ഫാറ്റി ആസിഡും ട്രാന്‍സ്ഫാറ്റും അടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നുള്ള കാലറി 5-6 ശതമാനമായി കുറയ്ക്കണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിന് പകരം മോണോ സാച്ചുറേറ്റഡ് കൊഴുപ്പും പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും സമൃദ്ധമായി അടങ്ങിയ പഴമാണ് അവക്കാഡോ. അവക്കാഡോ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയപേശികള്‍ സംബന്ധമായതും ഹൃദയത്തിലെ രക്തക്കുഴലുകള്‍ സംബന്ധമായതുമായ രോഗങ്ങളുടെ സാധ്യത വലിയ അളവില്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ അവക്കാഡോ കഴിച്ചവരുടെ കോറോണറി വാസ്‌കുലര്‍ രോഗ സാധ്യത 16 ശതമാനവും കോറോണറി ഹാര്‍ട്ട് ഡിസീസ് സാധ്യത 21 ശതമാനവും കുറയ്ക്കാനായതായി പുതിയ പഠനത്തില്‍ കണ്ടെത്തി. മയോണിസ്, മാര്‍ഗറൈന്‍, ബട്ടര്‍, മുട്ട, യോഗര്‍ട്ട്, ചീസ്, സംസ്‌കരിച്ച മാംസം എന്നിവയുടെ അളവ് പകുതി കുറച്ച് അവയ്ക്ക് പകരം അതേ അളവില്‍ അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കോറോണറി ഹാര്‍ട്ട് രോഗസാധ്യത 19-31 ശതമാനം കുറയ്ക്കുമെന്നും ജേണല്‍ ഓഫ് ദ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അവക്കാഡോയില്‍ പ്രാഥമികമായി കാണുന്ന മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഒലീക് ആസിഡാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, നീര്‍ക്കെട്ട്, ഇന്‍സുലിന്‍ സംവേദനത്വം എന്നിവ കുറയ്ക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്ലാന്റ് സ്റ്റിറോളുകളും അവക്കാഡോയിലുണ്ട്. സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും സമൃദ്ധമായ സ്രോതസ്സാണ് അവക്കാഡോയെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.36, പൗണ്ട് - 99.34, യൂറോ - 82.41, സ്വിസ് ഫ്രാങ്ക് - 80.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.25, ബഹറിന്‍ ദിനാര്‍ - 200.78, കുവൈത്ത് ദിനാര്‍ -248.33, ഒമാനി റിയാല്‍ - 197.81, സൗദി റിയാല്‍ - 20.36, യു.എ.ഇ ദിര്‍ഹം - 20.79, ഖത്തര്‍ റിയാല്‍ - 20.97, കനേഡിയന്‍ ഡോളര്‍ - 60.86.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad