Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️സോളാര്‍ പീഡനക്കേസില്‍ തെളിവെടുപ്പുമായി സിബിഐ. പീഡനം നടന്നതായി പറയുന്ന എംഎല്‍എ ഹോസ്റ്റലില്‍ പരിശോധന നടത്തി. ഹൈബി ഈഡന്‍ എംപി, എംഎല്‍എ ആയിരുന്നപ്പോള്‍ താമസിച്ചിരുന്ന മുറിയില്‍ പരിശോധന നടത്തി. പരാതിക്കാരി സഹിതമാണ് സിബിഐ തെളിവെടുപ്പിനായി എത്തിയത്. ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ ഹൈബി താമസിച്ചിരുന്ന 34 ാം നമ്പര്‍ മുറിയിലാണ് പരിശോധന. ഇതേസമയം ഡല്‍ഹിയിലെ കേരള ഹൗസിലും സിബിഐ അന്വേഷണം നടത്തി. സംഭവം നടന്ന കാലത്ത് കേരള ഹൗസില്‍ ജോലി ചെയ്തിരുന്നവരുടെ മൊഴി രേഖപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാര്‍ക്കെതിരായ പീഡന പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെന്ന് സിബിഐ.


◼️കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടിക്കു മുന്നിലുള്ളത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ വഴികളാണ്. ചെറുത്തുനില്‍പു പോലും കടുത്ത പരീക്ഷണം നേരിടുകയാണ്. സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം പ്രധാനമാണ്. പാര്‍ട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയെ ശാക്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും സോണിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.


◼️കണ്ണൂര്‍ ചെങ്കടലാകുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു നാളെ തുടക്കം. സമ്മേളനത്തിനു മുന്നോടിയായി കൊടിമര ജാഥയും പതാകാ ജാഥയും ഇന്നു വൈകുന്നേരം പൊതുസമ്മേളന നഗരിയായ എകെജി നഗറില്‍ എത്തും. പത്താം തീയതിയാണ് സമ്മേളനം സമാപിക്കുക. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള സമ്മേളന പ്രതിനിധികള്‍ എത്തി. 815 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 


◼️കെഎസ്ഇബി ചെയര്‍മാനും ജീവനക്കാരുടെ സംഘടനയും തമ്മില്‍ പോര് തുടരുന്നതിനിടെ വൈദ്യുതി ഭവനു മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്റെ സത്യഗ്രഹം. സമരം തടയാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഒരു വശത്ത് തര്‍ക്കത്തെക്കുറിച്ചു പരാതി കിട്ടിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി കമ്പനി ആയതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


◼️നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനു പിറകേയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയില്‍ പറയുന്നു.


◼️സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ് ഈ വര്‍ഷംതന്നെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാര്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളില്‍ നടപ്പാക്കുന്ന 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് ഇന്‍ പോളിടെക്നിക്സ്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


◼️പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ റെയില്‍ ചര്‍ച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പാര്‍ട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കെ റെയില്‍ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണ്. പൊളിറ്റ്ബ്യുറോയില്‍ എത്താനുള്ള യോഗ്യത തനിക്കില്ലെന്നും പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


◼️തൃശൂര്‍ -പാലക്കാട് ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ട് സമരം നടത്തി. നാളെ മുതല്‍ ബസുടമകള്‍ ടോള്‍ പ്ലാസ വരെ മാത്രമേ സര്‍വീസ് നടത്തൂ. തൃശൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങളും പാലക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളും ടോള്‍ പ്ലാസ വരെ സര്‍വീസ് നടത്തും. 


◼️ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതുവരെ നിയമത്തിന്റെ പരിധിയിലുള്ള ചുമതലകള്‍ മുല്ലപ്പെരിയാല്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്നു സുപ്രീം കോടതി. അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷംകൂടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കേയാണ് ഈ നിലപാട്. 


◼️ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സുധാകരന്റെ ഫ്ളാറ്റിലായിരുന്നു കൂടിക്കാഴ്ച. ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം എല്ലാ പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. കെ സുധാകരന്‍ നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


◼️മദ്യാപനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. അടൂര്‍ പാണ്ടിയിലാണു സംഭവം. വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◼️കോഴിക്കോട് അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27) അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ തറവാട്ടുവീട്ടിലെ അടുക്കളയിലും വിജീഷിനെ വിറക്പുരയിലുമാണ് മരിച്ച നിലയില്‍ കണ്ടത്. 


◼️മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ അജേഷിന്റെ വായ്പയിലേക്ക് അടച്ച പണം തിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ എറണാകുളം ജില്ലാ സെക്രട്ടറി സി.പി അനില്‍. ബാങ്ക് ജീവനക്കാര്‍ സ്വരൂപിച്ച പണം അടച്ചതോടെ വായ്പയുടെ ഫയല്‍ ക്ലോസ് ചെയ്തു. അജേഷിന് യൂണിയന്റെ പണം വേണ്ടെങ്കില്‍ തുക യൂണിയന്‍ അക്കൗണ്ടിലേക്ക് അടയ്ക്കാമെന്നും അനില്‍ പറഞ്ഞു.


◼️സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നം തുറന്നുപറയാന്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഇന്റേണല്‍ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പാക്കാവുന്നതാണെന്നു നടിയും നിര്‍മ്മാതാവുമായ റിമ പറഞ്ഞു. റിജ്യണല്‍ ചലച്ചിത്ര മേളയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് റിമയുടെ പ്രതികരണം. 


◼️തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി. നാളെയും ഞായറാഴ്ചയും മൂന്നു ട്രെയിനുകളാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്സ്പ്രസ് ട്രെയിന്‍, 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍, 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയാണു റദ്ദാക്കിയ ട്രെയിനുകള്‍. 


◼️കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍. 


◼️കണ്ണൂര്‍ ജില്ലയില്‍ വീണ്ടും അക്രമങ്ങള്‍. ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. 


◼️ഭരണപരമായ കാര്യങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ചെന്ന് ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമര്‍ശനം. കോടതിയിലെ കേസുകള്‍, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് എഴുന്നൂറിലധികം കേസുകളുണ്ട്. 


◼️സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പിടിയിലായവരില്‍ അധികവും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്.  


◼️ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൈയില്‍ സുഹൃത്ത് കര്‍പ്പൂരം വച്ചു പൊള്ളിച്ചെന്നു പരാതി. തൃക്കാക്കരയില്‍ കൂടെ താമസിച്ചിരുന്ന മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ അര്‍പ്പിതക്കെതിരേയാണ് പരാതി. പൊലീസ് കേസെടുത്തു. 


◼️ഇന്ധന വില വര്‍ധനവിനെതിരേ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ഇന്ധന വില വര്‍ധനക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. രാജ്യസഭയിലും പ്രതിപക്ഷം ബഹളംവച്ചു. 


◼️പാക്കിസ്ഥാനില്‍ അനിശ്ചിതാവസ്ഥ നീളുന്നു. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ നിസാരമായി കാണാനാവില്ലെന്നാണു കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ പ്രാഥമിക വിലയിരുത്തല്‍. ബന്ധപ്പെട്ട എല്ലാവരുടേയും വാദം കേട്ടശേഷമേ വിധി പ്രസ്താവിക്കൂവെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി. 90 ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്താനാവില്ലെന്നും ആറു മാസത്തെ സാവകാശം വേണ്ടിവരുമെന്നും പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍. 


◼️ശ്രീലങ്കയില്‍ ഭരണമുന്നണിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടു. 41 എംപിമാര്‍ പിന്തുണ പിന്‍വലിച്ചു. കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ വേണം. ഇപ്പോള്‍ 105 പേരുടെ പിന്തുണയേയുള്ളൂ. ഇതോടെയാണ് പ്രതിപക്ഷത്തെക്കൂടി ഉള്‍പെടുത്തി സര്‍വകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രമമാരംഭിച്ചത്. പ്രസിഡന്റ് ഗോതബായയുടെ അനുജനായ മഹിന്ദയെത്തന്നെ പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്നു കൊണ്ടുപോകാനുള്ള നീക്കത്തെ പ്രതിപക്ഷം തള്ളിക്കളഞ്ഞു. 


◼️ശ്രീലങ്കയില്‍ ജനരോഷവും പ്രതിഷേധവും. മനഗോമ്പോ പട്ടണത്തില്‍ പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ വളഞ്ഞ് അക്രമാസക്തരായിരിക്കുകയാണു ജനങ്ങള്‍. രണ്ടു മുന്‍മന്ത്രിമാരുടെ വസതികള്‍ക്കു നേരെ ആക്രമണമുണ്ടായി. 


◼️ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്‌കൂളില്‍ 13 വിദ്യാര്‍ത്ഥികളെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്തോനേഷ്യന്‍ കോടതി അധ്യാപകന് വധശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ ജാവയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ ഹെറി വിരാവനെയാണ് വധശിക്ഷക്ക് വിധിച്ചത്. 


◼️ഉത്പാദകര്‍ക്കുള്ള പ്രകൃതിവാതക വില ഇരട്ടിയാകുന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ (11,500 കോടി രൂപ) കൂടുതല്‍ വരുമാനം ലഭിച്ചേക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ വാര്‍ഷിക വരുമാനത്തില്‍ 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 23,000 കോടി രൂപ) ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ എണ്ണ-പ്രകൃതിവാതക ഉല്‍പ്പാദകര്‍ക്ക് നല്‍കുന്ന പ്രകൃതിവാതക വില ഒരു മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 2.9 യുഎസ് ഡോളറില്‍ നിന്ന് 6.10 ഡോളറായി ഉയര്‍ത്തി. ആഴക്കടല്‍ ഖനനം പോലെയുള്ള കഠിനമായ മേഖലകളില്‍ നിന്നുള്ള ഉത്പാദത്തിന് വില 62 ശതമാനം ഉയര്‍ത്തി 9.92 ഡോളറായി. റിലയന്‍സിന്റെ ആഴക്കടലില്‍ നിന്നുള്ള വാതക ഉല്‍പ്പാദനം പ്രതിദിനം 18 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തോടെ ഇത് 27 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.


◼️ലോക കോടീശ്വരനും ടെസ്ലയുടെ സിഇഒയുമായ ഇലോണ്‍ മസ്‌കിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ 9.2 ശതമാനം ഓഹരികളുണ്ടെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന് മുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്ററിലെ ഓഹരികളെക്കുറിച്ചുള്ള മസ്‌കിന്റെ വെളിപ്പെടുത്തല്‍. റെഗുലേറ്ററി ഫയലിങ് പ്രകാരം മസ്‌കിന്റെ കൈവശം ഏകദേശം 7.34 കോടി ഓഹരികളാണുള്ളത്. ട്വിറ്റര്‍ സ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സിക്ക് 2.25 ശതമാനം ഓഹരി മാത്രമാണ് ട്വിറ്ററിലുള്ളത്. റെഗുലേറ്ററി ഫയലിങ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രീമാര്‍ക്കറ്റ് ട്രേഡിങ്ങില്‍ ട്വിറ്ററിന്റെ ഓഹരി വിലകള്‍ ഏകദേശം 26 ശതമാനമാണ് ഉയര്‍ന്നത്.


◼️വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. 'കുറുപ്പ്', 'എഫ്ഐആര്‍' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വന്‍ ഹിറ്റായിരുന്നു. 'വീരരാഘവന്‍' എന്ന സ്പൈ ഏജന്റ് ആണ് വിജയിയുടെ കഥാപാത്രം. എക്സ്പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും 'ബീസ്റ്റി'ന്റെ ട്രെയ്ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്. വിജയ് നായകനാകുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. സംവിധായകന്‍ ശെല്‍വരാഘവന്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.


◼️അമ്പത് പോസ്റ്ററുകള്‍ പുറത്തിറക്കി മലയാളത്തില്‍ ശ്രദ്ധനേടുകയാണ് 'സ്വപ്നസുന്ദരി' എന്ന ചിത്രം. ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ഈ ചിത്രം കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്നു. ഫെബ്രുവരി 13 മുതല്‍ തുടര്‍ച്ചയായി 50 ദിവസം പോസ്റ്ററുകള്‍ ഇറക്കുകയായിരുന്നു. ശിവജി ഗുരുവായൂരിന്റെ ക്യാരക്ടര്‍ പോസ്റ്റായിരുന്നു ആദ്യം പുറത്തിറക്കിയത്. ഏപ്രില്‍ 3ന് അമ്പതാമത്തെ പോസ്റ്ററായി ഡോ. ഷിനു ശ്യാമളന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിനുമുമ്പ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയത് ലൂസിഫര്‍ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു. 27 പോസ്റ്ററുകളാണ് ലൂസിഫര്‍ ടീം റിലീസ് ചെയ്തത്. 50ലേറെ കഥാപാത്രങ്ങള്‍ സ്വപ്നസുന്ദരിയിലുണ്ട്. ജനനേന്ദ്രിയം മുറിച്ച വാര്‍ത്തയിലൂടെ വിവാദ നായകനായ സ്വാമി ഗംഗേശാനന്ദ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സ്വപ്നനന്ദ എന്ന സ്വാമി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.


◼️ഇന്ത്യയില്‍ അവതരിപ്പിച്ച് കഷ്ടിച്ച് രണ്ട് മാസത്തിന് ശേഷം, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ കാരന്‍സ് എംപിവിയുടെ വില വര്‍ദ്ധിപ്പിച്ചു. വേരിയന്റുകളെ ആശ്രയിച്ച്, നിലവിലെ എക്സ്-ഷോറൂം വിലയേക്കാള്‍ 70,000 രൂപ വരെ കൂടുതലായിരിക്കും വാഹനത്തിന്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിവ ഉള്‍പ്പെടെ അഞ്ച് വേരിയന്റുകളില്‍ ആറ് സീറ്റുകളും ഏഴ് സീറ്റുകളുമുള്ള ലേഔട്ടുകളിലായി കിയ കാരന്‍സ് ലഭ്യമാണ്. ബുക്കിംഗ് ആരംഭിച്ച ജനുവരി പകുതി മുതല്‍ കാരെന്‍സിനായി 19,000 ബുക്കിംഗുകള്‍ ലഭിച്ചതായി കിയ വെളിപ്പെടുത്തി.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad