Type Here to Get Search Results !

തോറ്റു തോറ്റു തുന്നംപാടി; സണ്‍റൈസേഴ്‌സിനോടും കീഴടങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്



ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് 2022 സീസണില്‍ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തൊട്ടതെല്ലാം പിഴയ്ക്കുകയാണ്.

തുടര്‍ച്ചയായ നാലാം മത്സരത്തിലും കനത്ത പരാജയമേറ്റുവാങ്ങിയ അവര്‍ പോയിന്റ് പട്ടികയില്‍ താഴേക്കു വീണു. ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ടു വിക്കറ്റിനാണ് ചെന്നൈ കീഴടങ്ങിയത്.


മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 14 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി ലക്ഷ്യം കണ്ടു.


തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ ജയം അനായാസമാക്കിയത്. 50 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 75 റണ്‍സാണ് അഭിഷേക് നേടിയത്. അഭിഷേകിനു പുറമേ 40 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടിയ നായകന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്.


വിജയറണ്‍ കുറിക്കുമ്ബോള്‍ 15 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 39 റണ്‍സുമായി മറ്റൊരു യുവതാരം രാഹുല്‍ ത്രിപാഠിയും രണ്ടു പന്തില്‍ നിന്ന് ഒരു ഫോറോടെ അഞ്ചു

റണ്‍സുമായി മധ്യനിര താരം നിക്കോളാസ് പൂരനുമായിരുന്നു ക്രീസില്‍.


സീസണില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് തങ്ങളുടെ ആദ്യ ജയമാണ് അവര്‍ ഇന്നു കുറിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടു പോയിന്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്താനും അവര്‍ക്കായി. നാലാം തോല്‍വിയോടെ ചെന്നൈ ഒമ്ബതാം സ്ഥാനത്തേക്കും വീണു.


നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 35 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 48 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയും 27 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ മധ്യനിര താരം അമ്ബാട്ടി റായിഡുവും വാലറ്റത്ത് 15 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 23 റണ്‍സ് നേടിയ നായകന്‍ രവീന്ദ്ര ജഡേജയും മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.


ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പ(11 പന്തില്‍ 15), റുതുരാജ് ഗെയ്ക്ക്‌വാദ്(13 പന്തില്‍ 16), യുവതാരം ശിവം ദുബെ(3), മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി(3) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സണ്‍റൈസേഴ്‌സിനു വേണ്ടി നാലേവാറില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളുമായി ടി. നടരാജനും ഓരോ വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സെന്‍, എയ്ഡന്‍ മര്‍ക്രം എന്നിവരും ചെന്നൈയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Tags

Top Post Ad

Below Post Ad