Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️ഗുണ്ടാ നിയമം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്നു വൈകുന്നേരം നാലിനാണ് യോഗം. തിരുവനന്തപുരത്താണ് ഗുണ്ടാ ആക്രമണം കൂടുതല്‍. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം ഗുണ്ടാനിയമം നടപ്പാക്കുന്നത്. ഗുണ്ടകളെ പിടികൂടി കരുതല്‍ തടങ്കലില്‍ വയ്ക്കാനും നാടുകടത്താനുമുള്ള നിയമം വ്യാപകമായി നടപ്പാക്കാനാണു നിര്‍ദേശം. പലയിടത്തും പൊലീസ് റിപ്പോര്‍ട്ടു നല്‍കിയിട്ടും കളക്ടര്‍മാര്‍ അനുമതി നല്‍കിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.


◼️കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ ജീവനക്കാരുടെ സമരം ആരംഭിച്ചിരിക്കേ, തര്‍ക്കം പരിഹരിക്കാന്‍ സിപിഎം ഇടപെടുന്നു. മുന്‍ മന്ത്രി എ.കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ഇന്നു വൈകുന്നേരം പാലക്കാട്ട് ചര്‍ച്ച നടത്തും. ജീവനക്കാരെ ശത്രുക്കളാക്കി സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം എകെ ബാലന്‍ പ്രതികരിച്ചിരുന്നു.


◼️കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനു മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എം.ജി. സുരേഷ്‌കുമാറിന്റേയും സെക്രട്ടറി ബി. ഹരികുമാറിന്റേയും സസ്പെന്‍ഷന്‍ പിന്‍വിലക്കണമെന്നാണ് ആവശ്യം. നാളെ മറ്റു സംഘടനകളുടെകൂടി പിന്തുണയോടെ സമരസഹായ സമിതി രൂപീകരിച്ച് സമരം ശക്തമാക്കാനാണു തീരുമാനം.


◼️കെഎസ്ഇബിയുടെ നിലനില്‍പ്പ് നോക്കിയുള്ള ഒത്തുതീര്‍പ്പു മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സ്ഥാപനം നിലനിന്നാല്‍ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനില്‍പ്പുള്ളൂ. എകെ ബാലനുമായുള്ള കൂടിക്കാഴ്ച സാധാരണ നിലയിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവായ പ്രഫ. കെ.വി തോമസിന് എഐസിസി അച്ചടക്ക നടപടിക്കു നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എഐസിസി അച്ചടക്ക സമിതി ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും തോമസിന്റെ പ്രതികരണം. പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തനിക്കു പദവികള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.


◼️കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. ഇതിന് ഒരു ഇടനിലക്കാരന്‍ ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.


◼️തുടര്‍ച്ചയായ കൃഷിനാശവും സാമ്പത്തിക ബാധ്യതയും മൂലം തിരുവല്ലയില്‍ കര്‍ഷകന്‍ കൃഷിയിടത്തില്‍ ആത്മഹത്യ ചെയ്തു. നിരണം സ്വദേശി രാജീവാണ് (49) ആത്മഹത്യ ചെയ്തത്. കൃഷിക്കു രാജീവ് ബാങ്കുവായ്പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കടബാധ്യതയായി. കഴിഞ്ഞ തവണ നെല്‍കൃഷി നഷ്ടത്തിലായി. ഇക്കഴിഞ്ഞ ദിവസം വേനല്‍മഴയില്‍ എട്ട് ഏക്കര്‍ കൃഷി മുങ്ങിനശിച്ചു. ഇതോടെയാണ് ജീവനൊടുക്കിയത്.


◼️തിരുവല്ലയില്‍ കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കും. ഇതിനായി ഇന്‍ഷൂറന്‍സിലെ വ്യവസ്ഥ പുതുക്കും. മന്ത്രി ഉറപ്പുനല്‍കി.  


◼️തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആന പാപ്പാന്റെ ശരീരത്തിലേക്ക് തടി എടുത്തിടുകയായിരുന്നു. പുത്തന്‍കുളം സ്വദേശി സജീവന്റെ ആനയാണിത്.  


◼️വെണ്ണലയില്‍ വെളിയില്‍വീട്ടില്‍ മൂന്നു പേര്‍ ജീവനൊടുക്കിയ നിലയില്‍. പ്രശാന്ത്, രജിത എന്നിവരും മുത്തശിയുമാണ് മരിച്ചത്. ഇതോടെ രജിത- പ്രശാന്ത് ദമ്പതിമാരുടെ എട്ടും പന്ത്രണ്ടും വയസുള്ള മക്കള്‍ അനാഥരായി. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍നിന്ന് വ്യക്തമാണ്.


◼️കൊച്ചി കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ പനങ്ങാട് സ്വദേശി രഞ്ജിത്ത് മരിച്ച നിലയില്‍. മുഖത്ത് മര്‍ദനമേറ്റ അടയാളങ്ങളുണ്ട്. പരിസരത്തെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്.  


◼️തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിനു നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം 2020 ല്‍ നടത്തിയതിന് അമ്മയ്ക്കെതിരെ കേസെടുത്തിരുന്നു. ബാലവേല ചെയ്യിച്ചതിനുള്ള കേസ് തള്ളിപ്പോയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറുപേരാണ് ഇതുവരെ പിടിയിലായത്.


◼️ഗള്‍ഫിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതി ബെഗ്ളുരുവില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് തിരുവനന്തപുരം സ്വദേശി എം.കെ ബാബു രക്ഷപ്പെട്ടത്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ എക്സൈസ് സംഘം തിരച്ചില്‍ ആരംഭിച്ചു.


◼️മഡ് റെയ്സിങ്ങിനു ആറുവയസുകാരന് പരിശീലനം നല്‍കിയ അച്ഛന്‍ തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരേ കേസെടുത്തു. പാലക്കാട് കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്സിങ് പരിശീലനത്തിനാണ് കുട്ടിയെ അച്ഛന്‍ കൊണ്ടുവന്നത്. ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടി പങ്കെടുത്തത്.


◼️പരാതി നല്‍കിയിട്ടും കേസെടുക്കാതെ ഒത്തുതീര്‍പ്പിനു നിര്‍ബന്ധിച്ചെന്നു പൊലീസിനെതിരെ പരാതിയുമായി താമരശ്ശേരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ ഫിനിയ. ഭര്‍ത്താവ് ഷാജിക്കെതിരെ ഒരു വര്‍ഷംമുമ്പേ പരാതി നല്‍കിയിരുന്നു. തന്നെയും അമ്മയെയും ഷാജി നിരന്തരം മര്‍ദിക്കുന്നതിനെതിരേയായിരുന്നു പരാതി. ഫിനിയ പറഞ്ഞു.


◼️കൊട്ടാരക്കര മൈലത്ത് എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്കു പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ചരക്കുലോറിയിലെ സഹായി ചെങ്കോട്ട സ്വദേശി അറുമുഖ സ്വാമിയാണ് മരിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ അറുമുഖ സ്വാമിയെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.


◼️മേടമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പുലര്‍ച്ചെ മുതല്‍ പ്രേക്ഷകരെ കയറ്റിവിട്ടുതുടങ്ങി. വിഷുക്കണി ദര്‍ശനം 15 ന് പുലര്‍ച്ചെ ആരംഭിക്കും.


◼️മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി. അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ പൊലീസുകാരന്‍ മുബഷിറിനെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് പരാതിപെട്ടാണ് മുബഷിര്‍ സ്ഥലംവിട്ടത്.


◼️തൃശൂര്‍ - പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ് യാത്രക്കാരുടെ ബഹളം. ടോളിനായി തടഞ്ഞിട്ട ബസുകള്‍ യാത്രക്കാര്‍ ടോള്‍ ഗേറ്റുകള്‍ തുറന്ന് കടത്തിവിട്ടു. ചെറുക്കാന്‍ ശ്രമിച്ച ജീവനക്കാരുമായി അല്‍പസമയം സംഘര്‍ഷാവസ്ഥയുണ്ടായി.


◼️വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക്. വര്‍ക്കലയില്‍നിന്ന് കോയമ്പത്തൂരിലേയ്ക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ അഞ്ചു പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമായ വികസന പദ്ധതിയാണെന്ന് സിപിഎം ജനറല്‍ സെകട്ടറി സിതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് ഇടതു ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വര്‍ഗ ബഹുജന സംഘടനകള്‍ പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വര്‍ഗീയതയില്‍ മുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.


◼️ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


◼️രാജ്യസഭയിലെ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തെന്നാണ് കേസ്.


◼️എല്ലാവരും ഹിന്ദി സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കുന്നത് പിന്‍വലിക്കണമെന്ന് അസം സാഹിത്യ സഭയും മണിപ്പൂര്‍ ഭാഷാ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളും നേരത്തെ തന്നെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.


◼️വിവാഹാഘോഷം അതിരുവിട്ടതോടെ വെടിവയ്പിലും കൊലപാതകത്തിലും കലാശിച്ചു. രാജസ്ഥാനിലെ സികാറിലാണ് സംഭവം. വിവാഹാഘോഷം കൊഴുപ്പിക്കാന്‍ വെടിയുതിര്‍ത്തതോടെ വിവാഹ വീട് മരണവീടായി. വെടിവച്ച സുരേഷ് സെഗാദ് മരിക്കുകയും വരന്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് മരിച്ചയാളെന്ന് പോലീസ് പറഞ്ഞു.


◼️ചിപ്പുകളുടെ ക്ഷാമംമൂലം വാഹന നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നു. വാഹനങ്ങള്‍ ബുക്കു ചെയ്തവരുടെ കാത്തിരിപ്പ് കൂടുതല്‍ മാസങ്ങളിലേക്കു നീളുന്നു. മഹീന്ദ്ര ഥാര്‍, ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കിയുടെ ബലേനോ, എസ് ക്രോസ് തുടങ്ങിയ മോഡലുകളുടെ ചിപ്പുകള്‍ക്കാണു ക്ഷാമം.


◼️മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഭാരത്‌പേ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി. അടുത്ത 18-24 മാസത്തിനുള്ളില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഭാരത്പേ. അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഇടപാടുകള്‍, ഇടപാട് മൂല്യം, വായ്പകള്‍, വരുമാനം എന്നിങ്ങനെ എല്ലാ തലങ്ങളിലും ബിസിനസ്സ് 20 ശതമാനം ഉയര്‍ന്നു. ഇടപാട് മൂല്യം 2021-22 ല്‍ (ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2022 വരെ) 2.5 മടങ്ങ് വര്‍ധിച്ച് 16 ബില്യണ്‍ ഡോളറായി. പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ബിസിനസും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 മടങ്ങ് വര്‍ധിച്ചു.


◼️രാജ്യത്തിന്റെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 11.173 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 606.475 ബില്യണ്‍ ഡോളറിലാണ് കരുതല്‍ ശേഖരമുള്ളത്. എക്കാലത്തെയും ഉയര്‍ന്ന ഇടിവാണിത്. കഴിഞ്ഞ നാലാഴ്ചക്കിടെ ഏകദേശം 27 ബില്യണ്‍ ഡോളറാണ് ചോര്‍ന്നത്. വിദേശ നാണയ കരുതല്‍ ശേഖരത്തിന്റെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തിയിലാണ് വന്‍ ഇടിവ്. 2022 ഏപ്രില്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 10.727 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 539.727 ബില്യണ്‍ ഡോളറാണിപ്പോള്‍.


◼️മിന്നല്‍ മുരളി എന്ന സിനിമയിലുടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തില്‍ എത്തുന്നു. പ്രിയം, ഗോഡ്സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹയ'യിലാണ് താരം എത്തുന്നത്. 'ഹയ' ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രമാണ്. ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, അപര്‍ണാ ജനാര്‍ദ്ദനന്‍, ലയ സിംസണ്‍, ശ്രീജ അജിത്ത്, ഇന്ത്യയിലെ ആദ്യ വീല്‍ചെയര്‍ ടി വി ആങ്കറായ വീണ വേണുഗോപാല്‍, സനല്‍ കല്ലാട്ട് എന്നിവരാണ് മറ്റുള്ള അഭിനേതാക്കള്‍. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് ഭാരതിയാണ് തിരക്കഥ. മൈസൂര്‍, നിലമ്പൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.


◼️നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രില്‍ പതിമൂന്നിന് ആഗോള റിലീസാണ്. ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ചു ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് സണ്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ്യുടെ ഒരു കിടിലന്‍ സംഘട്ടന രംഗമാണ് ഈ പ്രമോ വീഡിയോയുടെ ഹൈലൈറ്റ്. പൂജ ഹെഗ്ഡെയാണ് ബീസ്റ്റിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തില്‍ സെല്‍വ രാഘവന്‍, പുകഴ്, യോഗി ബാബു, അങ്കുര്‍ വികല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉണ്ട്.


◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പന മൂന്നിരട്ടി വര്‍ധിച്ചു. ഓട്ടോമൊബൈല്‍ ഡീലര്‍ സംഘടന എഫ്എഡിഎ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഇലക്ട്രിക് വാഹന വില്‍പ്പന 4,29,217 യൂണിറ്റിലെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,34,821 യൂണിറ്റായിരുന്നു. ഇതില്‍ നിന്നും മൂന്നിരട്ടി വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഇവി വില്‍പ്പന 1,68,300 യൂണിറ്റായിരുന്നു.


◼️ചെറുതന ഗ്രാമത്തിന്റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. പൂനെയും മുംബൈയും ആഫ്രിക്കന്‍ രത്നവ്യാപാരത്തിന്റെ ഉള്‍ക്കാമ്പും പിന്നെ സ്വന്തം വേരുകള്‍ തേടി മോസ്‌കോയിലേക്കൊരു യാത്രയും. 'കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം'. സി.രവിറാം. ഗ്രീന്‍ ബുക്സ്. വില 271 രൂപ.


◼️മനുഷ്യ ചര്‍മ്മത്തിലെ പ്രായമാകല്‍ പ്രക്രിയ പിന്നോട്ടാക്കാന്‍ മാര്‍ഗം കണ്ടെത്തി ശാസ്ത്രജ്ഞര്‍. 53 വയസ്സുള്ള ഒരു സ്ത്രീയുടെ ചര്‍മ്മകോശങ്ങളെ 30 വയസ്സ് കുറച്ചെന്നാണ് കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മുന്‍ പഠനങ്ങളേക്കാള്‍ ഏറ്റവും ദൈര്‍ഘ്യം കൂടിയ കാലയളവ് പിന്നിലേക്കെത്തിക്കാന്‍ കഴിഞ്ഞെന്നതും നേട്ടമാണ്. ശരീരത്തിലെ മറ്റ് കോശങ്ങളെയും ഇങ്ങനെ മാറ്റാന്‍ കഴിയുമെന്നാണ് ശാസ്ത്രസംഘം അവകാശപ്പെടുന്നത്. 'പുനര്‍നിര്‍മ്മാണം നടത്താതെ തന്നെ പുനരുജ്ജീവിക്കുന്ന കോശങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. കൂടാതെ വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും,' എപ്പിജെനറ്റിക്സ് ഗവേഷണ പരിപാടിക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ വുള്‍ഫ് റെയ്ക് പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, നാഡീസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോളി ഇനത്തില്‍പ്പെട്ട ആടിനെ ക്ലോണ്‍ ചെയ്യാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ടെത്തലുകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. കൂടുതല്‍ ഗവേഷണം നടത്തിയാല്‍ ഇത് പുനരുല്‍പ്പാദന മരുന്നുകളില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.90, പൗണ്ട് - 98.87, യൂറോ - 82.79, സ്വിസ് ഫ്രാങ്ക് - 81.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.48, ബഹറിന്‍ ദിനാര്‍ - 201.34, കുവൈത്ത് ദിനാര്‍ -248.86, ഒമാനി റിയാല്‍ - 197.13, സൗദി റിയാല്‍ - 20.24, യു.എ.ഇ ദിര്‍ഹം - 20.67, ഖത്തര്‍ റിയാല്‍ - 20.85, കനേഡിയന്‍ ഡോളര്‍ - 60.23.

➖➖➖➖➖➖➖➖

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad