Type Here to Get Search Results !

ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കും..



പാലക്കാട് : സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകളുടെ വർധന ചർച്ചകളിലൂടെ പ്രാബല്യത്തിൽവരാൻ ഒരുങ്ങുകയാണ്. ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ വർധിക്കുന്നതോടെ യാത്രക്കാരിൽനിന്ന് അധികനിരക്ക് ഈടാക്കിയെന്ന പരാതിയുയരാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് പദ്ധതികൾ തയ്യാറാക്കുന്നു.


നിരക്ക് വർധിക്കുന്നതോടെ ഓട്ടോകളിൽ മീറ്റർ സ്ഥാപിച്ചിട്ടുണ്ടോയെന്നും മീറ്റർ നിരക്കിന് അനുസരിച്ചാണോ തുക വാങ്ങുന്നതെന്നും പരിശോധിക്കുമെന്ന് പാലക്കാട് ആർ.ടി.ഒ. അറിയിച്ചു. ബോധവത്കരണവും നടത്തും.


ഓട്ടോറിക്ഷകളിൽ മീറ്റർ വെക്കാതെ അധിക യാത്രാക്കൂലി വാങ്ങുന്നുവെന്ന പൊതുജനത്തിന്റെ പരാതികളെത്തുടർന്നാണ് ആർ.ടി.ഒ.യുടെ തീരുമാനം.

ഓട്ടോഡ്രൈവർമാർ മീറ്റർ പ്രവർത്തിപ്പിച്ച് നിയമാനുസൃതമായുള്ള കൂലി മാത്രമേ ഈടാക്കാവൂയെന്ന് നിയമം നിലവിലുള്ളപ്പോഴാണ് ഈ അവസ്ഥ. ഇതിന്റെ ആദ്യഘട്ടമായി മീറ്റർ സ്ഥാപിക്കുന്നതിന്റെയും നിയമങ്ങൾ പാലിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള ബോധവത്കരണം നൽകും.


*പരാതിക്ക് ഇടവരുത്തരുതെന്ന് മോട്ടോർവാഹന വകുപ്പ്...*


 കോവിഡ് കാലത്തെ പ്രത്യേക സാഹചര്യവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് മോട്ടോർ വാഹനവകുപ്പ് മീറ്റർ പരിശോധന കർശനമാക്കിയിരുന്നില്ല. ഓട്ടം ലഭിക്കാതെ ദുരിതത്തിലായ ഓട്ടോറിക്ഷാ തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്നുകരുതിയാണ് കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാൽ ഇതിന്റെ മറവിൽ ചിലർ കൂടുതൽ വാടക ഈടാക്കുന്നതായുള്ള പരാതികളും കേട്ടുതുടങ്ങി. ചാർജുവർധനയോടെ ഓട്ടോറിക്ഷാ ജീവനക്കാരുടെ പ്രശ്നങ്ങൾക്കും ചെറിയ ആശ്വാസമുണ്ടാകും. ഇതിനാൽ ജനങ്ങളെ, കൂടുതൽ ദുരിതത്തിലാക്കാത്തവിധം ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെടുന്നത്.


ഗുരുതര പരാതികൾ വന്നാൽ കർശനനടപടിയിലേക്ക് നീങ്ങും. ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാണ് വർധിക്കുക. കിലോമീറ്ററിന് 12 രൂപയിൽനിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. വെയിറ്റിങ്‌ ചാർജ്, രാത്രിയാത്ര എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ-ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad