Type Here to Get Search Results !

പ്രഭാത വാർത്തകൾ



BREAKING🅽🅴🆆🆂KERALA


◼️സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ, ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു. എല്ലാ തിരിച്ചടവുകളും നിര്‍ത്തിവക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതുമൂലം കൂടുതല്‍ വായ്പ ലഭിക്കാതാകും. ഇതേസമയം, പ്രസിഡന്റ് ഗോത്താബയ രാജപക്സെയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. സഹോദരനായ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കേ, സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പ്രസിഡന്റിന്റെ നിര്‍ദേശം പ്രതിപക്ഷം തള്ളി.


◼️വന്‍കിട പദ്ധതികളുടെ പ്രാരംഭ ഘട്ടത്തില്‍ നടത്തുന്ന പരിസ്ഥിതി ആഘാത പഠനത്തിനൊപ്പം പൊതുജനങ്ങളുടെ പരാതി കേള്‍ക്കേണ്ട കാര്യമില്ലെന്നു പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. വനം പരിസ്ഥിതി മന്ത്രാലയമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. ഇനി പബ്ലിക് ഹിയറിംഗ് ആവശ്യമില്ലെന്നാണ് പുതിയ വ്യവസ്ഥ.


◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഇല്ലായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ല. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും. പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.


◼️സമരം നടത്തുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതാക്കളെ അപ്രധാന കേന്ദ്രങ്ങളിലേക്കു സ്ഥലംമാറ്റി. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷന്‍ കോടതി ഉത്തരവനുസരിച്ച് പിന്‍വലിച്ചെങ്കിലും അവരെ പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷന്‍ അറിയിച്ചു.


◼️കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയു - എഐടിയുസി സംഘടനകള്‍ 28 നു സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിറകേയാണ് നടപടി.


◼️റീട്ടെയില്‍ കമ്പനികള്‍ക്കുളള നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് എണ്ണ കമ്പനികള്‍ കെ എസ് ആര്‍ ടി സിയില്‍നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്. സാധാരണ നിരക്കിനേക്കാള്‍ ലിറ്ററിന് ഇരുപത് രൂപ അധിക നിരക്കിനാണ് കെ എസ് ആര്‍ ടിസിക്ക് ഡീസല്‍ നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.


◼️സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായിരുന്ന എം ശിവശങ്കറിനെതിരേ കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ തുടരുന്നതിനാലാണ് വിആര്‍എസ് അപേക്ഷ തള്ളിയത്.


◼️എട്ടു കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാച്ചല്ലൂര്‍ വണ്ടിത്തടം സ്വദേശി സൈദലി (35) യെയാണ് കോവളം ആഴാകുളത്ത് പിടികൂടിയത്.


◼️പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം ആത്മഹത്യക്കു ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസിനെ വിളിച്ച് താനും മരിക്കുകയാണെന്ന് അറിയിച്ചിരുന്നു.


◼️കെഎസ്ആര്‍ടിസി പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് വിഭാഗത്തിലെ മൂന്നാമത്തെ ബസിനും അപകടം. കോട്ടയ്ക്കലിനടുത്ത് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയില്‍ തട്ടി ഇടതുവശത്തെ റിയര്‍വ്യൂ മിറര്‍ ഒടിഞ്ഞു. മുന്‍ വശത്തെ ഗ്ലാസിന്റെ ഇടതുമൂല പൊട്ടുകയും ചെയ്തു.


◼️കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍നിന്നു നീക്കം ചെയ്തു. ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.


◼️നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിനു ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കേ, കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം പാളി. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരോടു ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ എത്തിയില്ല. കാവ്യയെ ചോദ്യം ചെയ്യാനുള്ള ശ്രമം ഇന്നും തുടരും.


◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കി. എഡിജിപി ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് ചില ഫോണ്‍ സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്നും വ്യാജപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്.


◼️കോളജ് വിദ്യാര്‍ഥിനികളെ വശീകരിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും ഐഎസിലേക്കു റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞെന്ന് ആരോപിച്ച കോഴിക്കോട്ടെ സിപിഎം നേതാവ് ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണെന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപെടുത്തിയെന്നു പറഞ്ഞാണ് നോട്ടീസ്.


◼️സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 17 ന്. വിവിധ കാരണങ്ങളാല്‍ ഒഴിവു വന്ന സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നത്. വിജ്ഞാപനം 20 നു പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 27 ആയിരിക്കും.


◼️നാളെ വിഷു. പടക്കവും കണിവെള്ളരി അടക്കമുള്ള വിഷുക്കണി ഇനങ്ങളും പച്ചക്കറികളും വാങ്ങാന്‍ ഇന്നലെ വൈകുന്നേരം മുതല്‍ തിരക്ക്. നാളെയാണ് ദുഖവെള്ളി.


◼️തൃശൂര്‍ കൊടകരയ്ക്കു സമീപം ഗ്യാസ് ഏജന്‍സിയില്‍ വന്‍ സ്ഫോടനം. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.


◼️കോട്ടക്കലില്‍ ആറുമാസം പ്രായമായ സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി. ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പില്‍ അഫ്സലാണ് കുട്ടിയുമായി വീടിനു മുകളില്‍ കയറി കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണി മുഴക്കിയത്. അനുനയത്തിലൂടെ കുഞ്ഞിനെ വാങ്ങിയ ശേഷം പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി.


◼️കേന്ദ്രീയ വിദ്യാലയം പ്രവേശനത്തിന് എംപിമാര്‍ക്കു നല്‍കിയിരുന്ന ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. എംപിമാരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പ്രവേശനത്തിനുള്ള ക്വാട്ടയും റദ്ദാക്കി.


◼️തമിഴ്നാട്ടിലെ വിരുദുനഗറില്‍ ഇടിമിന്നലേറ്റ് നാല് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. മൂന്നു പുരുഷ തൊഴിലാളികളും ഒരു സത്രീയുമാണ് മരിച്ചത്. കറുപ്പുസ്വാമിനഗറില്‍ കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.


◼️അമേരിക്കയുമായി മനുഷ്യാവകാശ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാഷ്ട്രീയ പ്രതിരോധ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. ആളുകള്‍ക്ക് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നാല്‍ അഭിപ്രായം പറയുന്നവരുടെ താല്‍പര്യങ്ങളെക്കുറിച്ച് പറയാന്‍ ഇന്ത്യക്കും അവകാശമുണ്ട്. മന്ത്രി പറഞ്ഞു.


◼️നിയമം ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെക്കൊണ്ട് പൊലീസ് പിഴ അടപ്പിച്ചു. കൊവിഡ് പ്രതിരോധ നിയമം ലംഘിച്ചതിനാണ് പ്രധാനമന്ത്രിയില്‍നിന്ന് യു കെ പൊലീസ് പിഴ ഈടാക്കിയത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ധനകാര്യമന്ത്രി റിഷി സുനയില്‍നിന്നും പിഴ ഈടാക്കി.


◼️പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മോഷണക്കേസ്. അന്വേഷണവുമായി പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലകൂടിയ മാല രാജ്യത്തെ സമ്മാന ശേഖരത്തില്‍ നിക്ഷേപിക്കാതെ 18 കോടി രൂപയ്ക്ക് ജ്വല്ലറിക്ക് വിറ്റെന്നാണ് ആരോപണം.


◼️ഐ.പി.എലില്‍ അഞ്ചുവട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ അഞ്ചിന് 198, മുംബൈ ഒമ്പതു വിക്കറ്റിന് 186.


◼️രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന കാരണമെന്നും പുറത്ത് വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ രാജ്യത്തെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.07 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ഇത് 5.85 ശതമാനമായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവദനീയമായ പരിധിയ്ക്ക് മുകളില്‍ തുടരുന്നത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ശരാശരി പണപ്പെരുപ്പ അനുമാനം 5.7 ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.


◼️രാജ്യത്തെ ഏറ്റവും മൂല്യമുള്ള ആദ്യ പത്ത് കമ്പനികളുടെ പട്ടികയില്‍ ഇടം നേടി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐ.എച്ച്.സി) 3,850 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചതോടെയാണ് അദാനി ഗ്രീനിന്റെ ഓഹരിവില ഉയര്‍ന്നത്. 422,526 കോടിയുടെ വിപണി മൂല്യവുമായി ഭാരതി എയര്‍ടെല്ലിനെ പിന്തള്ളി പത്താമതാണ് നിലവില്‍ അദാനി ഗ്രൂപ്പ്. 20 ശതമാനത്തിന്റെ നേട്ടമാണ് കഴിഞ്ഞദിവസങ്ങളില്‍ അദാനി ഗ്രീന്‍ നേടിയത്. 416,526 കോടി രൂപയാണ് എയര്‍ടെല്ലിന്റെ വിപണി മൂല്യം. റിലയന്‍സ് (1,765,504 കോടി), ടി.സി.എസ് (1,352,532 കോടി), എച്ച്.ഡി.എഫ്.സി ബാങ്ക് (829,724) എന്നിവയാണ് വിപണി മൂല്യത്തില്‍ രാജ്യത്തെ ആദ്യ മൂന്ന് കമ്പനികള്‍.


◼️പ്രശസ്ത തമിഴ് സംവിധായകന്‍ റാമിനൊപ്പം നിവിന്‍ പോളി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. നടന്‍ സൂരിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണിത്. ട്രെയിന്‍ യാത്ര പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തില്‍ പടവെട്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളാണ് നിവിന്റേതായി വരാനിരിക്കുന്നത്.


◼️സൂപ്പര്‍ ഹിറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'ക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫണ്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന് നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോള്‍ തമിഴില്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നിവിന്‍ ഈ മാസം അവസാനത്തോടെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദുബായ്, ബെംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍സ്. ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങും.


◼️കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് രണ്ടാം തലമുറയില്‍പ്പെട്ട എര്‍ട്ടിഗ ഏപ്രില്‍ 15ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസൂകി. 11,000 രൂപ ടോക്കണ്‍ നല്‍കി പുത്തന്‍ മാറ്റങ്ങളോടെയെത്തുന്ന എര്‍ട്ടിഗ പ്രീബുക്ക് ചെയ്യാനാകും. ബുക്കിംഗ് ആരംഭിച്ച് ആദ്യ ആറുദിനങ്ങള്‍ക്കുള്ളില്‍ 6000 പേരാണ് വാഹനം ബുക്ക് ചെയ്തിരിയ്ക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് ടെക് ഉള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ വിവിടി എഞ്ചിനുമായാണ് എര്‍ട്ടിഗ എത്തുന്നത്. പ്രീ-ഫേസ്ലിഫ്റ്റ് പതിപ്പിനൊപ്പം നല്‍കിയിരുന്ന 4-സ്പീഡ് എടി ഗിയര്‍ബോക്‌സിന് പകരം പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് പാഡില്‍ ഷിഫ്റ്ററുകളാകും ഉപയോഗിക്കുക. ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0-ഇഞ്ച് ടച്ച് സ്‌ക്രീന്‍ യൂണിറ്റും പുതിയ വേര്‍ഷനിലുണ്ടാകും.


◼️ജലാലുദ്ദീന്‍ റൂമി, ഷാംസ് തബ്രേസ് എന്നീ മഹാപ്രതിഭകളായ പേഴ്സ്യന്‍ സൂഫി കവികളുമായി നിരൂപകര്‍ താരതമ്യം ചെയ്യാറുള്ള ബുള്ളേ ഷായുടെ കവിതകള്‍. 'ദൈവത്തിന്റെ അനന്തസമുദ്രം നീന്തിക്കടന്നയാള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ബുള്ളേ ഷായുടെ എക്കാലവും പ്രസക്തമായ ഈ കവിതകള്‍ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരേ ആത്മാവിന്റെ സ്വാത്രന്ത്യം പ്രഖ്യാപിക്കുന്നു. സച്ചിദാനന്ദന്‍ പരിഭാഷപ്പെടുത്തിയ ബുള്ളേ ഷാ കവിതകളുടെ സമാഹാരം.

'സൂഫി കവിതകള്‍'. മാതൃഭൂമി. വില 142 രൂപ.


◼️ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് നമ്മെ തടയുന്നതിലും ശരീരത്തിലെ രോഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങളെ ചെറുക്കുന്നതിലും നമ്മുടെ പ്രതിരോധ സംവിധാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് ചുറ്റുമുള്ള മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വിളര്‍ച്ച, ബ്രോങ്കൈറ്റിസ്, ചര്‍മ്മ അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവ പ്രതിരോധശേഷി കുറവുള്ള ഒരാളില്‍ പ്രകടമാകാം. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, അണുബാധകള്‍, എച്ച്ഐവി അല്ലെങ്കില്‍ എയ്ഡ്സ് എന്നിവയും പ്രതിരോധശേഷി കുറയുന്നതിന് പിന്നിലെ മറ്റ് ചില കാരണങ്ങളാണ്. ഇടയ്ക്കിടെയുള്ള ജലദോഷം, അണുബാധകള്‍, അവയവങ്ങളുടെ വീക്കം, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിങ്ങനെയുള്ള നിങ്ങളുടെ ശരീരത്തിലെ ചില പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദഹനപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനം അത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. ചില ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും സ്വാഭാവികമായും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തും. തിരക്കേറിയ ദൈനംദിന ജീവിതശൈലി മൂലം പലപ്പോഴും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നമുക്ക് കഴിയാതെവരും. ഇതിന്റെ ഫലമായി ഉയര്‍ന്ന സമ്മര്‍ദ്ദം നേരിടാം. ജലദോഷം, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ തുടങ്ങി പല പ്രശ്നങ്ങളും നേരിടും. എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടും. മുറിവുകളോ മറ്റോ ഉണ്ടായാല്‍ സുഖപ്പെടാന്‍ സമയമെടുക്കും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം രോഗപ്രതിരോധ സംവിധാനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad