Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്സീന്‍ തന്നെ കരുതല്‍ ഡോസായിയെടുക്കണം. കരുതല്‍ ഡോസ് എടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. വാക്സീന്‍ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സര്‍വീസ് ചാര്‍ജായി സ്വകാര്യ കേന്ദ്രങ്ങള്‍ ഈടാക്കാവൂയെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.  


◼️നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യത്തില്‍ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്നും അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായതെന്നും ജോണ്‍ ബ്രിട്ടാസ് എം.പി. ഒരു മതം, ഒരു സംസ്‌കാരം, ഒരു നേതാവ്, ഒരു ഭാഷ- ചുരുക്കി പറഞ്ഞാല്‍ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍ എന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.


◼️സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ്. ഡിപിആര്‍ അപൂര്‍ണമാണെന്നും ആവശ്യപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും സാമ്പത്തിക പ്രായോഗികത കൂടി പരിഗണിച്ചേ തുടര്‍ നടപടിയുണ്ടാകൂയെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


◼️കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കോണ്‍ഗ്രസുകാരനായിരിക്കാന്‍ സ്ഥാനമാനങ്ങള്‍ ആവശ്യമില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നന്മയുള്ളവനാണെന്നും എന്നാല്‍ അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ തിമിംഗലങ്ങളാണെന്നും കെവി തോമസ്.


◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി പറഞ്ഞു.


◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസ് നിരാശനാകേണ്ടി വരില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാര്‍ട്ടി നിരാശപ്പെടുത്തില്ലെന്നും ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡെന്നും എംഎ ബേബി വിമര്‍ശിച്ചു. അതേസമയം കെ വി തോമസിനെതിരെ നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ നാശമാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലനും പ്രതികരിച്ചു.


◼️ചതിയനായ കെ വി തോമസിന് അര്‍ഹിക്കാത സ്ഥാനങ്ങളാണ് നല്‍കിയതെന്ന് കണ്ണൂര്‍ മേയര്‍ അഡ്വക്കേറ്റ് ടി ഒ മോഹനന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിപ്പോയെന്നും കരുണാകരന്റെ ദൗര്‍ബല്യം ചൂഷണം ചെയ്തയാളാണ് കെ വി തോമസെന്നുമാണ് മോഹനന്‍ പറയുന്നത്.


◼️കൊവിഡിന്റെ തുടക്കത്തില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് മഹാരാഷ്ട്രയിലുള്ള കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്ത്. 450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍.


◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്. സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയത്. ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.


◼️നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റേതെന്ന് പറയുന്ന പുതിയ ശബ്ദരേഖ പുറത്ത്. അടുത്ത സുഹൃത്ത് ബൈജുവുമായി ദിലീപ് സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. അതേസമയം, ഈ ശബ്ദരേഖ തന്റേതല്ലെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടി.


◼️ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഐമാകും ലാപ്ടോപും ദിലീപിന്റെ അഭിഭാഷകരുടെ കസ്റ്റഡിയിലാണെന്നാണ് സായ് ശങ്കറിന്റെ മൊഴി.


◼️ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. കള്ളപ്പണക്കേസില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.


◼️കൊല്ലം കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു.


◼️കോട്ടയം മണര്‍കാട് മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചന രാജുവിനെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍. ഭര്‍ത്താവായ ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.


◼️താമരശ്ശേരിയില്‍ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമര്‍ദനം. കുട്ടിയുടെ അച്ഛനാണ് ഇരുവരെയും മര്‍ദിച്ചത്. മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചതായും തന്റെ ചെവി കടിച്ചുമുറിച്ചെന്നുമാണ് മാതാവിന്റെ മൊഴി. കുട്ടിയുടെ കൈ ഒടിച്ചതായും ഇവര്‍ ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️മന്‍ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിലേയ്ക്ക് പ്രാധാന്യമുള്ള ആശയങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള ചിന്തകള്‍ പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo ആപ്പ് വഴി പങ്കിടാം അല്ലെങ്കില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ 1800-11-7800 എന്ന നമ്പര്‍ ഡയല്‍ ചെയ്യാം.


◼️അധികാര കേന്ദ്രത്തില്‍ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താല്‍പ്പര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസ്സിലാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ചില രാഷ്ട്രീയക്കാര്‍ക്ക് അധികാരം നേടി ശക്തരാകുന്നതില്‍ മാത്രമാണ് താല്‍പര്യമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.


◼️പിഎസ്എല്‍വി നിര്‍മ്മാണം ഐസ്ആര്‍ഒ യില്‍ നിന്ന് പുറത്തേക്ക്. ആദ്യ ഘട്ടത്തില്‍ പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡും എല്‍&ടിയും ചേര്‍ന്ന സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി.


◼️സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ സൂറത്തില്‍ ഗോപിപുരപ്രദേശത്തുള്ള അംബാജി ക്ഷേത്രത്തിനു സമീപത്താണ് സംഭവം. അവിടുത്തെ സ്വര്‍ണാഭരണ നിര്‍മാണ ശാലകളില്‍ നിന്ന് വരുന്ന മലിന ജലത്തോടൊപ്പം സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാന്‍ഹോളിലിറങ്ങിയ യുവാക്കളാണ് ദാരുണമായി മരണപ്പട്ടത്.


◼️പഞ്ചാബ് മോഡല്‍ മുന്നേറ്റം ഹിമാചല്‍ പ്രദേശില്‍ ആവര്‍ത്തിക്കാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടി. ആം ആദ്മി ഹിമാചല്‍ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, യുഎന്‍എ പ്രസിഡന്റ് ഇഖ്ബാല്‍ സിംഗ് എന്നിവരെ മറുകണ്ടം ചാടിച്ചാണ് ബിജെപി ആപ്പിന് ഷോക്ക് നല്‍കിയത്. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നും ആം ആദ്മിയുടെ സീനിയര്‍ നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.


◼️ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. അനന്തനാഗില്‍ നടന്ന വെടിവയ്പ്പില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ നിസാര്‍ ദാറിനെ സൈന്യം വകവരുത്തി. കുല്‍ഗാമിലും ഒരു ഭീകരനെ വധിച്ചു. അതിനിടെ ലഷ്‌ക്കര്‍ തലവന്‍ ഹാഫിസ് മുഹമ്മദ് സെയ്യിദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സെയ്യിദിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി.


◼️കൊവിഡിന് ശേഷം നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ ലോകത്തെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ ആതിഥേയരായ സൗദി അറേബ്യ തീരുമാനമെടുത്തു. ഓരോ രാജ്യങ്ങള്‍ക്കുമുള്ള ക്വാട്ട ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് തീരുമാനിക്കും. കൊവിഡ് സാഹചര്യത്തില്‍ 65 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഹജ്ജിന് അനുമതി നല്‍കുക.  


◼️ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബര്‍ക്കും പോഷകാഹാരക്കുറവുള്ളവര്‍ക്കും ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിടുന്ന യു.എ.ഇ യുടെ വണ്‍ ബില്യണ്‍ മീല്‍സ് സംരംഭത്തിന് തുടക്കമായി. ലെബനന്‍, ഇന്ത്യ, ജോര്‍ദാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്തുക്കളും ഭക്ഷണപ്പൊതികളും വിതരണം ചെയ്യാന്‍ തുടങ്ങിയതെന്ന് യുഎഇ അറിയിച്ചു.


◼️ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോകട്ടെയെന്ന് പിഎംഎല്‍-എന്‍ നേതാവ് മറിയം നവാസ്. അടുത്തകാലത്ത് ഇന്ത്യയെ നിരന്തരം പുകഴ്ത്തി ഇമ്രാന്‍ നടത്തിയ പ്രസ്താവനയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ കൂടിയായ മറിയം നവാസിനെ പ്രകോപിപ്പിച്ചത്.


◼️ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സുകളിലൊന്നായ ജെറ്റ് എയര്‍വേയ്‌സ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാടകക്കെടുത്ത ബോയിങ് 737 വിമാനം ഉപയോഗിച്ച് ഏപ്രില്‍ അവസാനത്തോടെ പരീക്ഷണ പറക്കല്‍ നടത്തുമെന്ന് സൂചനയുണ്ട്. മെയ് മാസത്തോടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതീക്ഷ. സര്‍വീസിന് ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റുകളില്‍ ഭൂരിപക്ഷവും കരാര്‍ അടിസ്ഥാനത്തില്‍ വാടകക്കെടുക്കാനാണ് ജെറ്റ് എയര്‍വേയ്‌സിന്റെ പദ്ധതി. സര്‍വീസിന് ആവശ്യമായ വിമാനങ്ങള്‍ക്കായി കമ്പനി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ പഴയ വിമാനങ്ങള്‍ അഭ്യന്തര സര്‍വീസിനാവും ഉപയോഗിക്കുക.


◼️അമേരിക്കയും സഖ്യരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യന്‍ കറന്‍സി റൂബിളിന്റെ മൂല്യം ഉയരുന്നു. യുക്രെയിന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 121.5 റൂബിള്‍ വരെ ഇടിഞ്ഞ മൂല്യം ഉയര്‍ന്ന് കഴിഞ്ഞദിവസം 81.9 റൂബിളിലെത്തി. ഇനിയും ഉയര്‍ന്ന് 78 റൂബിളില്‍ എത്തുമെന്നാണു പ്രവചനം. റൂബിളിന്റെ കാര്യത്തില്‍ ഉപരോധം ഫലിക്കാതെ പോകുന്നത് ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പടെ റഷ്യയുടെ പെട്രോളിയവും പ്രകൃതിവാതകവും ഇപ്പോഴും വാങ്ങുന്നുകൊണ്ടാണ്. ഇക്കൊല്ലം ഉപരോധം മറികടന്നു എണ്ണപ്രകൃതി വാതക കയറ്റുമതിയിലൂടെ റഷ്യ 32,100 കോടി ഡോളര്‍ (25 ലക്ഷം കോടി രൂപ) നേടുമെന്നാണു കണക്കാക്കപ്പെടുന്നത്.


◼️പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ നയന്‍താര മുംബൈയില്‍ എത്തിയിരിക്കുകയാണ്. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ'ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.


◼️ഷെയ്ന്‍ നിഗമിനെ നായകനാക്കി സലാം ബാപ്പു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ആയിരത്തൊന്നാം രാവ് എന്നു പേരിട്ടു. ദുബായില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ജുമാന ഖാന്‍ ആണ് നായിക. സമൂഹമാദ്ധ്യമത്തില്‍ താരമാണ് ജുമാന. സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്സാണ്ടര്‍, അഫ്‌സല്‍ അച്ചന്‍ തുടങ്ങിയവരോടൊപ്പം യു.എ.ഇയിലെ നിരവധി കലാകാരന്മാരും അണിനിരക്കുന്നു. സുഹൈല്‍ കോയ ആണ് ഗാനരചയിതാവ്. ഗോള്‍ഡന്‍ എസ്. പിക്ചേഴ്സിന്റെ ബാനറില്‍ ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്. ഷെരീഫ് എം.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.


◼️പൂനെ ആസ്ഥാനമായുള്ള ടോര്‍ക്ക് മോട്ടോഴ്സ് ഒടുവില്‍ ജനുവരി 26-ന് തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നു. ക്രാറ്റോസ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇപ്പോഴിതാ, പുതിയ ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2022 ഏപ്രിലില്‍ ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2022 ജനുവരിയില്‍ ക്രാറ്റോസ്, ക്രാറ്റോസ് ആര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ കമ്പനി പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു . ആദ്യത്തേതിന് 1.08 ലക്ഷം രൂപയാണ് വിലയെങ്കില്‍ ക്രാറ്റോസ് ആറിന് 1.23 ലക്ഷം രൂപയാണ് വില. വിലകള്‍ പൂനെ എക്സ്-ഷോറൂം.


◼️ആധുനിക മനുഷ്യവംശത്തിന്റെ ബൗദ്ധികസൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കഥയാണ് കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും. മാര്‍ക്സിനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു എംഗല്‍സിന്റേത്. ചിന്തയിലും രാഷ്ട്രീയത്തിലും സംഘാടനത്തിലും മാര്‍ക്സിനൊപ്പം നിന്ന, ചിലപ്പോഴൊക്കെ മാര്‍ക്സിനു മുന്നേ നടന്ന, ചരിത്രം വേണ്ടപോലെ മനസ്സിലാക്കാതെ പോയ മഹാപ്രതിഭയുടെ ജീവിതവും ചിന്തകളും വേറിട്ട രീതിയില്‍ വായിക്കുന്ന പഠനഗ്രന്ഥം. 'ഫ്രെഡറിക് എംഗല്‍സ്: സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം'. സുനില്‍ പി. ഇളയിടം. മാതൃഭൂമി. വില 176 രൂപ.


◼️സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ തോതിനെ സ്വാധീനിക്കുന്ന ജീവിത സാഹചര്യങ്ങള്‍ സ്ത്രീകളില്‍ പില്‍ക്കാലത്ത് മറവിരോഗം സംഭവിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ആര്‍ത്തവം നേരത്തേയോ വൈകിയോ ആരംഭിക്കുന്നത്, വളരെ നേരത്തെയുള്ള ആര്‍ത്തവവിരാമം, ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ തുടങ്ങിയവ മറവിരോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഗര്‍ഭിണിയാകുന്നതും ഗര്‍ഭം അലസുന്നതും ആര്‍ത്തവവിരാമം വൈകി സംഭവിക്കുന്നതുമെല്ലാം മറവിരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ആഗോളതലത്തില്‍ 50 ദശലക്ഷത്തോളം പേരെ ഡിമന്‍ഷ്യ എന്ന മറവിരോഗം ബാധിക്കുന്നതായി കണക്കാക്കുന്നു. ഇത് 2050 ഓടെ മൂന്ന് മടങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ മറവിരോഗ നിരക്കും അതിനോട് അനുബന്ധിച്ചുള്ള മരണങ്ങളും കൂടുതലാണ്. നേരത്തെയോ വൈകിയോ സംഭവിക്കുന്ന ആര്‍ത്തവത്തിന് പുറമേ ചെറു പ്രായത്തില്‍ സംഭവിക്കുന്ന പ്രസവവും മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നുതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മറവിരോഗ സാധ്യത കുറയ്ക്കുന്ന ഘടകമായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പിഎല്‍ഒഎസ് മെഡിസിന്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.92, പൗണ്ട് - 98.83, യൂറോ - 82.57, സ്വിസ് ഫ്രാങ്ക് - 81.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.54, ബഹറിന്‍ ദിനാര്‍ - 201.32, കുവൈത്ത് ദിനാര്‍ -248.93, ഒമാനി റിയാല്‍ - 197.18, സൗദി റിയാല്‍ - 20.24, യു.എ.ഇ ദിര്‍ഹം - 20.67, ഖത്തര്‍ റിയാല്‍ - 20.85, കനേഡിയന്‍ ഡോളര്‍ - 60.39.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad