Type Here to Get Search Results !

വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് വാട്സാപ്! കമ്മ്യൂണിറ്റികൾ, ഗ്രൂപ്പുകൾക്കായി 4 പുതിയ ഫീച്ചറുകളും



പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് പ്രഖ്യാപിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ഗ്രൂപ്പുകൾക്കായി അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയുൾപ്പെടെ നാല് പുതിയ സവിശേഷതകളും അവതരിപ്പിച്ചു.

∙ വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ


കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.


ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിതെന്ന് പറയാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് സ്‌കൂളുകൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകൾക്കും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ സാധിക്കും. അതിനാൽ ആശയവിനിമയ വിടവ് ഉണ്ടാകില്ല. നിർദിഷ്‌ട ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ അല്ലെങ്കിൽ സന്നദ്ധ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പുകൾ സജ്ജീകരിക്കാനും വായിക്കേണ്ട അപ്‌ഡേറ്റുകൾ പങ്കിടാനും സ്‌കൂളിലെ എല്ലാ രക്ഷിതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നത് കമ്മ്യൂണിറ്റികൾ എളുപ്പമാക്കുമെന്ന് കരുതുന്നു എന്ന് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ബ്ലോഗിൽ കുറിച്ചു.


ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേര്‍ക്കാനും സാധിക്കും. എന്നാൽ, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിൻമാർ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാൽ മാത്രമാണ് ഗ്രൂപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുക. എന്നാൽ പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയുക. അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്പറുകളോ കാണാൻ കഴിയില്ല. എന്നാൽ ഏതൊക്കെ ഗ്രൂപ്പിലുളളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.


∙ മറ്റു ചില പുതിയ വാട്സാപ് ഗ്രൂപ്പ് ഫീച്ചറുകൾ


പ്രതികരണങ്ങൾ, അഡ്‌മിൻ ഡിലീറ്റ്, ഫയൽ ഷെയറിങ്, നീണ്ട വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെ ഗ്രൂപ്പുകൾക്കായി വാട്സാപ് നാല് പുതിയ ഫീച്ചറുകൾ കൂടി ചേർക്കുകയാണ്.


1. പ്രതികരണങ്ങൾ: പുതിയ സന്ദേശങ്ങൾ ഉപയോഗിച്ച് ചാറ്റുകൾ നിറയ്ക്കാതെ തന്നെ അവരുടെ അഭിപ്രായം വേഗത്തിൽ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് ഇമോജികൾ ഉപയോഗിക്കാൻ സാധിക്കും. ഒരു മെസേജിനെതിരെ ഇൻസ്റ്റാഗ്രാമിലെ പോലെ ഇമോജികൾ ഉപയോഗിച്ച് അതിവേഗം പ്രതികരിക്കാം. നിലവിൽ ഗ്രൂപ്പിലെ ആർക്കെങ്കിലും ഒരു മെസേജിനോട് പ്രതികരിക്കാൻ മറ്റൊരു സന്ദേശം അയയ്ക്കേണ്ടതുണ്ട്.


2. അഡ്‌മിൻ ഡിലീറ്റ്: വാട്സാപ് ഗ്രൂപ്പിലെ എല്ലാവരുടെയും ചാറ്റുകളിൽ നിന്നും തെറ്റായ അല്ലെങ്കിൽ പ്രശ്‌നകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും.


3. ഫയൽ പങ്കിടൽ: 2 ജിഗാബൈറ്റ് വരെയുള്ള ഫയലുകൾ പിന്തുണയ്ക്കുന്നതിനായി വാട്സാപ് ഫയൽ ഷെയറിങ് പരിധി ഉയർത്തുന്നു. ഇത് ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഫീച്ചറാണ്.


4. വോയ്‌സ് കോളിൽ കൂടുതൽ പേര്‍: വാട്സാപ് ഗ്രൂപ്പ് കോളുകൾ നാലിൽ നിന്ന് എട്ട് അംഗങ്ങളിലേക്ക് നീട്ടിയിരുന്നു. ഇപ്പോൾ, ഒരേസമയം 32 അംഗങ്ങൾക്ക് വരെ വോയ്‌സ് കോളിങ് നടത്താമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാട്സാപ് പുതിയ വോയ്‌സ് കോൾ ഇന്റർഫേസും പുനർരൂപകൽപന ചെയ്തിട്ടുണ്ട്. ഈ ഫീച്ചറുകളെല്ലാം വരും ആഴ്‌ചകളിൽ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇതിനാൽ കമ്മ്യൂണിറ്റികൾ തയാറാകുന്നതിന് മുൻപ് തന്നെ അവ പരീക്ഷിച്ചു തുടങ്ങാമെന്ന് വാട്സാപ് അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad