Type Here to Get Search Results !

എന്താണ് അസനി ചുഴലിക്കാറ്റ്? പേരിനു പിന്നില്‍!



അസനി ചുഴലിക്കാറ്റ് ഭീതിയിലാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആദ്യം തീവ്ര ന്യൂനമര്‍ദമായും പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച ദ്വീപ് സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടര്‍ന്ന് മ്യാന്‍മറിലേക്കും നീങ്ങും.


കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 320 കിമീ വടക്ക് - വടക്ക് കിഴക്കായും പോര്‍ട്ട്‌ബ്ലയറില്‍ നിന്ന് 110 കിമീ കിഴക്ക് -വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യുന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാനും സാധ്യതയുണ്ട്.


ശ്രീലങ്കയാണ് ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ അസനി ചുഴലിക്കാറ്റിന് ഈ പേരിട്ടത്. സിംഹള ഭാഷയില്‍ അസനി എന്നാല്‍ 'ക്രോധം' എന്നാണ് അര്‍ഥം. 70 കിലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയില്‍ കാറ്റ് വീശുന്ന ചുഴലിക്കാറ്റാണ് ഇതെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. മിക്കവാറും, ഉയര്‍ന്ന തീവ്രതയുള്ള ചുഴലിക്കാറ്റായി മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പുകള്‍ നല്‍കാനും പേരുകള്‍ നല്‍കാനും ആറു പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളും അഞ്ചു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് ഉള്ളത്. പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടെ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാറുള്ളത് ഐഎംഡിയാണ്(IMD).അതിനായി ചില മാനദണ്ഡങ്ങളും ഐഎംഡി പിന്തുടരുന്നുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, യെമന്‍ എന്നീ 13 അംഗരാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാനുള്ള 169 പേരുകളുടെ പുതിയ പട്ടിക കേന്ദ്ര കാലാവസ്ഥ വകുപ്പ് 2020ല്‍ പുറത്തിറക്കിയിരുന്നു. അക്ഷരമാലാക്രമത്തില്‍ രാജ്യാടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഈ പട്ടികയില്‍ നിന്നുമാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. ഒരു പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഒരേ സമയം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൂടിക്കലരുന്നത് ഒഴിവാക്കുക, ഓരോ ചുഴലിക്കാറ്റുകളെയും എളുപ്പത്തില്‍ ഓര്‍ത്തെടുക്കുക, ആളുകള്‍ക്ക് എളുപ്പത്തില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.


അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധിനല്‍കി. അന്തമാന്‍ കടലിലും അതിനോടു ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കര്‍ശനനിര്‍ദേശമുണ്ട്. ദ്വീപുകളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്‌ 22 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad