Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇന്നുതന്നെ ഉത്തരവിറക്കണമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.


◼️കെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍വേയില്‍ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു. സര്‍വേയെയും കല്ലിടനലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു.


◼️അനുമതിയോ നോട്ടീസോ നല്‍കാതെ ജനങ്ങളുടെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. കെ റെയിലായാലും നിയമപരമായി സര്‍വേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സര്‍വേ തുടരുന്നതിനും തടസമില്ല. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.


◼️വില്‍ സ്മിത്തിനും ജെസിക്ക ചസ്റ്റൈനും മികച്ച നടനും നടിക്കുമുള്ള ഓസ്‌കര്‍ അവാര്‍ഡ്. 'കോഡ' മികച്ച ചിത്രം. 'ദ പവര്‍ ഓഫ് ഡോഗ്' ഒരുക്കിയ ജേന്‍ കാപിയന്‍ മികച്ച സംവിധായികയായി. ലോക ടെന്നീസിലെ ഐതിഹാസിക താരങ്ങളായ വീനസ്, സെറീന സഹോദരിമാരെ വളര്‍ത്തിയ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസായ 'കിംഗ് റിച്ചാര്‍ഡി'ലെ അഭിനയമാണ് വില്‍ സ്മിത്തിനെ മികച്ച നടനുള്ള ഓസ്‌കര്‍ ജേതാവാക്കിയത്. 'ദ അയിസ് ഓഫ് ടമ്മി ഫയേ'യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനു മികച്ച നടിക്കുള്ള ഓസ്‌കര്‍ ജേതാവാക്കിയത്.

'വെസ്റ്റ് സൈഡ് സ്റ്റോറി'യിലെ അരിയാന ഡെബോസാണ് മികച്ച സഹനടി. മികച്ച സഹടനുള്ള അവാര്‍ഡ് ബധിരനായി ട്രോയ് കോട്സര്‍ സ്വന്തമാക്കി. ചിത്രം 'കോഡ'. ഒറിജിനല്‍ സ്‌കോര്‍, ശബ്ലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്റ്റ്സ്, ഛായാഗ്രാഹണം, ചിത്ര സംയോജനം എന്നിങ്ങനെ ആറ് അവാര്‍ഡുകളുമായി 'ഡ്യൂണ്‍' ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടി. ആകെ 23 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.


*ഓസ്‌കര്‍ പുരസ്‌കാരം ഒറ്റനോട്ടത്തില്‍:*

മികച്ച ശബ്ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്ലെറ്റ് (ഡ്യൂണ്‍)

മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍

മികച്ച ചിത്ര സംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഡ്യൂണ്‍

മികച്ച ഡോക്യുമെന്ററി- ദ ക്വീന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍

മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ

മികച്ച വിഷ്വല്‍ ഇഫക്റ്റ്സ് - പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോര്‍ണര്‍, ജേര്‍ഡ് നെഫ്സര്‍ (ഡ്യൂണ്‍)

മികച്ച ആനിമേറ്റഡ് ഫിലിം -എന്‍കാന്റേ

മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാര്‍

വസ്ത്രാലങ്കാരം - ജെന്നി ബെവന്‍ (ക്രുവെല)

മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെല്‍ഫാസ്റ്റ്)

അവലംബിത തിരക്കഥ - ഷോണ്‍ ഹെഡര്‍ (കോഡ)

മികച്ച ഡോക്യുമെന്ററി 'സമ്മറി ഓഫ് സോള്‍'

മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെര്‍ (ഡ്യൂണ്‍)


◼️ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. പിറകേ, അദ്ദേഹം മാപ്പപേക്ഷിക്കുകയും ചെയ്തു.


◼️പണിമുടക്കിന്റെ ആദ്യദിവസംതന്നെ ജനങ്ങള്‍ ദുരിതത്തിലായി. വ്യാപാര, ഗതാഗതമേഖല സ്തംഭിച്ചു. പലയിടത്തും പണിമുടക്ക് അനുകൂലികള്‍ അക്രമങ്ങള്‍ക്കും ശ്രമിച്ചു. പോലീസ് നോക്കിനില്‍ക്കേ വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍ അടപ്പിക്കുകയും ചെയ്തു. കേരളത്തില്‍ മാത്രമാണ് ദേശീയ പണിമുടക്ക് ഹര്‍ത്താലായത്. ഡല്‍ഹി, മുംബൈ, ചെന്നൈ അടക്കമുള്ള മറ്റു പ്രധാന നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലാണ്.  


◼️പേട്ടയില്‍ സമരക്കാര്‍ വഴി തടഞ്ഞതുമൂലം വാഹനങ്ങള്‍ തിരിച്ചുവിട്ട നടപടിയില്‍ പോലീസിനോട് തിരുവനന്തപുരം ജില്ലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിശദീകരണം തേടി. കോടതിയിലേക്കു പോകുകായിരുന്ന മജിസ്ട്രേറ്റിന്റെ വാഹനം സമരാനുകൂലികള്‍ തടഞ്ഞതോടെയാണ് വാഹനം പൊലീസ് വഴിതിരിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് മജിസ്ട്രേട്ട് കോടതിയിലെത്താന്‍ വൈകി. ഇതേത്തുടര്‍ന്നാണു വിശദീകരണം തേടിയത്.


◼️കണ്ണൂര്‍ പഴയങ്ങാടിയില്‍ പൊലീസും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കം. ചരക്കു ലോറികള്‍ അടക്കമുള്ള വാഹനങ്ങളെ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. ഇതേത്തുടര്‍ന്നാണ് സമരക്കാരുമായി വാക്കേറ്റമുണ്ടായത്.


◼️സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്നു മുതല്‍ 10 വരെ നടക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലാണ്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതും. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ.


◼️പത്തനംതിട്ട കുമ്പനാട് വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


◼️കെ.റെയില്‍ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തില്‍ കയറി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്.


◼️പിതാവ് മരിച്ചപ്പോള്‍ കര്‍മ്മം നടത്താന്‍ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റിയുടെ വിലക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനാണ് സമുദായം ഭ്രഷ്ട് കല്‍പിച്ചത്. അച്ഛന്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന്‍ കൂട്ടായിക്കാരന്റെ മരണാനന്തര കര്‍മ്മത്തില്‍നിന്നാണ് ഏകമകനെ വിലക്കിയത്. സമുദായ താല്‍പര്യം മാനിക്കാതെ വിവാഹം ചെയ്തതാണു വിലക്കിനു കാരണം.


◼️ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന്റെ നൃത്തോല്‍സവത്തില്‍ ഹിന്ദു അല്ലാത്തതിനാല്‍ അവസരം നിഷേധിച്ചെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയ. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവത്തിന് ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസില്‍ പേര് അച്ചടിച്ചതായിരുന്നു. എന്നാല്‍ ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ വിലക്കിയെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തിയത്. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിച്ചെന്നും മന്‍സിയ ആരോപിച്ചു.


◼️നൃത്തം അടക്കമുള്ള കലാപരിപാടികള്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് കൂടല്‍മാണിക്യ ക്ഷേത്രം ഭാരവാഹികള്‍. പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. ഹിന്ദുക്കള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പരസ്യത്തില്‍ നല്‍കിയിരുന്നെന്നും ഭരണസമിതി.


◼️കഞ്ചാവ് ബൈക്കില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടിക്കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് - 55) ആണ് പിടിയിലായത്. അന്‍പതോളം കഞ്ചാവ് പൊതികളുമായാണ് ഇയാള്‍ പിടിയിലായത്.


◼️കെ റെയിലില്‍ കുടുങ്ങി കിടപ്പാടം നഷ്ടമാകുന്ന കുടുംബത്തിലെ 92 കാരിയായ വീട്ടമ്മ പൊട്ടിക്കരഞ്ഞു. ചെങ്ങന്നൂരില്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കു മുന്നില്‍ പരാതിയുമായി എത്തിയതാണ് ഏലിയാമ്മ വര്‍ഗീസ് എന്ന വയോധിക. ഞങ്ങള്‍ക്ക് കെടപ്പാടമില്ലാതെ ആയിപ്പോയി, ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകുമെന്ന് ഏങ്ങലടിച്ചുകൊണ്ടാണ് അവര്‍ കരഞ്ഞത്.


◼️കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല. ശ്രീലങ്കയിലേതിനു സമാന സാഹചര്യം കേരളത്തിലുണ്ടാകും. ചെന്നിത്തല പറഞ്ഞു.


◼️നടന്‍ ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. രാവിലെ 11.30 ന് ആലുവ പൊലീസ് ക്ലബില്‍ ആരംഭിച്ചതാണു ചോദ്യംചെയ്യല്‍. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യുന്നത്.


◼️വര്‍ക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായ ആറ് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു. എന്നാല്‍ അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒന്നാം പ്രതിയും ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ചെയര്‍മാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, മധു, സുര, പൊന്നുമോന്‍ എന്നിവരെയാണ് വെറുതെവിട്ടത്. വിചാരണക്കോടതി ഇവര്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.


◼️വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വര്‍ധനവിനുമെതിരെ 31 ന് കോണ്‍ഗ്രസ് സമരം. എഐസിസിയുടെ 'മെഹംഗൈ മുക്ത് ഭാരത് അഭിയാന്‍' എന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധപരിപാടി. 31 ന് രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ മാലചാര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ നാലിന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രില്‍ ഏഴിന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും ധര്‍ണയും മാര്‍ച്ചും നടത്തും. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.


◼️കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒന്നര വര്‍ഷംമുമ്പ് പണിത തൃശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. നിര്‍മ്മാണ തകരാര്‍ മൂലം രണ്ടാംനിലയാണ് പൊളിക്കുന്നത്. 3.75 കോടി രൂപ മുടക്കിയാണ് കെട്ടിടം പണിതത്.


◼️കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്‌കൂള്‍ പദവി. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് പദവി നല്‍കിയത്. സംസ്ഥാനത്തെ ഇരുനൂറോളം അപേക്ഷകളില്‍നിന്നാണ് ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ 21 സ്‌കൂളുകള്‍ക്കാണ് കേന്ദ്രം സൈനിക സ്‌കൂള്‍ പദവി നല്‍കിയത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിന് നേരത്തെത്തന്നെ പദവിയുണ്ട്.


◼️നിലമ്പൂരില്‍ വന്യജീവി ശല്യം കാരണം ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയാണെന്നും ഉദ്യോഗസ്ഥര്‍ എസി റൂമില്‍ ഇരുന്ന് ഉറങ്ങുകയാണെന്നും പി.വി അന്‍വര്‍ എംഎല്‍എ. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥര്‍ പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് അന്‍വറിന്റെ ആരോപണം.


◼️മൂലമറ്റം വെടിവയ്പു കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പൊലീസ്. 2014 ല്‍ ഒരു കൊല്ലനെക്കൊണ്ട് തോക്ക് പണിയിപ്പിച്ചതാണ്. ഏലത്തോട്ടത്തില്‍ കാട്ടുപന്നിയെ വെടിവക്കാനാണെന്ന പേരിലാണ് തോക്കു നിര്‍മിച്ചതെന്നു പോലീസ് പറഞ്ഞു.


◼️വയനാട് ജില്ലയിലെ പനമരത്തും യാത്രയയപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. പനമരം ഹയര്‍ സെക്കന്ററി സ്‌കൂളിലാണു ബൈക്കുകളും കാറുകളും സഹിതമുള്ള അഭ്യാസ പ്രകടനമുണ്ടായത്. കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം വിവാദമാകുകയും കേസാകുകയും ചെയ്തിരുന്നു.


◼️ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കയില്‍. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്കു സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് മൂന്നു ദിവസത്തെ സന്ദര്‍ശനവുമായി ശ്രീലങ്കയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടണ്‍ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കര്‍ പങ്കെടുക്കും. തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.


◼️ആഡംബര ബൈക്ക് വാങ്ങിയ യുവാവ് നല്‍കിയ പണം കണ്ട് മാനേജരും ജീവനക്കാരും അമ്പരന്നു. രണ്ടു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് ഒറ്റ രൂപാ നാണയങ്ങള്‍. ചാക്കുകളിലാക്കി കൊണ്ടുവന്ന നാണയങ്ങള്‍ സ്വീകരിക്കാന്‍ മാനേജര്‍ മാവിക്രാന്ത് ആദ്യം മടിച്ചെങ്കിലും ജീവനക്കാരെല്ലാം ചേര്‍ന്ന് മണിക്കൂറുകളെടുത്ത് എണ്ണി തിട്ടപ്പെടുത്തി ബൈക്ക് കൈമാറി. സേലം അമ്മപേട്ടിലെ ഗാന്ധിമൈതാന്‍ സ്വദേശിയായ വി ഭൂപതിയാണ് നാണയങ്ങള്‍ നല്‍കി ബജാജ് ഡോമിനോര്‍ 400 സിസി ബൈക്ക് സ്വന്തമാക്കിയത്. ബിസിഎ ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററാണ്. ഒരു യുട്യൂബ് ചാനലും ഭൂപതിക്കുണ്ട്. ഓരോ രൂപയുടെ നാണയം സ്വരുക്കൂട്ടിയാണ് ബൈക്ക് വാങ്ങാനുള്ള പണം ഭൂപതി സമാഹരിച്ചത്.


◼️ദേശീയ പണിമുടക്കും ഇന്ധന വിലവര്‍ധനയും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ലമെന്റിന്റെ ഇരുസഭകളും തള്ളി. ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും തളളി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പന്ത്രണ്ട് മണിവരെ നിര്‍ത്തിവച്ചു. ഗാന്ധി പ്രതിമക്കു മുന്‍പില്‍ എംപിമാര്‍ പ്രതിഷേധിച്ചു.


◼️പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസ് കരുത്താര്‍ജിക്കണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കണം. പാര്‍ട്ടി വിടരുത്. പ്രധാനമന്ത്രി പദത്തിനു വേണ്ടിയുള്ള മത്സരത്തിലല്ല താന്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു.


◼️വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചു. കര്‍ണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്.


◼️ഗോവയില്‍ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് പ്രമോദ് സാവന്ദ് ഗോവ മുഖ്യമന്ത്രി ആകുന്നത്.  


◼️യുക്രെയിനെ കൊറിയയേപ്പോലെ വിഭജിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയിന്‍. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനും സര്‍ക്കാറിനെ അട്ടിമറിക്കാനും സാധിക്കാത്ത റഷ്യ ഇപ്പോള്‍ വിഭജന തന്ത്രവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുക്രെയിന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി വെളിപ്പെടുത്തി.


◼️സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. തായ്‌ലന്‍ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്.


◼️സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണ്ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 3960 രൂപയാണ് ഇന്നത്തെ വില. അതേസമയം അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണക്കടകള്‍ തുറന്നിട്ടില്ല. അതിനാല്‍ വില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നാണ് സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നത്.


◼️ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊഴിഞ്ഞത് 1,224 കോടി ഡോളര്‍; ഏകദേശം 91,800 കോടി രൂപ. റഷ്യ-യുക്രെയിന്‍ യുദ്ധപശ്ചാത്തലത്തില്‍ ഡോളര്‍ ശക്തമായതോടെ രൂപയുടെ തകര്‍ച്ചയ്ക്ക് തടയിടാനായി വിദേശ നാണയശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ് ഈ ഇടിവിന് കാരണം. മാര്‍ച്ച് 18ന് സമാപിച്ച ആഴ്ചയില്‍ മാത്രം ശേഖരം 259 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇടിവ് 965 കോടി ഡോളറായിരുന്നു. 2021 സെപ്തംബര്‍ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം.


◼️അമല്‍ നീരദ്- മമ്മൂട്ടി സൂപ്പര്‍ഹിറ്റ് ചിത്രം 'ഭീഷ്മപര്‍വം' ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ ഒന്നിന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.


◼️ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തീയറ്ററിലേക്ക് കടന്നു വന്ന കാശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ദ കാശ്മീര്‍ ഫയല്‍സ് ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 250 കോടി പിന്നിട്ടു. റിലീസ് ചെയ്ത് വെറും 17 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 17-ാം ദിവസം മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം 7.60 കോടിയും വിദേശത്തു നിന്ന് 2.15 കോടിയും നേടിയെന്നും റിപ്പോര്‍ട്ടുണ്ട്. 1990 ലെ കാശ്മീര്‍ കലാപ കാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം മാര്‍ച്ച് 11 നാണ് പ്രദര്‍ശനത്തിനെത്തിയത്.


◼️ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 30 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ച് 21-ാം വര്‍ഷമാണ് ഈ നേട്ടം. നിരത്തുകളില്‍ വന്‍ തരംഗം അലയടിപ്പിച്ച് 2001ല്‍ ആക്ടീവയുമായാണ് ഹോണ്ട ഇന്ത്യയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. 2016ലാണ് കമ്പനി കയറ്റുമതിയില്‍ 15 ലക്ഷം യൂണിറ്റുകളെന്ന പൊന്‍തൂവല്‍ ചൂടിയത്. തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തില്‍ കയറ്റുമതി ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച് 30 ലക്ഷം യൂണിറ്റുകളെന്ന കിരീടവും ഹോണ്ടയണിഞ്ഞു.


◼️കഥ പറയുന്ന ദേശങ്ങളുടെ സാമൂഹികചരിത്രം രചിക്കാനാണ് അഷറഫ് കാനാമ്പുള്ളി ശ്രമിക്കുന്നത്. കടല്‍ചരിതം പറയുമ്പോഴും, കച്ചവടതന്ത്രങ്ങളും പകയും ആലേഖനം ചെയ്യുമ്പോഴും, പ്രണയവശ്യത ആവിഷ്‌കരിക്കുമ്പോഴും നോവലിന്റെ വായനാപരത നിലനിര്‍ത്താന്‍ അഷറഫ് കാനാമ്പുള്ളിക്ക് കഴിയുന്നുണ്ട്. കടലും വ്യാപാരവും പ്രണയവും കൂടിച്ചേര്‍ന്ന് സവിശേഷമായ ഒരു തലം സൃഷ്ടിക്കുന്ന വേറിട്ടൊരു നോവല്‍. 'അറബിക്കടലും അറ്റ്ലാന്റിക്കും'. മാതൃഭൂമി. വില 240 രൂപ.


◼️ചര്‍മത്തിന്റെ സ്വഭാവമനുസരിച്ച് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പകല്‍ സണ്‍സ്‌ക്രീന്‍ മൂന്നുനാലു മണിക്കൂര്‍ ഇടവിട്ട് പുരട്ടണം. കാരണം ഒരു പ്രാവശ്യം ഉപയോഗിക്കുന്ന സണ്‍സ്‌ക്രീനിന്റെ ഫലം മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. അതുപോലെതന്നെ പ്രധാനമാണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ട വിധവും. വരണ്ട ചര്‍മമുള്ളവര്‍ സണ്‍സ്‌ക്രീം ഉപയോഗിക്കുന്നതിനു മുന്‍പ് ചര്‍മത്തിനിണങ്ങുന്ന ഒരു മോയ്സചറൈസിങ് ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ അതിനനുയോജ്യമായ സണ്‍സ്‌ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ ആന്റി ഏജിങ് ഘടകങ്ങളടങ്ങിയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. രാത്രികാലത്തും ചര്‍മസംരക്ഷണത്തിനു പ്രാധാന്യം നല്‍കണം. ദിവസവും കിടക്കുന്നതിന് മുന്‍പ് ഫെയ്സ്വാഷ് അല്ലെങ്കില്‍ ക്ലെന്‍സര്‍ കൊണ്ട് മുഖം നന്നായി വൃത്തിയാക്കണം. മേക്കപ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഉറങ്ങുന്നതിനു മുന്‍പ് മേക്കപ് മുഴുവനായി നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ന് ലഭ്യമാകുന്ന മേക്കപ്പുകളില്‍ ഭൂരിഭാഗവും വാട്ടര്‍ റെസിസ്റ്റന്റ് മേക്കപ്പുകളായതിനാല്‍, നിലവാരമുള്ള മേക്കപ് റിമൂവറുകള്‍ ഉപയോഗിച്ചു തന്നെ മേക്കപ് പൂര്‍ണമായും നീക്കം ചെയ്യണം. അല്ലെങ്കില്‍ അത് ചര്‍മ സുഷിരങ്ങളിലടിഞ്ഞു കൂടി പാടുകളുണ്ടാക്കുകയും അലര്‍ജിക്കു കാരണമാകുകയും ചെയ്യും. മേക്കപ് നീക്കം ചെയ്ത ശേഷം നല്ലൊരു ഫേസ്വാഷ് ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുകയും വൈറ്റമിന്‍ സി സിറം പുരട്ടുകയും ചെയ്യുക. അതിനു ശേഷം ഒരു മോയിസ്ചറൈസര്‍ കൂടി ഉപയോഗിക്കാം.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.25, പൗണ്ട് - 100.22, യൂറോ - 83.49, സ്വിസ് ഫ്രാങ്ക് - 81.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.41, ബഹറിന്‍ ദിനാര്‍ - 202.30, കുവൈത്ത് ദിനാര്‍ -250.40, ഒമാനി റിയാല്‍ - 198.32, സൗദി റിയാല്‍ - 20.33, യു.എ.ഇ ദിര്‍ഹം - 20.76, ഖത്തര്‍ റിയാല്‍ - 20.94, കനേഡിയന്‍ ഡോളര്‍ - 61.02.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad