Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️മദ്യനയം പുനഃപരിശോധിക്കണമെന്ന് സിപിഐയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ എഐടിയുസി. കള്ളു ചെത്തു തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ളു ഷാപ്പുകള്‍ തുറക്കണമെന്നും എഐടിയുസി നേതാവ് കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലപാടിനെ മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം പിന്തുണച്ചു.


◼️മദ്യ നയത്തില്‍ സി പി ഐയുടെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. മുന്നണിയില്‍ ഭിന്നതയില്ല. പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു. മദ്യശാലകളിലെ ക്യൂ ഒഴിവാക്കാനാണ് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.


◼️പണിമുടക്കു നടന്ന മാര്‍ച്ച് 28, 29 തീയതികളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തത് 54 കേസുകള്‍. മാര്‍ച്ച് 28 ന് 23 കേസുകളും 29 ന് 31 കേസുകളും. മലപ്പുറം തിരൂരില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകവേ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് പിടിയിലായത്. സമരക്കാരെ ആക്രമിച്ചെന്ന് ആരോപിച്ചും പോലീസ് കേസെടുത്തിട്ടുണ്ട്. വഴി തടഞ്ഞ സമരക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൃഷ്ണഗിരി സ്വദേശി ഷൈജു തോമസിനെതിരേ അമ്പലവയല്‍ പൊലീസാണ് കേസെടുത്തത്.


◼️സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ വിലക്കയറ്റം. കുടയ്ക്ക് 20 ശതമാനവും മരുന്നുകള്‍ക്കു പത്തര ശതമാനവും വില കൂടും. കുടിവെള്ളത്തിന് അഞ്ചു ശതമാനം വില വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹന മേഖലയിലാണ് ഏറ്റവും നിരക്കു വര്‍ധന. ഇന്‍ഷ്വറന്‍സ് പ്രീമിയം 21 ശതമാനംവരേയും, സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഒരു ശതമാനവും, ഹരിത നികുതി അര ശതമാനവും വര്‍ധിപ്പിച്ചു. റീരജിസ്ട്രേഷനുള്ള നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനവില മുപ്പതിനായിരം രൂപവരെയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഭൂനികുതിയും ഭൂമിയുടെ ന്യായവിലയിലെ പത്തു ശതമാനം വര്‍ധനയും നാളെ മുതല്‍ പ്രാബല്യത്തിലാകും. ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ അടുത്തയാഴ്ചയോടെ വര്‍ധിക്കും. മില്‍മ പാല്‍, വൈദ്യുതി നിരക്കുകളും ഒരു മാസത്തിനകം വര്‍ധിപ്പിക്കും. (കീശ കീറും, കരുതിയിരിക്കാം : 


◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സി ബിഐയ്ക്കു കൈമാറിക്കൂടേയെന്ന് ഹൈക്കോടതി. വേണ്ടെന്നും നിഷ്പക്ഷമായ അന്വേഷണമാണെന്നും പ്രോസിക്യൂഷന്‍. എഫ്ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്കു വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.


◼️ലോകായുക്ത ഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞ കാര്യം പുറത്തു പറയില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ വിശദീകരണ യോഗങ്ങളില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.


◼️ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്‍കിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ജെന്റര്‍ കൂട്ടായ്മയുടെ മാര്‍ച്ച്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നു പൊലീസുകാരി പറഞ്ഞെന്നാണ് ആരോപണം.


◼️സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 1500 സര്‍വയര്‍മാരെയും 3,200 ഹെല്‍പര്‍മാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിനു സര്‍വേ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ജില്ലാ അടിസ്ഥാനത്തിലാണ് നിയമനം.


◼️മേലാറ്റൂരില്‍ 1.3 കോടി രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയില്‍ സ്വദേശികളായ മലയില്‍ മുഹമ്മദ് (54), നൊട്ടന്‍തൊടിക റഹീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


◼️പാലക്കാട് വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് തിരുപ്പൂര്‍ സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്. സംഘത്തിലെ മൂന്നാമന്‍ പരിക്കേറ്റ് ചികിത്സയിലാണ്. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്.


◼️മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പിടിയിലായത്. മറ്റൊരു പ്രതി അബ്ദുല്‍ മജീദിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിനെ തെരയുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.


◼️ക്യാപ്സൂള്‍ രൂപത്തിലാക്കി ഒരു കിലോ സ്വര്‍ണം കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം കൊണ്ടുവന്ന വാഴക്കാട് സ്വദേശി മുഹമ്മദ് റമീസും വാങ്ങാനെത്തിയ താമരശ്ശേരി സ്വദേശിയുമാണു പിടിയിലായത്.


◼️ചെറുകാറുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബുധനാഴ്ച പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനു ശേഷം നിര്‍മ്മിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഈ നിയമം നിര്‍ബന്ധമാക്കാനാണു പരിപാടി.


◼️രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സാ ചെലവ് താങ്ങാനാകാതെ കുടുംബം. ആശുപത്രി ബില്‍ അടയ്ക്കാന്‍ സുഹൃത്തുക്കളും രംഗത്തിറങ്ങിയിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍.


◼️ലീവ് സറണ്ടര്‍ ഇത്തവണയും ഒഴിവാക്കിയത്തില്‍ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്ന തീരുമാനം തിരുത്തണം. കൊവിഡ് കാലത്ത് അവധിപോലും എടുക്കാതെ സേവനം ചെയ്ത വിഭാഗമാണ് ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെന്നും കെ.ജി.എം.ഒ.എ ഓര്‍മിപ്പിച്ചു.


◼️മദ്യനയം അഴിമതി നടത്താനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമം. വ്യാപകമായി മദ്യഷോപ്പ് തുടങ്ങുന്നു. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചുകൊണ്ടാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ ഫെയര്‍ സ്റ്റേജില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


◼️സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചു. നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.


◼️ഫിയോകിന്റെ സ്വീകരണ പരിപാടിയില്‍ നടന്‍ ദീലിപും സംവിധായകന്‍ രഞ്ജിത്തും ഒരേ വേദിയില്‍. ഫിയോകിന്റെ ചെയര്‍മാനാണ് ദിലീപ്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും ഫിയോക് നല്‍കിയ സ്വീകരണ യോഗത്തിലാണ് ഇവര്‍ വേദി പങ്കിട്ടത്.


◼️ക്ഷേത്രചടങ്ങായ കാല്‍ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന എന്നാക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കാല്‍കഴുകിച്ചൂട്ടിനെതിരായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. ഭക്തരെക്കൊണ്ട് കാല്‍കഴുകിക്കുന്നില്ലെന്നും തന്ത്രിയാണ് ചടങ്ങ് നിര്‍വഹിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.


◼️കാസര്‍കോട്ടെ കാഞ്ഞങ്ങാട്ട് ബസില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യുവതി ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മാണിയാട്ട് സ്വദേശിയായ 52 കാരന്‍ രാജീവനെ അറസ്റ്റു ചെയ്തു. കരിവെള്ളൂര്‍ സ്വദേശിനി പി ടി ആരതിയാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.


◼️കെ റെയിലിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമെന്നാണു സര്‍ക്കാരിന്റെ വാഗ്ദാനമെങ്കിലും കുടിയിറക്കപ്പെടുന്നവര്‍ ആശങ്കയിലാണ്. നാലിരട്ടി കിട്ടുമെന്ന കണക്ക് മനസിലാകാത്തതാണു കാരണം. 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ചാണ് നഷ്ടപരിഹാരം നല്‍കുക. ഈ നിയമ പ്രകാരം ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കിയത് ദേശീയപാത വികസനത്തിനായിരുന്നു. ഇവര്‍ക്കു നാലിരട്ടി കിട്ടിയിട്ടില്ല. പ്രദേശത്തെ മൂന്നു വര്‍ഷത്തെ ആധാരങ്ങളില്‍ രേഖപ്പെടുത്തിയ വിലയുടെ ശരാശരി വിലയാണ് അടിസ്ഥാന വില. ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ശരിയായ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാകും. ഈ അടിസ്ഥാന വിലയ്ക്കു പുറമേ മൂന്നിനത്തില്‍ കൂടി തുക അനുവദിക്കും. നഗരത്തില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള ഭൂമി അടിസ്ഥാന വിലയെ 1.2 ആയി ഗുണിക്കും. ഇതിന്‍മേല്‍ 100 ശതമാനം സൊലേഷ്യവും വിജ്ഞാപനം വന്നതുമുതലുളള 12 ശതമാനം പലിശയും നല്‍കും. ഇതിനു പുറമേ, കെട്ടിടത്തിന് നഷ്ടപരിഹാരവും നല്‍കും. പൊതുമരാമത്ത് വകുപ്പിന്റെ ശൈലിയില്‍ മുല്യത്തകര്‍ച്ച കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.


◼️ബില്ലില്ലാ ആശുപത്രി എന്നറിയപ്പെടുന്ന തൃശൂരിലെ ശാന്തിഭവന്‍ പാലിയേറ്റിവ് ആശുപത്രിയുടെ രണ്ടാമത്തെ കേന്ദ്രം തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രവര്‍ത്തനം തുടങ്ങി. തൃശൂര്‍ പല്ലിശ്ശേരിയിലാണ് ആദ്യത്തെ ബില്ലില്ലാ ആശുപത്രി ആരംഭിച്ചത്.  


◼️പെട്രോള്‍ വിലയെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ്. 2014 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറിയാല്‍ പെട്രോള്‍ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിച്ച ബാബാ രാംദേവിന്റെ പഴയ വീഡിയോയെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇത്തരം ചോദ്യങ്ങള്‍ തനിക്കു നല്ലതല്ലെന്നും നല്ല തന്തയ്ക്കു ജനിച്ചവനാണെങ്കില്‍ മിണ്ടരുതെന്നും രാംദേവ് ഭീഷണിപ്പെടുത്തി.


◼️ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. വിജയ് ചൗക്കില്‍ പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ദ്ധനക്കെതിരേ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.


◼️എ.കെ ആന്റണിയടക്കം 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയില്‍നിന്നു പടിയിറങ്ങുന്നു. എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭ അംഗങ്ങളുടെ വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ.കെ ആന്റണിയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.


◼️ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ഏഴ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിഎം ബസവലിംഗപ്പ പറഞ്ഞു.


◼️ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹര്‍ജി. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരധ്വാജ് ഹര്‍ജി നല്‍കി.


◼️പെഗാസസ് സോഫ്റ്റ്വെയറുമായി ഇസ്രയേല്‍ കമ്പനി ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സര്‍ക്കാരിനെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്റലിജന്‍സ് മേധാവി വെങ്കിടേശ്വര്‍ റാവുവാണ് എന്‍എസ്ഒ ഗ്രൂപ്പ് സംസ്ഥാനങ്ങളെയും ചാര സോഫ്റ്റ്വെയറുമായി സമീപിച്ചെന്നു വെളിപ്പെടുത്തിയത്. ചര്‍ച്ച നടന്നെങ്കിലും പദ്ധതി ഉപേക്ഷിച്ചെന്ന് വെങ്കിടേശ്വര്‍ റാവു പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചു.


◼️ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയം. 24 ജില്ലകളിലെ 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. ആഗ്ര, മഥുര, അലിഗഡ്, ഗോരഖ്പൂര്‍ തുടങ്ങി സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷയാണു റദ്ദാക്കിയത്.


◼️റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇവിടെ എത്തുന്നത്.


◼️സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഒരുങ്ങി ആക്സിസ് ബാങ്ക്. 12,325 കോടിയുടേതാണ് ഇടപാട്. സിറ്റിയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്, വായ്പ പോര്‍ട്ട്ഫോളിയോ, വെല്‍ത്ത് മനേജ്മെന്റ് ബിസിനസ് തുടങ്ങിയവ ആക്സിസ് ബാങ്കിന് കൈമാറും. 2014ല്‍ കൊടാക്ക് മഹീന്ദ്ര 15,000 കോടിക്ക് ഐഎന്‍ജി വ്യാസയെ ഏറ്റെടുത്തതിന് ശേഷം ബാങ്കിങ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്. സിറ്റിയുടെ എന്‍ബിഎഫ്സി സ്ഥാപനമായ സിറ്റികോര്‍പ് ഫിനാന്‍സും ആക്സിസ് ബാങ്ക് ഏറ്റെടുക്കും. ഡീലിലൂടെ സിറ്റി ബാങ്കിന്റെ 3 മില്യണോളം വരുന്ന ഉപഭോക്താക്കളെയാണ് ആക്സിസ് ബാങ്കിന് ലഭിക്കുക.


◼️ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ 17 വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മേനേജ്മെന്റ് (ഡിപാം). ആദ്യ ഘട്ടത്തിനായി കണ്ടെത്തിയ ഈ വസ്തുവകകളുടെ മൂല്യം ഏകദേശം 23,358 കോടി രൂപയാണ്. 18,200 കോടി രൂപ വിലവരുന്ന ബിഎസ്എന്‍എല്ലിന്റെ 11 ആസ്തികളും എംടിഎന്‍എല്ലിന്റെ 51,58 കോടി രൂപ വിലവരുന്ന 6 ആസ്തികളുമാണ് വില്‍ക്കുന്നത്. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ആസ്തി വില്‍പ്പനയിലൂടെ ബിഎസ്എന്‍എല്ലിന് ഇതുവരെ 242 കോടി രൂപയാണ് കണ്ടെത്താനായത്.


◼️'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തില്‍ സോനയായി തിളങ്ങിയ മമിത ബൈജു തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിറെ തമിഴ് അരങ്ങേറ്റം. 8 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല. ടൂഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയാണ് ചിത്രം നിര്‍മിക്കുന്നത്. കൃതി ഷെട്ടിയാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


◼️പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തിയ ജന ഗണ മനയുടെ ട്രെയിലര്‍ പുറത്ത്. പൊളിറ്റിക്കല്‍ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്. ഇതിനോടകം 20 ലക്ഷത്തോളം പേര്‍ കണ്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ്. നീതി നിഷേധത്തിന്റേയും അതിനോടുള്ള ജനങ്ങളുടെ പോരാട്ടത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. പൊലീസ് വേഷത്തിലാണ് സുരാജ് എത്തുന്നത്. ട്രെയിലര്‍ എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷയേറിയിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


◼️പുതിയ ടൊയോട്ട ഗ്ലാന്‍സ തിരുവനന്തപുരത്ത് അനാവരണം ചെയ്തു. നാലു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്ക് മോഡലുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 6.39 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപവരെയാണ്. മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാന്‍സയുടെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. മാനുവല്‍, എജിഎസ് ട്രാന്‍സ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളിലായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്.  


◼️ഈ നോവലിന്റെ അത്ഭുതകരമായ പരായണക്ഷമതയെപ്പറ്റി പറയാതിരിക്കാനാവില്ല. വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മുന്നേറുന്ന ഹംസ പെന്മളയുടെ കോവിഡ് കാലത്തെ മുന്‍നിര്‍ത്തിയുള്ള നോവല്‍. 'ലോക് ഡൗണ്‍'. ന്യൂ ബുക്സ്. വില 95 രൂപ.


◼️ഒരാള്‍ ഭക്ഷണം കഴിക്കുന്ന സമയവും അയാളുടെ ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍. ചില ഭക്ഷണങ്ങള്‍ ദിവസത്തിന്റെ ഏത് സമയത്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം ഉള്ള ഒരു വ്യക്തിയില്‍ ഹൃദ്രോഗത്തിന്റെയും സ്‌ട്രോക്കിന്റെയും റിസ്‌ക്ക് വളരെ കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇവയെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഭക്ഷണരീതിയില്‍ മാറ്റം വരുത്തുക എന്നതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതിനോടൊപ്പം എപ്പോള്‍ കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. രക്തത്തില്‍ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് പഞ്ചസാര കലരുന്ന പ്രക്രിയയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുന്ന ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാര കോശങ്ങളുമായി കലരുന്നത് ഇന്‍സുലിന്‍ ആണ് നിയന്ത്രിക്കുന്നതാണ്. എന്നാല്‍ ഒരാളുടെ ശരീരം ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുകയോ വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. പ്രമേഹരോഗികള്‍ വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജവും മാക്രോ ന്യൂട്രിയന്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വെല്ലുവിളിയാകുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ സ്റ്റാര്‍ച്ച് അടങ്ങിയ ഉരുളക്കിഴങ്ങ് പോലെയുള്ളവയും ഉച്ചയ്ക്ക് മുഴുവന്‍ ധാന്യങ്ങളും അത്താഴത്തിന് ബ്രൊക്കോളി പോലുള്ള പച്ചകറികളും പാലും കഴിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണം ഒഴിവാക്കുമെന്നാണ് കണ്ടെത്തല്‍.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.70, പൗണ്ട് - 99.36, യൂറോ - 84.24, സ്വിസ് ഫ്രാങ്ക് - 81.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.57, ബഹറിന്‍ ദിനാര്‍ - 200.81, കുവൈത്ത് ദിനാര്‍ -249.01, ഒമാനി റിയാല്‍ - 196.60, സൗദി റിയാല്‍ - 20.18, യു.എ.ഇ ദിര്‍ഹം - 20.61, ഖത്തര്‍ റിയാല്‍ - 20.79, കനേഡിയന്‍ ഡോളര്‍ - 60.46.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad