Type Here to Get Search Results !

15,000 കി.മീറ്റര്‍ ദൂരപരിധി, യു.എസ് നഗരങ്ങള്‍ വരെ ചാരമാകും; 'മോണ്‍സ്റ്റര്‍ മിസൈല്‍' പരീക്ഷിച്ച്‌ ഉ.കൊറിയ,



വന്‍കരകള്‍ക്കപ്പുറം നാശം വിതക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-17 ആണ് ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തില്‍ വിജയകരമായി പരീക്ഷിച്ചത്.


2017നുശേഷം ഇതാദ്യമായാണ് ഉ.കൊറിയ ഒരു ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കുന്നത്.


കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ കിം


ഏറെനാള്‍ പൊതുമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടാതിരുന്ന കിം ജോങ് ഉന്‍ ഹ്വാസോങ്-17 പരീക്ഷണം നിരീക്ഷിക്കുന്ന ചിത്രങ്ങള്‍ ഉ.കൊറിയ പുറത്തുവിട്ടിട്ടുണ്ട്. മിസൈല്‍ വിക്ഷേപണകേന്ദ്രത്തിലിരുന്ന് പരീക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കിം കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ആര്‍ത്തുചിരിക്കുകയുമെല്ലാം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.


കൊറിയന്‍ മേഖലയില്‍ പ്രതിദിനമെന്നോണം പിടിവിട്ടുകൊണ്ടിരിക്കുന്ന സൈനികസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മിസൈല്‍ പരീക്ഷണത്തിന് കിം ഉത്തരവിട്ടതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ആണവയുദ്ധത്തിന്റെ ഭീതിക്കൊപ്പം യു.എസ് സാമ്ര്യാജ്വത്വശക്തികളുമായി ഏറെക്കാലമായി നിലനില്‍ക്കുന്ന ഏറ്റുമുട്ടല്‍ പശ്ചാത്തലവും പരീക്ഷണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


ഉ.കൊറിയയുടെ ആണവശേഷിയെക്കുറിച്ച്‌ ലോകത്തിനു മുഴുവന്‍ തിരിച്ചറിവുണ്ടെന്ന് കിം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്ലാക്ക്‌മെയിലും ഭീഷണിയും തുടരുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ സൈനിക, സാങ്കേതിക സന്നാഹങ്ങള്‍ സ്വന്തമാക്കുമെന്നും കിമ്മിന്റെ മുന്നറിയിപ്പുണ്ട്.


നാശം വിതക്കുമോ ഹ്വാസോങ്-17?


അപകടകാരിയെന്ന അര്‍ത്ഥത്തില്‍ 'മോണ്‍സ്റ്റര്‍ മിസൈല്‍' എന്നാണ് ഹ്വാസോങ്-17 പൊതുവെ വിളിക്കപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന സൈനിക പരേഡില്‍ ഉ.കൊറിയ മിസൈല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 9,320 മൈല്‍(ഏകദേശം 15,000 കി.മീറ്റര്‍) ദൂരപ്രദേശത്തുവരെ നാശംവിതക്കാന്‍ ഈ മിസൈലിനാകും. അതായത് സാധാരണനിലയില്‍ ഉ.കൊറിയയിലെ താവളത്തില്‍നിന്ന് വിക്ഷേപിച്ചാല്‍ അമേരിക്കയിലെത്തും മിസൈല്‍! ഉ.കൊറിയയുടെ അവകാശവാദം ശരിയാണെങ്കില്‍ യു.എസ് നഗരങ്ങള്‍ വരെ ചാരമാക്കാന്‍ ഒറ്റ മിസൈല്‍ കൊണ്ടാകും.


പരീക്ഷണത്തില്‍ 1,090 കി.മീറ്റര്‍ ഉയരത്തിലും 6,248 ദൂരത്തിലും മിസൈല്‍ പറന്നെന്നാണ് ഉ.കൊറിയ അവകാശപ്പെടുന്നത്. ഇത്രയും ദൂരം പറന്ന ശേഷം ഉ.കൊറിയയ്ക്കും ജപ്പാനുമിടയിലുള്ള കടലിലാണ് മിസൈല്‍ പതിച്ചത്.


അവസാനമായി 2017 നവംബറിലായിരുന്നു ഹ്വാസോങ്-15 എന്ന പേരിലുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉ.കൊറിയ പരീക്ഷിച്ചത്. ഇത് സമുദ്രനിരപ്പില്‍നിന്ന് 4,475 കി.മീറ്റര്‍ ഉയരത്തിലും 4,475 കി.മീറ്റര്‍ ദൂരത്തിലും പറന്നാണ് ലക്ഷ്യസ്ഥാനത്ത് പതിച്ചത്. വെറും 53 മിനിറ്റിനകമാണ് മിസൈല്‍ 950 കി.മീറ്റര്‍ ദൂരം പിന്നിട്ടത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad