വാഷിങ്ടണ്‍: യു.എസില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന് വെടിയേറ്റ സംഭവത്തില്‍ പ്രതിക്കെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. മിസോറിയില്‍ 16 വയസ്സുകാരന് നേരേ വെടിയുതിര്‍ത്ത കേസിലാണ് പ്രതിയായ ആന്‍ഡ്രൂ ലെസ്റ്ററി(85)നെതിരേയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തിയത്. നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ കുറ്റങ്ങളൊന്നും ചുമത്താതെ 24 മണിക്കൂറിന് ശേഷം വിട്ടയച്ചതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീടുമാറി കോളിങ് ബെല്ലടിച്ചതിന് 16-കാരനായ റാല്‍ഫ് പോള്‍ യാളിന് നേരേ വീട്ടുടമയായ ആന്‍ഡ്രൂ വെടിയുതിര്‍ത്തത്. ഇരട്ടകളായ തന്റെ സഹോദരങ്ങളെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാനായാണ് പോള്‍ ഇവിടേക്കെത്തിയത്. എന്നാല്‍ വിലാസം മാറി ആന്‍ഡ്രൂവിന്റെ വീട്ടിലെത്തിയ 16-കാരന്‍ കോളിങ് ബെല്ലടിച്ചു. ഇതില്‍ പ്രകോപിതനായാണ് ആന്‍ഡ്രൂ ലെസ്റ്റര്‍ രണ്ടുതവണ 16-കാരന് നേരേ വെടിയുതിര്‍ത്തത്. തലയ്ക്ക് ഉള്‍പ്പെടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ പോള്‍ ഇപ്പോഴും ചികിത്സയിലാണ്.
16-കാരനായ കറുത്തവര്‍ഗക്കാരന് വെടിയേറ്റ സംഭവത്തില്‍ രാജ്യത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവം വംശീയ ആക്രമണമാണെന്നും ആരോപണമുണ്ട്. അതേസമയം, 16-കാരന് വെടിയേറ്റ സംഭവം വംശീയ ആക്രമണമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ ഇക്കാര്യം അന്വേഷണപരിധിയിലുണ്ടെന്നും കന്‍സാസ് സിറ്റി പോലീസ് മേധാവി സ്‌റ്റേസി ഗ്രേവ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് മേധാവിയെന്ന നിലയില്‍ ഈ കേസിലെ വംശീയ ആക്രമണവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ താന്‍ തിരിച്ചറിയുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സമൂഹത്തിനുള്ള ആശങ്ക മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിരയായ പോള്‍ യാളുമായി പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസും അറിയിച്ചു.
അതിനിടെ, കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലും സമാനരീതിയില്‍ വെടിവെപ്പുണ്ടായിരുന്നു. വീടുമാറിയെത്തിയ 20-കാരിയെയാണ് വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ വീട് തിരഞ്ഞെത്തിയ കെയ്‌ലിന്‍ ഗില്ലിസിനും മറ്റുമൂന്നുപേര്‍ക്കുമാണ് വിലാസംമാറിപ്പോയത്. തുടര്‍ന്ന് ഇവിടെനിന്ന് മടങ്ങുന്നതിനിടെ 65-കാരനായ വീട്ടുടമ ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസില്‍ പ്രതിയായ 65-കാരനെ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.