മോദി പരാമർശത്തിലെ അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം ഇല്ലാതായിക്കഴിഞ്ഞു. ഇതോടെ ഇനിയുള്ള എട്ട് വർഷം രാഹുലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതാണ് വസ്തുത. മേൽക്കോടതി വിധി അനുകൂലമായാൽ മാത്രമാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുക. എട്ട് വർഷം എന്നത് ഒരു ചെറിയ കാലയളവല്ല. മോദി-രാഹുൽ എതിരാളി ദ്വന്ദം എന്ന രാഷ്ട്രീയ സമവാക്യം കൂടിയാണ് മാറിമറിയുക. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഓരം ചേർന്ന് കാഴ്ച്ചക്കാരനായിരുന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന നിലയിലേക്കാകും രാഹുലിന്റെ മുന്നോട്ടുള്ള പ്രവർത്തനം. മേൽക്കോടതി വിധി എന്ന സാധ്യതയിലേക്ക് ഉറ്റുനോക്കി, രാഹുലില്ലാത്ത തെരഞ്ഞെടുപ്പങ്കം എന്ന പ്രതിസന്ധിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സുപ്രീംകോടതി അഭിഭാഷകൻ വിനായക് ത്യാഗി പറയുന്നു 'കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ 30 ദിവസത്തിനകം രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാനാകും. മേൽക്കോടതി ഈ വിധി റദ്ദ് ചെയ്താൽ അദ്ദേഹത്തിന് എംപി സ്ഥാനത്തേക്ക് തിരിച്ചെത്താനാകും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഹുൽ അയോഗ്യനായിത്തുടരും. ഭരണഘടനയുടെ 136ാം അനുഛേദം അനുസരിച്ചും രാഹുലിന് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. ഇന്ത്യയിലെ എല്ലാ കോടതികൾക്കും ട്രിബ്യൂണലുകൾക്കും മേൽ സുപ്രീം കോടതിക്ക് അധികാരമുണ്ട്. കീഴ്ക്കോടതികളുടെ ശിക്ഷ/ ശിക്ഷാവിധി സുപ്രീംകോടതിക്ക് പരിഷ്കരിക്കാം. എന്നിരുന്നാലും, ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും കോടതികൾക്ക് മുമ്പാകെ അപ്പീൽ ഉള്ള കേസുകളിൽ സുപ്രീം കോടതി ഇടപെടാൻ സാധ്യതയില്ല. എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെതിരെ സൂറത്ത് സെഷൻസ് കോടതിയിലാണ് രാഹുൽ ആദ്യം അപ്പീൽ നൽകേണ്ടത്. തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകണം. സിആർപിസി സെക്ഷൻ 389 എന്നത് അയോഗ്യത ഇല്ലാതാക്കാൻ പര്യാപ്തമല്ല. സെക്ഷൻ 389, അപ്പീൽ തീർപ്പാക്കുമ്പോൾ ഒരു കുറ്റവാളിയുടെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്നതാണ്. ഇത് ഹർജിക്കാരന് ജാമ്യം നൽകുന്നതുപോലെയാണ്. ശിക്ഷാ കാലാവധി 3 വർഷത്തിൽ താഴെയായതിനാൽ രാഹുൽ എത്രയും വേഗം സൂറത്ത് സെഷൻസ് കോടതിയെ സമീപിക്കണമെന്നാണ് സുപ്രീംകോടതിയിലെ മറ്റൊരു അഭിഭാഷകനായ അഭിഷേക് സിങ് പറയുന്നത്. "ശിക്ഷാവിധി സ്റ്റേ ചെയ്ത് കോടതി ഉത്തരവ് വന്നാൽ സ്വാഭാവികമായും അയോഗ്യത ഇല്ലാതാവും. സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. ശിക്ഷാ കാലാവധിയായ രണ്ട് വർഷവും പിന്നീടുള്ള ആറ് വർഷവും കഴിഞ്ഞാലേ രാഹുലിന് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂ". അഭിഷേക് സിങ് കൂട്ടിച്ചേർത്തു. Read Also: 'പോരാട്ടം ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി, അതിനായി എന്തു വില കൊടുക്കാനും തയ്യാർ': രാഹുൽ ഗാന്ധി നിയമം പറയുന്നത്.... ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം രാഹുലിന് അയോഗ്യത എട്ട് വർഷത്തേക്കാണ്. തടവ് ശിക്ഷ വിധിക്കപ്പെട്ട രണ്ട് വർഷവും മോചിതനാകുന്ന അന്ന് മുതലുള്ള ആറ് വർഷവും അയോഗ്യത ഉണ്ടാവും. ഉപതെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ? രാഹുലിന്റെ മണ്ഡലമായ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കും. നിലവിലെ ലോക്സഭയുടെ കാലാവധി തീരാൻ ഒരു വർഷത്തിലധികം സമയമുണ്ട്, അതായത് 2024 ജൂൺ വരെ. സഭയുടെ അവശേഷിക്കുന്ന കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുക. ഉപതെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ 30 ദിവസം വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാത്തിരുന്നേക്കാം. രാഹുലിന് നിലവിൽ 53 ആണ് പ്രായം. അയോഗ്യത ഒഴിവാക്കപ്പെട്ടില്ലെങ്കിൽ 60 വയസ് വരെ രാഹുലിന് തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങാനാവില്ല. 2034ലാണ് ഇനി പൊതുതെരഞ്ഞെടുപ്പിൽ രാഹുലിന് അവസരം ലഭിക്കുക. അപ്പോഴേക്ക് അദ്ദേഹത്തിന് പ്രായം 65നോട് അടുക്കും. അതുമാത്രമല്ല, നാഷണൽ ഹെരാൾഡ് അഴിമതിയുൾപ്പടെ 16 കേസുകൾ രാഹുലിന്റെ പേരിലുണ്ട്. ഇവയിലൊക്കെ വിചാരണയും വാദവും നടക്കാനിരിക്കുകയാണ്. ഈ കേസുകളിലെ വിധികളെല്ലാം കാര്യങ്ങളെ ബാധിക്കും.
അയോഗ്യത, രാഹുലിന് നഷ്‌ടമാകുക എട്ട് വർഷം; മറികടക്കാനെന്ത് ചെയ്യും, സാധ്യതകൾ ഇങ്ങനെ
March 24, 2023
Tags