Type Here to Get Search Results !

എക്സ്പ്രസ് ബോട്ട് ചീറിപ്പാഞ്ഞു; ശക്തമായ ഓളം തള്ളി ഹൗസ്ബോട്ട് മുങ്ങി, സംഭവം വേമ്പനാട്ടുകായലിൽ



ആലപ്പുഴ:  ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ടിന്‍റെ അമിതവേഗത്തിൽ വേമ്പനാട്ടുകായലിൽ ഓളംതള്ളി ചെറിയ ഹൗസ്ബോട്ട് മുങ്ങിയതായി പരാതി. അഞ്ചുലക്ഷം രൂപയുടെ നഷ്ടം. പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കൽക്കെട്ടിനോട് ചേർത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്ബോട്ടാണ് കായലിൽ മുങ്ങിയത്. പലക തകർന്ന് വെള്ളം കയറിയാണ് മുങ്ങിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.  ബോട്ടെത്തിയപ്പോൾ ഉണ്ടായ ശക്തമായ ഓളത്തിൽ തുടർച്ചയായി കൽക്കെട്ടിൽ ഇടിച്ചാണ് പലക തകർന്നതെന്ന് ഹൗസ്ബോട്ട് ഉടമ രാഹുൽ രമേശ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അഗ്നിരക്ഷാസേന എത്തിയെങ്കിലും ഹൗസ് ബോട്ട് ഉയർത്താനായിട്ടില്ല. എക്സ്പ്രസ് ബോട്ട് സ്ഥിരമായി അമിതവേഗതയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഉൾനാടൻ ജലാശയത്തിൽ സ‌ഞ്ചരിക്കാൻ അനുവദിച്ചിട്ടുള്ള വേഗതയിലാണോ എക്സ്പ്രസ് സഞ്ചരിക്കുന്നതെന്ന് അധികൃതർ പരിശോധിക്കണമെന്ന് ഹൗസ് ബോട്ട് ഉടമകളും പ്രദേശവാസികളും ആവശ്യപ്പെട്ടു.  ഇത് കൂടാതെ മറ്റ് സർവീസ് ബോട്ടുകളും ചെറിയ ബോട്ടുകളിലും വള്ളങ്ങളിലും ഇടിച്ചുള്ള അപകടങ്ങളും വർദ്ധിക്കുന്നുണ്ട്. റോഡിലെ തിരക്കിന് സമാനമായി ജല മാർഗത്തിലും ബോട്ടുകളുടെ അതിപ്രസരം വന്നതോടെയാണ് അപകടങ്ങൾ കൂടുന്നത്. എക്സ്പ്രസ് ബോട്ടിന്റെ അമിത വേഗതയ്ക്കെതിരെ ഒപ്പു ശേഖരണം നടത്തി ആലപ്പുഴ നോർത്ത് പൊലീസിലും ജലഗതാഗത വകുപ്പ് ഡയറക്ടർക്കും പരാതി നൽകാൻ തയാറെടുക്കുകയാണ് പ്രദേശവാസികൾ.  

Top Post Ad

Below Post Ad