Type Here to Get Search Results !

കന്നുകാലികളിൽ ചർമ മുഴ രോഗം: പ്രതിരോധ കുത്തിവയ്പ് ഉടൻ



പാലക്കാട്: കന്നുകാലി മേഖലയിൽ ആശങ്ക വിതയ്ക്കുന്ന ചർമ മുഴ രോഗം നിയന്ത്രിക്കാൻ പ്രതിരോധ കുത്തിവയ്പു യജ്ഞവുമായി മൃഗസംരക്ഷണ വകുപ്പ്. ഈ മാസം പകുതിയോടെ കുത്തിവയ്പ് ആരംഭിക്കും. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു യജ്ഞത്തിന്റെ മാതൃകയിൽ സൗജന്യമായാണു വാക്സിനേഷൻ. 


പാലക്കാട് ജില്ലയിൽ 5000 കന്നുകാലികൾക്കെങ്കിലും രോഗം ബാധിച്ചതായാണു വിലയിരുത്തൽ. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിനു പോലും ചർമമുഴ രോഗ വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  സംസ്ഥാനത്തൊട്ടാകെ 4 മാസത്തിനു മുകളിൽ പ്രായമുള്ള 14.43 ലക്ഷം കന്നുകാലികൾക്കാണു കുത്തിവയ്പ് എടുക്കേണ്ടത്. ഇതിൽ ജില്ലയിൽ 1,76,695 കന്നുകാലികളാണുള്ളത്. 


 ചർമ മുഴ (ലംപി സ്കിൻ ഡിസീസ്) 


ഒരു തരം വൈറസ് രോഗമാണു ചർമമുഴ. കടുത്ത പനി, ശരീരം മുഴുവൻ മുഴ പൊങ്ങൽ എന്നിവയാണു പ്രധാന ലക്ഷണം. താടിയിലും വീക്കം കണ്ടേക്കാം. വായയ്ക്കു ചുറ്റും മുഴകൾ പൊങ്ങുന്നതിനാൽ തീറ്റ എടുക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകും. കാലിലെ നീരു കാരണം എഴുന്നേൽക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.


രോഗം ബാധിച്ച കന്നുകാലികളിൽ പാലുൽപാദനത്തിലും കുറവുണ്ടാകും. ചിലതിൽ ഇത് നീണ്ടു നിൽക്കുന്നുണ്ട്. ചെള്ള്, ഈച്ച തുടങ്ങി കടിക്കുന്ന പ്രാണികൾ മുഖേനയാണു രോഗം പടരുന്നത്. അകിടിലും മുഴ പൊങ്ങുന്നതിനാൽ കറവ മുടങ്ങി അകിടു വീക്കത്തിനും സാധ്യതയേറെയാണെന്നു ക്ഷീരകർഷകർ പറയുന്നു. 


 ചികിത്സ


കന്നുകാലികളിൽ രോഗലക്ഷണം കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. സ്വയം ചികിത്സിക്കരുത്. ചികിത്സ വൈകിയാൽ മുഴ പൊട്ടി സ്ഥിതി സങ്കീർണമാകും. ജീവൻ വരെ അപകടത്തിലായേക്കാം. ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സയാണു നൽകുന്നത്. രോഗം ബാധിച്ച കാലികളെ മാറ്റി നിർത്തി വേണം ചികിത്സിക്കാൻ.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad