എറണാകുളം: ഹെക്കോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്നുള്ള വാർത്തകൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതി മാറ്റാൻ തീരുമാനമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ വികസനത്തിന് അധിക ഭൂമി അനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതല്ലാതെ കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാൻ തീരുമാനമില്ല.ഹൈക്കോടതി അഭിഭാഷക അസോസിയേഷന് രജിസ്ട്രാർ നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. സ്ഥലപരിമിതിയും പാർക്കിങിന് ഉൾപ്പെടെയുള്ള അസൗകര്യവുമെല്ലാം കണക്കിലെടുത്ത് ഹൈക്കോടതി മാറ്റിപണിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കർ സ്ഥലം പുതിയ മന്ദിരത്തിനായി സർക്കാർ കണ്ടെത്തിയത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു.