വിദ്യാർഥികളിൽനിന്ന് ഈടാക്കേണ്ട കൺസഷൻ നിരക്ക് കാറ്റിൽപ്പറത്തി ബസ് ജീവനക്കാർ അധികതുക ഈടാക്കുന്നതായി പരക്കെ പരാതി. ഒന്നും രണ്ടും രൂപ വാങ്ങേണ്ടിടത്ത് അഞ്ചുരൂപയാണ് വാങ്ങുന്നത്. ചോദ്യംചെയ്താൽ തെറിവിളിയും അധിക്ഷേപവും. സംഘർഷമൊഴിവാക്കാനും മാനം രക്ഷിക്കാനും വിദ്യാർഥികളിൽ ഭൂരിഭാഗവും ചോദിക്കുന്ന പണം കൊടുത്ത് പോകേണ്ട സ്ഥിതിയിലാണിപ്പോൾ. പരാതി വ്യാപകമായതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധനകൾ നടത്തി നടപടിയെടുത്തിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല.
അവസാനമായി ബസ്ചാർജ് വർധിപ്പിച്ചതോടെ വിദ്യാർഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട് മിക്കയിടങ്ങളിലും തർക്കമുണ്ടായിരുന്നു. ഒന്നുമുതൽ 16 വരെയുള്ള ഫെയർസ്റ്റേജുകളിൽ ദൂരം, യാത്രാനിരക്ക്, വിദ്യാർഥികളുടെ നിരക്ക് എന്നിവ വ്യക്തമാക്കി ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മേയ് ഒന്നുമുതൽ ഈ നിരക്കാണെന്നുള്ള പട്ടിക പുറത്തിറങ്ങിയതോടെ ഫെയർസ്റ്റേജ് സംബന്ധിച്ച അവ്യക്തത നീങ്ങുകയും ചെയ്തിരുന്നു.
രണ്ടരക്കിലോമീറ്റർ ദൂരമുള്ള ഒന്നാമത്തെ ഫെയർസ്റ്റേജിന് വിദ്യാർഥികൾക്ക് ഒരു രൂപയാണ്. അഞ്ചും ഏഴരയും കിലോമീറ്റർ ദൂരമുള്ള രണ്ടും മൂന്നും സ്റ്റേജുകൾക്ക് രണ്ടുരൂപയുമാണ്. പത്തു കിലോമീറ്ററിൽ തുടങ്ങുന്ന നാലുമുതൽ 17.5 കിലോമീറ്റർ വരെയുള്ള ഏഴാമത്തെ സ്റ്റേജ് വരെ മൂന്നുരൂപയുമാണ് നിരക്ക്. 40 കിലോമീറ്റർ വരെയുള്ള 16-ാമത്തെ സ്റ്റേജ് വരെ ആറുരൂപയും. എന്നാൽ പലയിടത്തും നിശ്ചിതനിരക്കിൽ കൂടുതൽ വാങ്ങുന്നതായാണ് ആക്ഷേപം.
ചെറിയ തുകയുടെ കാര്യമായതിനാൽ കുട്ടികൾ പ്രതികരിക്കാത്തതും ബസുകാർ തോന്നുംപോലെ നിരക്ക് വാങ്ങാനിടയാക്കുന്നതായി വിദ്യാർഥി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ദൂരവും അവിടേക്കുള്ള യാത്രാനിരക്കും അതിൽ വിദ്യാർഥികളുടെ നിരക്കും അടങ്ങുന്ന പട്ടിക വാഹനവകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്-എടവണ്ണപ്പാറ റൂട്ടിൽ സ്വകാര്യ ബസുകൾ തോന്നിയപോലെ നിരക്ക് വാങ്ങിയതോടെ മായനാട് സ്വദേശിനിയായ വിദ്യാർഥിനിയാണ് വിവരാവകാശ നിയമപ്രകാരം കൃത്യമായ നിരക്ക് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് ഫെയർസ്റ്റേജ് തിരിച്ച് വിദ്യാർഥികളുടെ യാത്രാനിരക്ക് പുറത്തിറക്കേണ്ടി വന്നത്.
ബസ്സിൽ കയറ്റാതിരിക്കുക.
ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക.
ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക.
ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ ആരംഭിക്കുകയും അതോടൊപ്പം വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ
താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
*1. തിരുവനന്തപുരം 9188961001*
*2. കൊല്ലം 9188961002*
*3. പത്തനംതിട്ട 9188961003*
*4. ആലപ്പുഴ 9188961004*
*5. കോട്ടയം 9188961005*
*6. ഇടുക്കി 9188961006*
*7. എറണാകുളം 9188961007*
*8. തൃശ്ശൂർ 9188961008*
*9. പാലക്കാട് 9188961009*
*10. മലപ്പുറം 9188961010*
*11. കോഴിക്കോട് 9188961011*
*12. വയനാട് 9188961012*
*13. കണ്ണൂർ 9188961013*
*14. കാസർഗോഡ് 9188961014*