Type Here to Get Search Results !

പാരന്റ് ബേഡിനെ കുറച്ച് തമിഴ്നാട് ലോബി കോഴി വില ഉടൻ കുറയില്ല



: ബ്രോയിലർ കോഴിയുടെ വില കുത്തനെ കൂടാൻ വഴിവച്ചത് പാരന്റ് ബേഡുകളുടെ എണ്ണം കുറച്ചുള്ള തമിഴ്‌നാട്ടിലെ വമ്പൻ ഫാമുകളുടെ ആസൂത്രിത നീക്കം. സാധാരണഗതിയിൽ രണ്ടര വർഷത്തോളം പാരന്റ് ബേഡുകളെ മുട്ടയ്ക്കായി ആശ്രയിക്കാറുണ്ട്. ഇതിന് ശേഷമേ ഇവയെ ഒഴിവാക്കാറുള്ളൂ. എന്നാൽ കോഴി ഉത്പാദനം കൂടുകയും വില കുറയാൻ തുടങ്ങുകയും ചെയ്തതോടെ ഇതിന് തടയിടാൻ മുട്ടയുത്പാദന കാലയളവ് ശേഷിക്കേ തന്നെ പാരന്റ് ബേഡുകളെ ഒഴിവാക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വമ്പൻ ഫാമുകളുടെ കൂട്ടായ്മ തീരുമാനിച്ചു. ഇതോടെ കോഴിക്കുഞ്ഞുങ്ങൾക്ക് ക്ഷാമം നേരിട്ടു.


കേരളത്തിലെ ഫാമുകളിൽ കോഴികളെ വളർത്തുന്നതും കുറഞ്ഞു. കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളിൽ 80 ശതമാനത്തിലധികം തമിഴ്‌നാട്ടിലെ വമ്പൻ ഫാമുകളിൽ നിന്നാണ്. ഈ സാഹചര്യത്തിൽ മാർച്ച് വരെ കോഴി വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് കോഴിക്കർഷകരുടെ സംഘടനകൾ പറയുന്നത്.


നിലവിൽ ഫാമുകളിൽ നിന്ന് 100-105 രൂപ നിരക്കിൽ വാങ്ങിക്കുന്ന കോഴി ഇടനിലക്കാ‌ർ വഴി കടകളിലെത്തി വിൽക്കുമ്പോൾ 135 രൂപ വരെ നൽകണം. കോഴിക്ക് മികച്ച വില കിട്ടുമ്പോഴും ഉത്പാദനച്ചെലവ് ഉയർന്നതിനാൽ കോഴി കർഷക‌ർക്ക് കാര്യമായ നേട്ടമില്ല. 50 കിലോയുടെ കോഴിത്തീറ്റയ്ക്ക് നിലവിൽ 2,​340 രൂപ നൽകണം. 1,​800ൽ നിന്ന് പൊടുന്നനെ വില ഉയരുകയായിരുന്നു. തൊഴിലാളികളുടെ കൂലി,​ മരുന്ന്,​ വൈദ്യുതി നിരക്ക്,​ പരിപാലനച്ചെലവ് എന്നിവയെല്ലാം തമിഴ്‌നാടിനെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. തണുപ്പുള്ള കാലാവസ്ഥ അനുകൂലമായതിനാൽ കോഴികളുടെ തൂക്കം കൂടിയത് കർഷക‌ർക്ക് ആശ്വാസമേകുന്നുണ്ട്. മിക്ക ഫാമുകളിലും കോഴിക്ക് ശരാശരി രണ്ടര കിലോ തൂക്കം ലഭിക്കുന്നുണ്ട്.


ബ്രോയിലർ കോഴി ഉത്പാദന മേഖലയെ കാർഷികവൃത്തിയായി അംഗീകരിക്കണമെന്ന കേരളത്തിലെ ഫാമുകളുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഫാമുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസായ വകുപ്പ്,​ കൃഷി വകുപ്പുകളിലായി ചിതറികിടക്കുകയാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കും കാര്യമായ അറിവില്ല. പുതുതായി ഫാം തുടങ്ങാൻ മുന്നോട്ടുവരുന്നവർ ഇതുമൂലം നട്ടം തിരിയുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad