Type Here to Get Search Results !

ആറുവർഷത്തിനിടെ ക്രിമിനൽ കേസുകളിൽപ്പെട്ടത് 828 പൊലീസുകാരെന്ന് മുഖ്യമന്ത്രി; പിരിച്ചുവിടാനൊരുങ്ങി സർക്കാർ




പൊലീസിനുള്ളിലെ ക്രിമിനലുകളുടെ എണ്ണം പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറുവർഷത്തിനിടെ ക്രിമിനൽ കേസുകളിൽപ്പെട്ടത് 828 പൊലീസുകാരെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. പിരിച്ചുവിട്ട പി.ആർ. സുനുവും ഇതിൽരണ്ടു കേസുകളിൽ പ്രതിയായി പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തിൽ ഗുരുതര കേസുകളിൽപ്പെട്ടവരെ പിരിച്ചുവിടാനുള്ള സർക്കാർ നടപടികളാണ് സുനുവിലൂടെ ആരംഭിക്കുന്നത്.


ഏറ്റവുമധികം കുറ്റവാളികൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 14 പേരെയാണ് ഇതുവരെ കോടതി ശിക്ഷിച്ചത്. 23 നിയമപാലകരാണ് പോക്സോ കേസുകളിൽ ഉൾപ്പെട്ടവർ. ഒരാൾ കൊലപാതകക്കേസിലും ഉൾപ്പെട്ടിട്ടുണ്ട്. 30 കേസുകളുടെ എഫ്.ഐ.ആർ ആണ് കോടതി റദ്ദാക്കിയത്.


നിലവിൽ 89 കേസുകളാണ് അന്വേഷണഘട്ടത്തിലുള്ളത്. 2016 മുതൽ ഇതുവരെ 13 പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. രേഖകളനുസരിച്ച് ഏകദേശം 60 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, കസ്റ്റഡിമരണക്കേസ്, സ്ത്രീധന പീഡനക്കേസ്, ജീവപര്യന്തമോ പത്തുവർഷം തടവ് ശിക്ഷകിട്ടാവുന്നതോ ആയ കുറ്റംചെയ്തവർ, ഒരേകുറ്റം ആവർത്തിക്കുന്നവർ, അക്രമം, അസാന്മാർഗികം എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരാണ് പിരിച്ചുവിടൽ നടപടി നേരിടേണ്ടി വരുന്നത്.


ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആര്‍.സുനുവിനെ പൊലീസ് സേനയില്‍നിന്നു ഇന്നലെയാണ് പിരിച്ചുവിട്ടത്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചായിരുന്നു നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കുന്നത്. പലകോണുകളിൽ നിന്നും ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad