ദോഹ: ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പോരിനിറങ്ങുമ്പോൾ അർജന്റീന നായകൻ ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകൾ. ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനൊപ്പം മെസ്സിയുമെത്തും. 25 മത്സരങ്ങൾ എന്ന ജർമൻ ഇതിഹാസ താരം ലോതർ മത്തേയൂസിനൊപ്പമാണ് താരം ഇടം പിടിക്കുക. ഫൈനലിൽ കളിക്കാനായാൽ റെക്കോഡ് സ്വന്തം പേരിൽ മാത്രമാക്കുകയും ചെയ്യാം.
അർജന്‍റീനക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മറികടക്കാൻ മെസ്സിക്ക് വേണ്ടത് ഒരൊറ്റ ഗോൾ മാത്രമാണ്. 10 ഗോളുകൾ വീതമാണ് ഇരുവരും നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി അടിപ്പിച്ചാൽ അസിസ്റ്റിൽ മറഡോണക്കൊപ്പവുമെത്താം. നിലവിൽ ഏഴ് അസിസ്റ്റുകളാണ് മെസ്സിയുടെ പേരിലുള്ളത്. ലോകകപ്പ് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോഡ് നിലവിൽ മെസ്സിയുടെ പേരിലാണ് -അഞ്ചെണ്ണം. നാല് അസിസ്റ്റുകൾ നൽകിയ ഇതിഹാസ താരം പെലെയെയാണ് മറികടന്നത്. അഞ്ച് ലോകകപ്പ് കളിച്ച ഏക അർജന്റീന താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്.