ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ 158 ഗോളുകളാണ് ആകെ പിറന്നത്. കിലിയന്‍ എംബപ്പെയാണ് ഗോള്‍വേട്ടയില്‍ മുന്നില്‍. 32 ടീമുകള്‍ നാലായി. അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ ടീമുകളില്‍ നിന്നായി രണ്ട് ഗോളുകളെങ്കിലും നേടിയ ആറ് പേരാണ് ഗോള്‍ഡന്‍ ബൂട്ടിനായി പോരടിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആറ് ഗോളുമായി ഹാരി കെയ്‌നാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇത്തവണ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ പേരില്‍ അഞ്ച് ഗോളുകളുണ്ട്. രണ്ട് അസിസ്റ്റും എംബപ്പെ പേരില്‍ ചേര്‍ത്തു. അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സിയാണ് രണ്ടാമത്. അഞ്ച് കളിയില്‍ നേടിയത് നാല് ഗോളും രണ്ട് അസിസ്റ്റും. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഒളിവിയര്‍ ജിറൂദുമുണ്ട് 4 ഗോളുമായി മെസ്സിക്കൊപ്പം. രണ്ട് ഗോളുകള്‍ നേടിയ ക്രമാരിച്ചാണ് ക്രൊയേഷ്യന്‍ നിരയിലെ ഗോള്‍ വേട്ടക്കാരന്‍. മൊറോക്കോയുടെ മുന്നേറ്റത്തില്‍ കരുത്തായ യൂസഫ് അന്നസീരിക്കും പേരിലുള്ളത് രണ്ട് ഗോളുകള്‍. അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസും രണ്ട് ഗോള്‍ നേടി. സെമിഫൈനലില്‍ ജയിക്കുന്നവര്‍ക്ക് ഫൈനലും തോല്‍ക്കുന്നവര്‍ക്ക് ലൂസേഴ്‌സ് ഫൈനലുമുള്ളതിനാല്‍ രണ്ട് കളികളാണ് നാല് ടീമുകളിലെ താരങ്ങള്‍ക്കും ഇനി ബാക്കിയുള്ളത്. നാളെയാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. നാളെ രാത്രി 12.30ന് അര്‍ജന്റീന, ക്രൊയേഷ്യയെ നേരിടും. കലാശപ്പോരാട്ടത്തിനും വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്, മൊറോക്കോയെ നേരിടും. മാറോക്കോയും ക്രൊയേഷ്യയും ഇതുവരെ ലോക ചാംപ്യന്മാരായിട്ടില്ല. ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. സെമി ഫൈനല്‍ പോരാട്ടത്തിന് മുന്പുള്ള പരിശീലനത്തിലാണ് നാല് ടീമുകളും. മെസിയും ഡി മരിയയും അടക്കമുള്ള അര്‍ജന്റീന താരങ്ങളെല്ലാം മുഴുവന്‍ സമയവും പരിശീലനത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് ഭീഷണിയെ തുടര്‍ന്ന് മുഴുവന്‍ സമയവും കളിക്കാതിരുന്ന റൊഡ്രീഗോ ഡീ പോളും പരിശീലനത്തില്‍ ഉടനീളം ഉണ്ടായിരുന്നു. അടുത്ത മത്സരത്തില്‍ ഡീ പോള്‍ ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൊയേഷ്യന്‍ ടീമിനും ഇന്ന് അവസാന പരിശീലന സെഷനുണ്ട്. മാനസിക സംഘര്‍ഷത്തിനിടയിലും മകനെ ആലിംഗനം ചെയ്തു; നെയ്മറോട് നന്ദി പറഞ്ഞ് ക്രൊയേഷ്യന്‍ താരം പെരിസിച്ച്
നാല് ടീമുകള്‍ക്ക് ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ വീതം; ഖത്തര്‍ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ടിനായി ആറ് താരങ്ങള്‍
December 12, 2022
0
Tags