ദോഹ: ലോകകപ്പ് ക്വാർട്ടറിൽ അർജൻറീന-നെതർലണ്ട്‌സ് പോരാട്ടം ഇന്ന്. ലയണൽ മെസി, ഡി മരിയ എന്നിവരടങ്ങുന്ന മുന്നേറ്റ നിര അർജൻറീനയ്ക്ക് കരുത്ത് പകരുമ്പോൾ ശക്തമായ മധ്യനിരയിലാണ് ഹോളണ്ടിന്റെ പ്രതീക്ഷകൾ. ലോകകപ്പിൽ അഞ്ചാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.രാത്രി 12.30 നാണ് അർജന്റീന- നെതർലാന്റ് പോരാട്ടം നടക്കുന്നത്.ലോകകപ്പിൻറെ മഹാരണാങ്കണത്തിൽ വീണ്ടുമൊരു അർജന്റീന ഡച്ച് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ. സെമി ഷൂട്ടൗട്ടിൽ മെസി ചിരിച്ച 2014, ബലാബലം പിരിഞ്ഞ 2006, ബെർഗ്കാംപിന്റെ ഇടിവെട്ടിൽ ബാറ്റിസ്ട്യൂട്ട കരഞ്ഞ 98. കൊണ്ടും കൊടുത്തും ചുവന്നുതുടുത്ത ഇന്നലെകൾ ഏറെയുണ്ട്. 2014 ലെ കണക്കുവീട്ടാനാണ് ലൂയിസ് വാന്ഗാലിന്റെ ഓറഞ്ച് പട ഇറങ്ങുന്നത്.കണക്കുകളെല്ലാം ഇത്തവണത്തേക്ക് കൂടി മാറ്റിവെക്കേണ്ടി വരുമെന്ന് അർജന്റീനക്കാരും പറയുന്നു. നിർണായക അങ്കത്തിനിറങ്ങുമ്പോൾ അര്ജന്റീനയുടെ എഞ്ചിനായ ഡിപോൾ കളിക്കില്ലെന്ന അഭ്യൂഹങ്ങൾ കോച്ച് സ്‌കലോണി തന്നെ തള്ളുന്നു. പിന്നാലെ ഡിപോളും ഡിമരിയയും മെസിയുമുൾപ്പെടെ മുഴുവന് താരങ്ങളും ദോഹയിൽ പരിശീലനത്തിനിറങ്ങിയിരുന്നു. വലിയ മാറ്റങ്ങളില്ലാതെയായിരിക്കും രണ്ട് ടീമുകളും ക്വാർട്ടറിനിറങ്ങുകയെന്നാണ് സൂചനകൾ. കരുത്തുറ്റ മധ്യനിരയും പ്രതിരോധ നിരയുമാണ് ഡച്ച് പടയുടെ കരുത്തെങ്കിൽ, ലയണൽ മെസിയും ഡി മരിയയും അണിനിരക്കുന്ന മുന്നേറ്റ നിരയിലാണ് അര്ജന്റീനയുടെപ്രതീക്ഷകൾ.