Type Here to Get Search Results !

നിയമസഭാസമ്മേളനം നാളെ മുതൽ



തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാൻസിലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ പാസ്സാക്കും.വിഴിഞ്ഞം സമരം മുതൽ നഗരസഭയിലെ കത്ത് വിവാദത്തിൽ വരെ കനത്ത പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാരിനെ കാത്തിരിക്കുന്നു. പതിനാല് സര്‍വ്വകലാശാലകളുടേയും ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണ് സഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്.


അക്കാദമിക് രംഗത്തെ പ്രമുഖരെ സര്‍വ്വകലാശാല തലപ്പത്തിരുത്താനും ചെലവുകൾ സര്‍വ്വകലാശാല തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടാകും, സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസിലര്‍ എന്ന നിലക്ക് അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുളളത്. നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ക്കും. ഗവര്‍ണറുടെ ആര്‍എസ്എസ് ബന്ധം ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിരോധം പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുമെന്ന കണക്ക് കൂട്ടലിലാണ് ഭരണ പക്ഷം. 


വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകൾ, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം, സിൽവര്‍ ലൈനിൽ നിന്നുള്ള പിൻമാറ്റം തുടങ്ങി സര്‍ക്കാരിനെതിരെ പ്രയോഗിക്കാൻ ആയുധങ്ങളേറെയാണ്. ശശി തരൂര്‍ വിവാദവും ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളിയും അടക്കം പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന വിഷയങ്ങളും കുറവല്ല. സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിരിക്കെ സ്പീക്കര്‍ കസേരയിലെ ആദ്യ ഊഴം എഎൻ ഷംസീറിനും വെല്ലുവിളിയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ജനുവരിയിലേക്ക് സമ്മേളനം നീട്ടാനുളള നീക്കത്തിലാണ് സർക്കാർ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad