ടോക്യോ: ദിനംപ്രതിയെന്നോണം ജനനനിരക്ക് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ കൂടുതൽ പ്രോത്സാഹനനടപടികളുമായി ജപ്പാൻ ഭരണകൂടം. പ്രസവ ഗ്രാന്‍റ് തുക കൂട്ടിയാണ് അമ്മമാർക്ക് ഭരണകൂടത്തിന്റെ പ്രോത്സാഹനം. രാജ്യത്തിന്റെ വളർച്ചയ്ക്കു ഭീഷണിയാകുന്ന പ്രവണതയ്ക്ക് പരിഹാരം കണ്ടെത്താനാണ് ആരോഗ്യ, തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. ഗ്രാന്‍റ് തുക 80,000 യെൻ കൂടി കൂട്ടാനാണ് തീരുമാനം.ജപ്പാനിൽ ഒരു കുട്ടി ജനിച്ചാൽ നിലവിൽ അമ്മയ്ക്ക് 4,20,000 യെൻ(ഏകദേശം 2,52,338 രൂപ) ലഭിക്കും. ചൈൽഡ് ബർത്ത് ആൻഡ് ചൈൽഡ് കെയർ ലംപ് സം ഗ്രാന്‍റ് എന്ന പേരിലുള്ള പദ്ധതി അഞ്ചുലക്ഷം യെന്നിലേക്ക് ഉയർത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം ഇന്ത്യൻ രൂപ വരുമിത്. ഗ്രാന്‍റ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ ഗ്രാന്റ് പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രി കാറ്റ്‌സനോബു കാറ്റോ അറിയിച്ചു.അതേസമയം, ഗ്രാന്‍റ് കൂട്ടിയാലും കുട്ടികളുണ്ടാക്കാനുള്ള ജപ്പാനുകാരുടെ മടിയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് പ്രാദേശിക മാധ്യമമായ 'ജപ്പാൻ ടുഡേ' റിപ്പോർട്ട് ചെയ്തത്. 7,73,000 യെൻ ആണ് ജപ്പാൻ ആശുപത്രികളിൽ ഒരു പ്രസവത്തിന് വരുന്ന ചെലവ്. ഗ്രാന്‍റ് കൂട്ടിയാലും പ്രസവം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ കൈയിൽ ബാക്കിയാകുക 30,000 യെൻ മാത്രമായിരിക്കും. എന്നാൽ, പ്രസവാനന്തര ചെലവുകളും കുട്ടികളെ വളർത്താനുള്ള ചെലവുമെല്ലാം കൂടുമ്പോൾ താങ്ങാവുന്നതിനും അപ്പുറമാകുമെന്നാണ് ജപ്പാൻ കുടുംബങ്ങൾ കണക്കുകൂട്ടുന്നതെന്നും ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2021ൽ പുറത്തുവന്ന കണക്കു പ്രകാരം ലോകത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ജപ്പാൻ. കഴിഞ്ഞ വർഷം ജപ്പാനിൽ 14.39 ലക്ഷം പേർ മരിച്ചപ്പോൾ 8.11 ലക്ഷം ജനനമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ പ്രവണത ജനസംഖ്യയെ അപകടകരമായ തരത്തിൽ ബാധിക്കുമെന്ന് ജാപ്പനീസ് ഭരണകൂടം ഭയക്കുന്നുണ്ട്.
കുഞ്ഞുണ്ടായാൽ മൂന്ന് ലക്ഷം; പ്രസവഗ്രാന്‍റ് കൂട്ടാൻ ജപ്പാൻ-എന്നിട്ടും മടിച്ച് അമ്മമാർ
December 13, 2022
0
Tags