Type Here to Get Search Results !

സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പ്'; ഖത്തറിലേത് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ലോകകപ്പെന്ന് ഫിഫ



ദോഹ: സെമിയടക്കം 62 മത്സരങ്ങള്‍ പൂര്‍ത്തിയായ ഖത്തര്‍ ലോകകപ്പില്‍ സ്വപ്‌നസമാനമായ ഒരു ഫൈനലാണ് വരാനിരിക്കുന്നത്. ലോകകപ്പ് സമാപനത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ ലോകകപ്പിന്റെ സംഘാടകരെയും പ്രവര്‍ത്തകരെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. എക്കാലത്തേയും മികച്ച ലോകകപ്പ് എന്നാണ് ഖത്തര്‍ ലോകകപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പാണ് ലോകകപ്പിന്റെ വിജയം. സംഘാടകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ഫിഫയുടെ നന്ദി അറിയിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഖത്തര്‍ ലോകകപ്പിന്റെ സവിശേഷതകള്‍ വിശദീകരിക്കാനും ഇന്‍ഫാന്റിനോ മറന്നില്ല. 'ആദ്യത്തെ 62 മത്സരങ്ങളില്‍ 3.27 ദശലക്ഷം കാണികളാണ് പങ്കെടുത്തത്. 2018 ലോകകപ്പിലെ എല്ലാ മത്സരങ്ങളും കണ്ടത് 3.03 ദശലക്ഷം പേരായിരുന്നു. ശരാശരി പങ്കാളിത്തം 52,760 പേരാണ്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ ഒരു ടീമിനും ആയിട്ടില്ല. ഓരോ ഭൂഖണ്ഡത്തില്‍ നിന്നും ഒരു രാജ്യം നോക്കൗട്ട് മത്സരങ്ങളില്‍ പങ്കെടുത്തു. ഫിഫയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയിലെത്തി. ജര്‍മനി-കോസ്റ്റാറിക്ക മത്സരത്തില്‍ റഫറികളായി എത്തിയത് സ്ത്രീകളായിരുന്നു.' അദ്ദേഹം പറഞ്ഞു. ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള ഹയ്യ കാര്‍ഡ് അപേക്ഷകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. 1.9 ദശലക്ഷം ഹയ്യ കാര്‍ഡ് അപേക്ഷകള്‍ ലഭിച്ചതില്‍ ആദ്യ സ്ഥാനത്ത് സൗദിയാണ്. വോളണ്ടിയര്‍മാര്‍ക്ക് വേണ്ടി നാല് ലക്ഷം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ നിന്നും 20,000 പേരെയാണ് തെരഞ്ഞെടുത്തതെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പ് വലിയ വിജയമാക്കിയതില്‍ വോളണ്ടിയര്‍മാരുടെ പങ്ക് വളരെ വലുതാണെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്താതെയാണ് ഖത്തര്‍ ലോകകപ്പ് നടന്നത്. എല്‍ജിബിടിക്യു വിഭാഗത്തിനോട് പിന്തുണ രേഖപ്പെടുത്തി മഴവില്‍ നിറത്തിലുള്ള ആംബാന്‍ഡ് ധരിക്കുന്നത് വിലക്കിയത് വിവാദമായിരുന്നു. 'ഫിഫ ഒരു ആഗോള സംഘടനയാണ്. 211 ലോകരാജ്യങ്ങളാണ് ഫിഫയുടെ കീഴില്‍ ഉള്ളത്. ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചപ്പാടുകളും ആണുള്ളത്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായവും വിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അതേസമയം നമുക്ക് ആരെയും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും വിശ്വാസവും അവകാശങ്ങളും കാത്തുസൂക്ഷിക്കാന്‍ ഫിഫ ബാധ്യസ്തരാണ്' എന്നാണ് മഴവില്‍ നിറത്തിലുള്ള ആംബാന്‍ഡ് വിലക്കിയതില്‍ ഇന്‍ഫാന്റിനോ പ്രതികരിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad