അബുദാബി: ഖത്തര്‍ ലോകകപ്പ് പശ്ചാത്തലത്തില്‍ യുഎഇ വന്‍ സാമ്പത്തിക മുന്നേറ്റം കാഴ്ച്ചവെക്കുമെന്ന് ലോകബാങ്ക്. ഖത്തര്‍ ലോകകപ്പ് പശ്ചാത്തലത്തില്‍ യുഎഇ ആറുശതമാനം അധിക ജിഡിപി നിരക്ക് കൈവരിക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളുന്നത് അറബ്മേഖലയെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുകയറ്റത്തിലേക്ക് നയിക്കുമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. ലോകകപ്പ് ആതിഥേയരായ ഖത്തര്‍ 2022ല്‍ ജിഡിപി നിരക്കില്‍ നാലുശതമാനം അധിക വളര്‍ച്ച കൈവരിക്കുമെന്നും ലോക ബാങ്ക് അഭിപ്രായപ്പെട്ടു. അതേസമയം അയല്‍രാജ്യമായ യുഎഇ ജിഡിപി നിരക്കില്‍ ആറുശതമാനം അധിക വളര്‍ച്ച കാഴ്ച്ചവെക്കുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് കോർപ്പറേറ്റീവ് കൗണ്‍സില്‍ രാജ്യങ്ങളുടെ മൊത്തം ജിഡിപി നിരക്ക് 6.9 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് വിലയിരുത്തി.
ഖത്തര്‍ ലോകകപ്പ് പശ്ചാത്തലത്തില്‍ യുഎഇ വിവിധമേഖലകളില്‍, നിക്ഷേപ സമാഹരണത്തിന് ധാരാളം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം, വ്യാപാരം, ലൊജിസ്റ്റിക്സ് മേഖലകളില്‍ കൂടുതല്‍ നിക്ഷേപമിറക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. കൂടാതെ ലോകകപ്പ് യുഎഇയുടെ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് കണക്ക്കൂട്ടുന്നത്. പത്ത് ലക്ഷത്തോളം അധിക സന്ദര്‍ശകരാണ് ലോകകപ്പിനോട് അനുബന്ധിച്ച് യുഎഇയില്‍ എത്തിച്ചേരുകയെന്നാണ് ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സൂചിപ്പിക്കുന്നത്
ലോകകപ്പ് പശ്ചാത്തലത്തില്‍ ദുബൈ വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ്. മേഖലയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍, ഫ്രീസോണുകള്‍ എന്നിവയെല്ലാം യുഎഇയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സൗകര്യങ്ങളെല്ലാം തന്നെ ലോകകപ്പിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മുഖ്യ ആകര്‍ഷണ കേന്ദ്രമാകും. കൂടാതെ ഖത്തറില്‍ 45,000 ഹോട്ടലുകളാണ് ഉള്ളതെങ്കില്‍ യുഎഇയില്‍ 1.4 ലക്ഷം ഹോട്ടലുകളാണ് നിലവിലുള്ളത്. അതിനാല്‍ താമസ സൗകര്യത്തിനായി യുഎഇയെയാണ് ഫുട്ബോള്‍ ആരാധകര്‍ കൂടുതലായി ആശ്രയിക്കുന്നത്.