Type Here to Get Search Results !

കൊച്ചിയുടെ മാത്രം 'പപ്പാഞ്ഞിയെ കത്തിക്കല്‍'; ആരാണ് പപ്പാഞ്ഞിയെന്ന ഈ യൂറോപ്യന്‍ വൃദ്ധന്‍?



ഒരിക്കല്‍ക്കൂടി ഫോര്‍ട്ടുകൊച്ചി 'പപ്പാഞ്ഞി കത്തിക്കല്‍' ആഘോഷത്തിനു തയ്യാറെടുക്കുന്നു. ഇത്തവണയും ഡിസംബര്‍ 31 ന് ആയിരക്കണക്കിന് ആളുകള്‍ പപ്പാഞ്ഞിയെ കാണുന്നതിനും പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിനും ഫോര്‍ട്ടുകൊച്ചിയിലെത്തും. അവരില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍നിന്ന് വന്നെത്തുന്നവരുമുണ്ടാകും.

ലോകത്ത് 'പപ്പാഞ്ഞി കത്തിക്കല്‍' ആഘോഷം കൊച്ചിയില്‍ മാത്രമാണുള്ളത്. ഡിസംബര്‍ 12 രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുക. 'പപ്പാഞ്ഞി' എന്നത് പോര്‍ച്ചുഗീസ് വാക്കാണ്. അതിന്റെ അര്‍ത്ഥം 'മുത്തച്ഛന്‍'. 16, 17 നൂറ്റാണ്ടുകളില്‍ കൊച്ചിയില്‍ ഒരു പോര്‍ച്ചുഗീസ് കോട്ട നിലനിന്നിരുന്നു , ഇമ്മാനുവല്‍ കോട്ട എന്ന പേരില്‍. പോര്‍ച്ചുഗീസ് സംസ്‌കാരം പുലര്‍ന്നു കോട്ടപ്രദേശത്ത്. ഇക്കാലത്ത് കൊച്ചിക്കാരുടെ മലയാളത്തില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി.

പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ യൂറോപ്യന്‍ മട്ടില്‍ പുതുവര്‍ഷം ആഘോഷിച്ചു. ഇവിടെ ആരംഭിക്കുന്നു, കൊച്ചിയുടെ പുതുവര്‍ഷ ആഘോഷ ചരിത്രം.

പോര്‍ച്ചുഗീസുകാരെ തുടര്‍ന്നു ഡച്ചുകാരും ഡച്ചുകാരെ തുടര്‍ന്ന് ബ്രിട്ടീഷുകാരും കൊച്ചിയില്‍ അധികാരത്തിലെത്തി. അക്കാലങ്ങളിലൊക്കെ കൊച്ചിയില്‍ യൂറോപ്യന്‍ മട്ടില്‍ പുതുവര്‍ഷം ആഘാഷിച്ചു. ഈ ആഘോഷ സംസ്‌കാരം കൊച്ചി ജീവിതത്തിന്റെ ഭാഗമായി. ഇന്ത്യ സ്വതന്ത്ര്യമായതിനുശേഷവും കൊച്ചിയില്‍ പുതുവര്‍ഷാഘോഷം തുടര്‍ന്നു.

കൊച്ചിയില്‍ സൗഹൃദക്കൂട്ടങ്ങള്‍ ചെറിയ പപ്പാഞ്ഞിരൂപങ്ങള്‍ ഉണ്ടാക്കി അതിനു സമീപം പുതുവര്‍ഷം ആഘോഷിക്കാറുണ്ടായിരുന്നു. 1980കളില്‍കാര്‍ണിവല്‍ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി കടല്‍തീരത്ത് പപ്പാഞ്ഞിയുടെ രൂപം കത്തിക്കാന്‍ ആരംഭിച്ചു. വിടപറയുന്ന കൊല്ലത്തിന്റെ, കാലത്തിന്റെ പ്രതീകമായി കത്തിയണയുന്ന പപ്പാഞ്ഞി. യൂറോപ്യന്‍ വൃദ്ധന്റെ രൂപമാണ് പപ്പാഞ്ഞിക്ക് നല്‍കുക. വര്‍ഷന്തോറും പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷികളാകാനെത്തുവരുടെ എണ്ണമേറി. 

2012 മുതല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പപ്പാഞ്ഞി നിര്‍മ്മാണത്തില്‍ കലാകാരന്മാരെ പങ്കെടുപ്പിച്ചു. കഴിഞ്ഞ നാല് തവണത്തേത് പോലെ ഇത്തവണയും ഫോര്‍ട്ട്‌കൊച്ചിയിലെ കള്‍ച്ചറല്‍ ടൂറിസം സ്ഥാപനമായ ഗ്രീനിക്‌സ് വില്ലേജാണ് പപ്പാഞ്ഞി നിര്‍മ്മാണത്തിന്റെ സ്‌പോണ്‍സര്‍. ജാതി-മത ഭേദമില്ലാതെ ഒരു ലക്ഷത്തോളം ആളുകള്‍ പപ്പാഞ്ഞിയെ കാണാനെത്തും. കൊച്ചിയുടെ സെക്കുലര്‍ ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കാം പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad