Type Here to Get Search Results !

സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല; സർവേയ്ക്കായി ചെലവാകുന്ന തുക ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും



സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല. സർവേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും.സർവേയ്ക്കായി സർക്കാർ ചെലവാക്കുന്ന തുക ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസിൽ കരം അടയ്ക്കുമ്പോൾ ഈ തുക ഭൂ ഉടമകൾ തിരികെ നൽകണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. 


ഭൂമിയുടെ കൃത്യതയും അതിരും നിശ്ചയിക്കാനുള്ള റീസർവേ വർഷങ്ങളായി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്. 1550 വില്ലേജുകളിലാണ് സർവേ. വില്ലേജിന്റെ സമഗ്ര സർവേയാണ് നടത്തുന്നത്. ആധുനിക സങ്കേതങ്ങളും ഡ്രോണും ഉപയോഗിച്ചുമാകും സർവേ. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ച് സുതാര്യവും കാലികവുമായ രേഖകൾ പദ്ധതിയിൽ തയ്യാറാക്കും. പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തുക ജനങ്ങളിൽ നിന്നും പിരിച്ചെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിക്കാവശ്യമായ ചെലവ് ആദ്യം സർക്കാർ വഹിക്കും. എന്നാൽ ഈ തുക ഭൂ ഉടമസ്ഥരുടെ കുടിശിക തുകയായി കണക്കാക്കും.


സർവേയ്ക്കുശേഷം റെക്കോർഡുകൾ റവന്യൂ ഭരണത്തിന് കൈമാറുകയും വില്ലേജ് ഓഫീസുകളിൽ കരം അടയ്ക്കുമ്പോൾ ഈ തുക ഭൂ ഉടമകൾ തിരികെ അടയ്ക്കുകയും വേണം. 1961ലെ കേരള സർവേ അതിരടയാള നിയമം സെക്ഷൻ 7 പ്രകാരം തുക തിരിച്ചു പിടിക്കാവുന്നതാണെന്ന് സർവേ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. ലാന്റ് റവന്യൂ കമ്മിഷണറും ഈ ആവശ്യത്തെ പിന്തുണച്ചു. തുടർന്നാണ് സർവേ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചു ജനങ്ങളിൽ നിന്നും തുക തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad