Type Here to Get Search Results !

ആറാം തവണ ഫൈനല്‍ കളിക്കുന്ന അര്‍ജന്റീന, നാലാം തവണ കളിക്കുന്ന ഫ്രാന്‍സ്; മൂന്നാം കിരീടം ആര്‍ക്ക്?



ഭൂതകാലത്തുനിന്ന് ഭാവിയിലേക്കുള്ള ലോങ് പാസാണിത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസും അർജന്റീനയും മുഖാമുഖം വരുമ്പോൾ ചരിത്രത്തിലേക്ക് ചില ബാക്ക് പാസുകൾ അനിവാര്യമാകും. കാരണം രണ്ട് ലോകകപ്പുകളുടെ ഖ്യാതിയുളള ടീമുകളാണ് ഞായറാഴ്ച മൂന്നാം കിരീടത്തിനായി കളത്തിലിറങ്ങുന്നത്


 

ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആറാം തവണയാണ് അര്‍ജന്റീന ഫൈനല്‍ കളിക്കുന്നത്. ഫ്രാന്‍സാകട്ടെ നാലാം തവണയും. രണ്ട് ടീമുകളെയും സാമ്യപ്പെടുത്തുന്ന കാര്യം രണ്ടു തവണ വീതമാണ് ഇരുടീമുകളും കിരീടം നേടിയിട്ടുള്ളത് എന്നതാണ്. ഖത്തറില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ അതൊരു ടീമിന്റെ മൂന്നാം കിരീട വിജയമാകും. അതാരാകും? മെസ്സിയുടെ അര്‍ജന്റീനയോ ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സോ?

 

1978-ല്‍ ആദ്യമായി അര്‍ജന്റീന കപ്പുയര്‍ത്തുന്നത് മരിയോ കെംപസിന്റെ കൈപിടിച്ചാണ്. 1986-ല്‍ ഡീഗോ മാറഡോണയാണ് ടീമിനെ ജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയന്നത്. കെംപസിന്റെയും മാറഡോണയുടെയും പിന്‍ഗാമിയാകാന്‍ ലയണല്‍ മെസ്സിക്കു കഴിയുമോയെന്ന ചോദ്യമാണ് ആരാധകര്‍ മനസ്സില്‍ ഉരുവിടുന്നത്. സിനദിന്‍ സിദാന്‍ എന്ന പ്ലേമേക്കറുടെ ചുമലിലേറിയാണ് ഫ്രാന്‍സ് ലോകകപ്പിലെ കിരീടവരള്‍ച്ച അവസാനിപ്പിക്കുന്നത്. 1998-ലാണ് ടീം ആദ്യമായി കപ്പുയര്‍ത്തുന്നത്. രണ്ട് പതിറ്റാണ്ടാകുമ്പോള്‍ 2018-ല്‍ ഹ്യൂഗോ ലോറിസും സംഘവും വീണ്ടും കിരീടത്തില്‍ മുത്തമിട്ടു.

 


അര്‍ജന്റീന ക്യാപ്റ്റന്‍ ഡാനിയേല്‍ പാസറെല്ല 1978-ലെ ലോകകപ്പ് കിരീടവുമായി

അര്‍ജന്റീന 1978

 

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിലാണ് അര്‍ജന്റീനയുടെ ജയം. മരിയോ കെംപസ് ഇരട്ടഗോള്‍ നേടി. റിക്കാര്‍ഡോ ഡാനിയേല്‍ ബെര്‍ത്തോനിയും സ്‌കോര്‍ ചെയ്തു. ഡച്ച് ടീമിനായി ഡിര്‍ക് നാനിംഗ ലക്ഷ്യം കണ്ടു.

 


1986-ല്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ഡിഡോ മാറഡോണ ലോകകിരീടം സ്വീകരിച്ചപ്പോള്‍

അര്‍ജന്റീന 1986

 

ഡീഗോ മാറഡോണയുടെ മാന്ത്രികതയില്‍ മികവിന്റെ പാരമ്യത്തിലേക്ക് ഉയര്‍ത്തപ്പെട്ട അര്‍ജന്റീന പശ്ചിമ ജര്‍മനിയുടെ വെല്ലുവിളി അവസാനിപ്പിച്ച് രണ്ടാംവട്ടം കിരീടം നേടി. ഹോസെ ബ്രൗണ്‍, യോര്‍ഗെ ആല്‍ബര്‍ട്ടോ വല്‍ഡാനോ, യോര്‍ഗെ ബുറുച്ചാഗ എന്നിവര്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടി. ജര്‍മനിക്കായി കാള്‍സ് ഹെയ്ന്‍സ് റുമെനിഗെ, റുഡി വോളര്‍ എന്നിവര്‍ ലക്ഷ്യംകണ്ടു.

 


1998 ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമംഗങ്ങളായ സിനെദിന്‍ സിദാന്‍, മാഴ്‌സെല്‍ ഡെസെയ്‌ലി, ലോറന്റ് ബ്ലാങ്ക് എന്നിവര്‍ ട്രോഫിയുമായി

ഫ്രാന്‍സ് 1998

 

കിരീടപ്രതീക്ഷയുമായി വന്ന ബ്രസീലിനെ അട്ടിമറിച്ചാണ് ഫ്രാന്‍സ് കപ്പുയര്‍ത്തിയത്. പ്ലേമേക്കര്‍ സിനദിന്‍ സിദാന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ഇമ്മാനുവല്‍ പെറ്റിതും ലക്ഷ്യംകണ്ടു.

 


ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് 2018-ല്‍ ലോകകരീടം ഏറ്റുവാങ്ങിയ ശേഷം മക്കളുമൊത്ത്.

ഫ്രാന്‍സ് 2018

 

മിന്നുന്ന ഫോമില്‍ കളിച്ച ഫ്രാന്‍സ് അപരാജിതരായാണ് കിരീടത്തിലേക്കെത്തുന്നത്. ഫൈനലില്‍ ക്രൊയേഷ്യ അപ്രതീക്ഷിത പോരാട്ടം നടത്തിയെങ്കിലും ഫ്രഞ്ച് ടീമിന്റെ പ്രൊഫഷണലിസത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അന്റോയിന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ നേടി. മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളും ടീമിന് ലഭിച്ചു. ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സുകിച്ച് എന്നിവര്‍ ക്രൊയേഷ്യക്കായി ഗോള്‍ നേടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad