ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. നടന്നത് ഭരണകൂട കൊലപാതകമാണെന്ന് ചിരാഗ് ആരോപിച്ചുഅതേസമയം, ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ ഭരണ – പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കം മുറുകുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.മദ്യപിച്ചാൽ മരിക്കുമെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നും നിതീഷ് നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. മദ്യപിക്കരുതെന്ന് ദീർഘകാലമായി പറയുന്നതാണ്. മദ്യപിച്ചാൽ മരിക്കും. അനധികൃത മദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും. മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യപിക്കുന്നവർ മരിക്കുമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവനയിൽ ഇന്നലെയും നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് വീണ്ടും നിതീഷ് കുമാർ ഇന്നലെ ആവർത്തിച്ചു.