Type Here to Get Search Results !

ഞങ്ങളെ ആർക്കും വേണ്ട...; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഏറ്റെടുക്കാനാളില്ലാതെ 42 രോഗികൾ



 തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരും ഏറ്റെടുക്കാനില്ലാതെ 42 രോഗികൾ. ആറ് വാർഡുകളിലായി സ്ത്രീകൾ ഉൾപ്പെടെ 42 പേരാണ് ഏറ്റെടുക്കാൻ ആളില്ലാതെ അധികൃതരുടെ കണക്കിലുള്ളത്.


എട്ട് മാസത്തോളമായി ചികിത്സ കഴിഞ്ഞ ആളുകൾ വരെ ഇവിടെയുണ്ട്. നിലവിൽ രോഗികളുടെ ബാഹുല്യം നിമിത്തം സ്ഥലപരിമിതി നേരിടുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ നിന്ന് ആരോഗ്യം വീണ്ടെടുത്തവരെ മാറ്റിയാൽ മറ്റു രോഗികളെ കിടത്താൻ കിടക്ക ലഭ്യമാകും. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പോലും കട്ടിൽ ലഭ്യമാക്കാൻ ആശുപത്രിയധികൃതർ ബുദ്ധിമുട്ടുകയാണ്.


രോഗികളിൽ ചിലരെ ബന്ധുക്കൾ കൈയൊഴിഞ്ഞതാണ്. ഭൂരിഭാഗം രോഗികളും പോലീസ്, 108 ആംബുലൻസ് വഴി എത്തിയവരാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി കഴിഞ്ഞതാണ്. സാധാരണ ഗതിയിൽ ഇത്രയും ആരോഗ്യം വീണ്ടെടുത്തവരെ തിരികെ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. എന്നാൽ ഈ 42 പേർക്കും തിരികെ പോകാൻ ഇടമില്ല. ശരീരം തളർന്ന് ശയ്യാവലംബിയായ മുപ്പതുകാരനേയും പ്രായാധിക്യം പാടേ തളർത്തിയ എൺപതുകാരനേയും കാൽ നഷ്ടപ്പെട്ട കേൾവി കുറവുള്ള തമിഴ്നാട് സ്വദേശിയ അഭിഭാഷകൻ അങ്ങനെ നിരവധി. കൊല്ലം പള്ളിക്കൽ സ്വദേശിയായ വേലായുധന് 76 വയസുണ്ട്. പക്ഷെ തിരികെ വീട്ടിലേക്ക് പോകാൻ ഇദ്ദേഹത്തിന് താത്പര്യമില്ല. മക്കൾ 3 പേരുണ്ട്, വളർത്തുമകളെകൂടി ചേർത്താൽ നാലായി. തുടയെല്ല് ഒടിഞ്ഞു ശയ്യാവലംബിയായി ആശുപത്രിയിൽ കിടക്കുമ്പോൾ തിരിഞ്ഞുനോക്കാൻ ഒരാൾ പോലും വന്നില്ലെന്ന് ഇദ്ദേഹം പരിതപിക്കുന്നു.


ചെന്നൈയിലെ അഭിഭാഷകനായിരുന്ന (പേര് വെളിപ്പെടുത്താൻ തയ്യാറായില്ല) ഒരു രോഗിയുണ്ട്, ഇദ്ദേഹത്തിന്റെ കാല് മുറിച്ചു മാറ്റിയതാണ്. ബന്ധുക്കളൊക്കെയുണ്ട്. പക്ഷെ ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. മാസം അഞ്ചായി ആശുപത്രിയിലെത്തിയിട്ടെന്ന് ഇദ്ദേഹം പറയുന്നു. ഓർത്തോ വിഭാഗത്തിൽ മാത്രം 16 പേരാണ് ഇത്തരത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ച നിലയിലുള്ളത്.


തമിഴ്നാട് സ്വദേശികൾ വരെ ഇത്തരം രോഗികളുടെ ലിസ്റ്റിലുണ്ട്. ഇത്രയും നാൾ മൈത്രിയെന്ന സന്നദ്ധ സംഘടനയാണ് ഇവരുടെ ഭക്ഷണ കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി അധികൃതർ ഇവരെ ഏറ്റെടുക്കാൻ നിരവധി സന്നദ്ധ സംഘടനകളെ സമീപിച്ചിരുന്നു. നിരന്തര ശ്രമത്തെ തുടർന്ന് 16 പേരെ ഏറ്റെടുക്കാമെന്ന് കൊട്ടാരക്കരയിൽ നിന്നുള്ള ആശ്രയ എന്ന ചാരിറ്റബിൾ സൊസൈറ്റി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി ഏറ്റെടുക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളേജ് അധികൃതർ.


വിലാസം തപ്പിപ്പിടിച്ച് വിവരം അറിയിച്ചിട്ടും ആരും വരാത്ത രോഗികളുമുണ്ട്. വരാന്തയിൽ പോലും രോഗികൾ നിറഞ്ഞു കഷ്ടപ്പെടുമ്പോൾ ഇവരെ എത്രകാലം സംരക്ഷിക്കാമെന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്കും ഉറപ്പില്ല. എങ്കിലും 10 നഴ്സിങ് സ്റ്റാഫിനെ ഇവരുടെ മാത്രം പരിചരണത്തിനായി നിയോഗിച്ച് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ മാതൃക കാട്ടി. ഇവരെ പരിചരിക്കാൻ ആശുപത്രി അധികൃതർ വിമുഖത കാട്ടിയിട്ടുമില്ല.

തണലൊരുക്കും, സംരക്ഷിക്കും

ചികിത്സ ഏകദേശം പൂർണമായും കഴിഞ്ഞ ആളുകൾ തന്നെയാണ് ഇവരൊക്കെ. ബാക്കിയുള്ളത് അവരുടെ താമസവും മറ്റ് സൗകര്യങ്ങളുമാണ് ഇപ്പോൾപ്രതിസന്ധിയിലുള്ളത്. മൈത്രി, ഡി.വൈ.എഫ്.ഐ., സേവാഭാരതി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് ഇവർക്ക് ഭക്ഷണവും വസ്ത്രവുമടക്കം നൽകി വന്നിരുന്നത്. ഇനി ഭാവിയിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാമെന്നത് മുന്നിൽ കണ്ട് നഗരസഭയുമായി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് കൊണ്ടുവന്ന തണൽ പോലൊരു സംവിധാനമാണ് ഇവിടെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയാകുമ്പോൾ സന്നദ്ധ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റിയതിന് ശേഷം ഇവർക്കാവശ്യമായ ചികിത്സ ടെലിമെഡിസിൻ സംവിധാനം വഴി ഒരുക്കാനാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad