ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഹൃദയം കവരുന്ന പ്രഖ്യാപനമാണ് താരം നടത്തിയിരിക്കുന്നത്. ലോകകപ്പിൽനിന്ന് ലഭിച്ച സമ്പാദ്യമെല്ലാം മൊറോക്കോയിലെ ധരിദ്രർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിയേഷ്. സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ 2,77,575 പൗണ്ട്(ഏകദേശം 2.63 കോടി രൂപ) ആയിരിക്കും ഹകീം സിയേഷിനു ലഭിക്കുക.ഈ തുകയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് നൽകുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് താരം. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി ‘സ്വീപ്’ എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തിൽ മൊറോക്കോയിൽ നടന്നുവരുന്നുണ്ട്.‘പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്ക് വേണ്ടി കളിച്ചത്. എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്ക് നൽകും.’-ഹകീം സിയേഷ് പറഞ്ഞതായി മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂ ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായും ഖാലിദ് പറഞ്ഞു.ടീമിന്റെ ട്രെയിനിങ് സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവെന്ന് മൊറോക്കോൻ മാധ്യമമായ ‘അറബിക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മൊറോക്കൻ ലീഗിൽ കളിക്കുന്ന അൽ ദരിയൂഷ് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ വൻതുക സംഭാവന ചെയ്ത് താരം പിന്തുണ നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഫുട്‌ബോൾ ആരാധകരുടെ ഹൃദയം കവർന്നാണ് മൊറോക്കോ നാട്ടിലേക്ക് മടങ്ങിയത്. ആരും ശ്രദ്ധിക്കാതെ വന്ന് ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ അടക്കം വമ്പന്മാരെ തകർത്ത് സെമി ഫൈനൽ കടന്നാണ് മൊറോക്കോ ഇത്തവണ ചരിത്രമെഴുതിയത്.
ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രർക്ക്’; 2.63 കോടി ജീവകാരുണ്യത്തിന് സമർപ്പിച്ച് ഹകീം സിയേഷ്
December 20, 2022
Tags