Type Here to Get Search Results !

റേഷൻകട അടച്ച് സമരം: നോട്ടീസ് നൽകി സമര സമിതി



തിരുവനന്തപുരം: കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് 26 മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് കാട്ടി റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സർക്കാരിന് നോട്ടിസ് നൽകി. 14,500 ഓളം വ്യാപാരികൾക്ക് ഒക്ടോബർ മാസത്തെ കമ്മിഷൻ നൽകാൻ 29.51 കോടി വേണമെങ്കിലും 14.46 കോടി മാത്രം ധനവകുപ്പ് അനുവദിച്ചതിനെ തുട‌ർന്നാണ് സമരം. അതേസമയം, പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ തിരക്കിട്ടു ശ്രമം ആരംഭിച്ചിട്ടുണ്ട്.


ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.ആർ.ഇ.യു (സി.ഐ.ടി.യു), കെ.ആർ.ഇ.യു (എ.ഐ.ടി.യു.സി) സംഘടനകൾ ചേർന്നു രൂപം നൽകിയ സമര സമിതിയാണ് സിവിൽ സപ്ലൈസ് കമ്മിഷണർക്ക് സമര നോട്ടിസ് നൽകിയത്.

ബാക്കി തുക നൽകാമെന്ന് ഇന്നലെ ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചെങ്കിലും ധനവകുപ്പിൽ നിന്നു രേഖാമൂലം ഉറപ്പ് വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സർക്കാർ തുടർച്ചയായി അവഗണിക്കുന്നുവെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. സൗജന്യ കിറ്റ് വിതരണം ചെയ്ത വകയിൽ 10 മാസത്തെ കൈകാര്യ ചെലവ് നൽകിയിട്ടില്ല. കടവാടക പ്രതിമാസം കുറഞ്ഞത് 3,000 രൂപയാണ്. സെയിൽസ്‌മാന്റെ കൂലി വർദ്ധിച്ചു. എന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അവഗണനയാണ് ഉണ്ടാകുന്നതെന്ന് സമരസമിതി കൺവീനർ ടി.മുഹമ്മദാലി പറഞ്ഞു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad