Type Here to Get Search Results !

നെയ്‌മറുടെ കണങ്കാലിന്‍റെ ചിത്രം കണ്ണുനനയ്ക്കുന്നത്; ഇനി സുല്‍ത്താന്‍ ലോകകപ്പിനില്ലെന്ന് ഒരുപറ്റം ആരാധകര്‍



ദോഹ: ഖത്തര്‍ ലോകകപ്പിനിടെ പരിക്കേറ്റ കണങ്കാലിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച്‌ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍.


പരിക്ക് ഭേദമായി വരുന്നതായി താരം സൂചിപ്പിച്ചു. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ നിലവില്‍ ബ്രസീല്‍ ക്യാംപില്‍ വിശ്രമത്തിലാണ്. നാളെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരവും പിന്നാലെ കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരവും നെയ്മറിന് നഷ്ടമാകും എന്ന് ഉറപ്പായിരുന്നു. നോക്കൗട്ട് റൗണ്ടില്‍ നെയ്മര്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ടീം.


എന്നാല്‍ പരിക്കിന്‍റെ ചിത്രങ്ങള്‍ നെയ്‌മര്‍ തന്നെ പുറത്തുവിട്ടതോടെ ആശങ്കയിലാണ് ചില ആരാധകര്‍. നെയ്‌മര്‍ക്ക് ഇനി ഖത്തര്‍ ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. നെയ്‌മറുടെ പരിക്ക് ഗുരുതരമാണെന്നും ഭേദമാകാന്‍ ഏറെസമയം വേണ്ടിവരുമെന്നും പറയുന്നവരുണ്ട്. എന്നാല്‍ കടുത്ത ബ്രസീലിയന്‍ ആരാധകര്‍ ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ്. ബ്രസീലിയന്‍ ടീമിന്‍റെ സുല്‍ത്താനായ നെയ്മര്‍ നോക്കൗട്ട് റൗണ്ടില്‍ മടങ്ങിയെത്തും എന്ന് കാനറി ആരാധകര്‍ ഉറച്ച്‌ വിശ്വസിക്കുന്നു.


ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗിലാണ് നെയ്മറുടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. നെയ്മര്‍ക്ക് പുറമെ പ്രതിരോധ താരം ഡാനിലോയ്ക്കും 28-ാം തിയതി സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ മത്സരം നഷ്ടമാകും. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച്‌ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്.


പരിക്കിന് പിന്നാലെ ആരാധകരെ ആശ്വസിക്കുന്ന കുറിപ്പുമായി നെയ്‌മര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. 'എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പില്‍. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാല്‍ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാന്‍ എന്‍റെ രാജ്യത്തെയും സഹതാരങ്ങളെയും സഹായിക്കാന്‍ എല്ലാ പരിശ്രമവും നടത്തും. എതിരാളികള്‍ എന്നെ കീഴ്പ്പെടുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാന്‍ തളരില്ല. അസാധ്യമായ ദൈവത്തിന്‍റെ മകനാണ് ഞാന്‍. എന്‍റെ വിശ്വാസം അനന്തമാണ്'- എന്നുമായിരുന്നു നെയ്‌മറുടെ വാക്കുകള്‍

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad