Type Here to Get Search Results !

ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

 


തിരുവനന്തപുരം: കമ്മീഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.


ഇതുസംബന്ധിച്ച്‌ റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സര്‍ക്കാരിനു നോട്ടീസ് നല്‍കി. അതേസമയം, പ്രതിഷേധം തീര്‍ക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ടു ശ്രമം തുടങ്ങി.


ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കെആര്‍ഇയു (സിഐടിയു), കെആര്‍ഇയു (എഐടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപം നല്‍കിയ സമരസമിതിയാണു സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്കു നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ 14,500 ഓളം റേഷന്‍ കടക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ നല്‍കാന്‍ 29.51 കോടി രൂപ വേണം. എന്നാല്‍, ഇതിലേക്ക് 14.46 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഇതേ തുടര്‍ന്നു തിങ്കളാഴ്ച രാത്രി ചേര്‍ന്ന സംഘടനകളുടെ അടിയന്തരയോഗം സമരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നേതാക്കളായ ജോണി നെല്ലൂര്‍, ടി.മുഹമ്മദാലി, സി. മോഹനന്‍പിള്ള, വി.അജിത്കുമാര്‍, ശിവദാസന്‍ വേലിക്കാട്, ഡാനിയല്‍ ജോര്‍ജ്, പി.ജി. പ്രിയംകുമാര്‍ എന്നിവരാണു സമരം പ്രഖ്യാപിച്ചത്.


ബാക്കി പണം നല്‍കാമെന്ന് ഇന്നലെ ഭക്ഷ്യവകുപ്പു മന്ത്രിയുടെ ഓഫിസ് അറിയിച്ചെങ്കിലും ധനവകുപ്പില്‍നിന്നു രേഖാമൂലം ഉറപ്പു വേണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad