Type Here to Get Search Results !

ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ



ദോഹ: ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് എതിരെയുള്ള മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ സൗദി അറേബ്യന്‍ ഡിഫന്‍ഡര്‍ യാസർ അൽ സഹ്‌റാനിക്ക് പരിക്കേറ്റു. സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്‍റെ മുട്ട് കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താരത്തിന്‍റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ എല്ലും ഒടിഞ്ഞു.


അല്‍ ഒവെസുമായി കൂട്ടിയിടിച്ച് സഹ്റാനി വീണപ്പോള്‍ സ്റ്റേഡിയമാകെ നിശബ്‍ദമായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഗുരുതരമായ പരിക്കാണെന്നുള്ള കാര്യം വ്യക്തമായിരുന്നു. തുടര്‍ന്ന് സ്കാനിംഗിനായി സഹ്‌റാനിയെ അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. ആന്തരിക രക്തസ്രാവം നിർത്താൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചത്. താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് സ്വകാര്യ വിമാനത്തിൽ കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉടന്‍ ഉത്തരവിട്ടതായി ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം, മുന്‍ ലോക ചാമ്പ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഹ്ലാദസൂചകമായി സൗദിയിൽ ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ.


ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. സൗദി ഗോളി അല്‍ ഒവൈസിന് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad