Type Here to Get Search Results !

അർജന്റീനയ്ക്കുമുന്നിൽ 'രണ്ടു ഫൈനൽ



ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ അർജന്റീനയ്ക്കേറ്റ തോൽവി ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ടീമിന്റെ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല. സി ഗ്രൂപ്പിൽ രണ്ടുമത്സരങ്ങൾകൂടി മെസ്സിപ്പടയ്ക്ക് അവശേഷിക്കുന്നു. രണ്ടിലും ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം; ചിലപ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ.


ഇനിയുള്ള രണ്ടു മത്സരങ്ങളും അർജന്റീനയ്ക്ക് രണ്ടു ‘ഫൈനൽ’ പോലെയാണ്. ആദ്യത്തേത് നവംബർ 26-ന് രാത്രി 12.30-ന് മെക്‌സിക്കോക്കെതിരേ. ഇതിൽ തോറ്റാൽ മടക്കടിക്കറ്റ് ഉറപ്പിക്കാം. ജയിച്ചാൽ അടുത്ത ‘ഫൈനൽ’ നവംബർ മുപ്പതിനു രാത്രി 12.30-നാണ്; പോളണ്ടിനെതിരേ. ഇതിനിടെ സൗദി അറേബ്യയുടെ ശേഷിക്കുന്ന രണ്ടുകളിയിലെ ഫലംകൂടി അർജന്റീനയുടെ സാധ്യതകളെ ബാധിക്കും.


നിലവിൽ സി ഗ്രൂപ്പിൽ പോയന്റില്ലാത്ത ടീം അർജന്റീന മാത്രം. സൗദിക്ക് മൂന്ന്, പോളണ്ടിനും മെക്‌സിക്കോയ്ക്കും ഒന്ന് എന്നിങ്ങനെയാണ് പോയന്റ് നില.


സാധ്യതകൾ ഇങ്ങനെ


1 രണ്ടു കളിയിലും അർജന്റീന ജയിക്കുന്നു. ഇതിനൊപ്പം, സൗദിയും രണ്ടു മത്സരങ്ങളിൽ ജയിക്കുന്നു. അങ്ങനെയായാൽ ഒമ്പത് പോയന്റോടെ അവർ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ആറുപോയന്റോടെ അർജന്റീന രണ്ടാംസ്ഥാനക്കാരായി മുന്നേറും. രണ്ടുകളിയിൽ അർജന്റീന ജയിക്കുകയും സൗദിക്ക് ഒരു ജയവും ഒരു തോൽവിയുമാണെങ്കിൽ ഇരുകൂട്ടർക്കും ആറുപോയന്റാകും. അപ്പോൾ ഗോൾ ശരാശരിയിലാകും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക. അപ്പോഴും അർജന്റീന മുന്നേറും. അർജന്റീന രണ്ടു കളി ജയിക്കുകയും സൗദി രണ്ടു കളി തോൽക്കുകയോ രണ്ടു കളി സമനിലയിലാകുകയോ ചെയ്താൽ അർജന്റീന ഗ്രൂപ്പ് ജേതാക്കളായി മുന്നേറും.


2 അർജന്റീന ഒരു കളി ജയിക്കുന്നു, ഒരു കളി സമനിലയിലാകുന്നു. അങ്ങനെയെങ്കിൽ അവർക്ക് നാലു പോയന്റ്. ഇതിനൊപ്പം സൗദിക്ക് അഞ്ചു പോയന്റ് വരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അർജന്റീന രണ്ടാം സ്ഥാനക്കാരായി മുന്നേറും. പോളണ്ട്, മെക്സിക്കോ ടീമുകളിലൊന്നിന് നാലു പോയന്റ് വരുന്നഘട്ടത്തിൽ അവരുമായി ഗോൾ താരതമ്യം നേരിടേണ്ടിവരും.


3അർജന്റീന രണ്ടു കളിയും തോൽക്കുന്നു. അല്ലെങ്കിൽ രണ്ടു മത്സരങ്ങളും സമനിലയാകുന്നു -രണ്ടു സാഹചര്യത്തിലും അവർ പുറത്ത്. ഒരു കളി ജയിക്കുകയും ഒരു കളി തോൽക്കുകയും ചെയ്യുന്ന അവസ്ഥയിലും വഴി പുറത്തേക്കുതന്നെ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad