Type Here to Get Search Results !

കിരീട പ്രതീക്ഷകളുമായി ക്രിസ്റ്റ്യാനോയും സംഘവും ഇന്നിറങ്ങുന്നു: എതിരാളി ഘാന



ദോഹ: ലോകകിരീടം എന്ന സ്വപ്നത്തിലേക്കുള്ള കുതിപ്പിന് ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് തുടക്കം കുറിക്കുന്നു. ഒരുപക്ഷേ റൊണാൾഡോയുടെ അവസാന ലോകകപ്പായിരിക്കും ഇത്. അത്ഭുതങ്ങൾ കാട്ടുന്നത് ശീലമാക്കിയ റൊണാൾഡോയിൽ തന്നെയാണ് പറങ്കിപ്പട പ്രതീക്ഷവെയ്ക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ് എതിരാളികള്‍. ദീർഘ നിശ്വാസമെടുത്ത്, അടിമുടി പരുവപ്പെട്ട് പന്തിനെ ശാന്തമായി നോക്കുന്ന മനുഷ്യൻ. കഠിനാധ്വാനം കൈമുതലാക്കി കാൽപന്ത് കളങ്ങളിൽ ചരിത്രം രചിച്ചവൻ, കാലമേറെയായി കാത്തിരിക്കുന്നു. അറേബ്യൻ മണലാരണ്യങ്ങൾ മോഹിപ്പിക്കുന്നു. ലിസ്ബണിലെ സുൽത്താന്റെ കിരീടധാരണം കൊതിക്കുന്നു. എടുത്ത കിക്കുകൾ ഏറെയും ലക്ഷ്യത്തിലെത്തിച്ച മനുഷ്യൻ. അംഗീകാരമായി അഞ്ച് ബാലൻദിഓർ. അപ്പൊഴും ഒരു ലോക കിരീടം അകലെ. ഒരുകാലത്ത് ലോകം കാൽക്കീഴിലാക്കിയവരാണ് പറങ്കികൾ. 2006ൽ ആദ്യ ലോകകപ്പിന് ബുട്ട് കെട്ടിയപ്പോൾ റോണോയുടെ മനസും ശരീരവും സ്വതന്ത്രമായിരുന്നു. ഇന്ന്പോർച്ചുഗലിന്റെ മുഴുവൻ പ്രതീക്ഷകളും ക്രിസ്റ്റ്യാനോ എന്ന  മാന്ത്രികന്റെ കാലുകളിലാണ്. സമ്മർദങ്ങളിൽ സൗന്ദര്യം വിരിയിച്ചിട്ടുണ്ട് എന്നും. ശേഷം ആകാശത്തേക്കുയരുന്ന ആഘോഷം. ഉയരങ്ങളെ ഇഷ്ടപ്പെടുന്നു അയാൾ. ആരുമെത്താത്ത ഉയരത്തിൽ ചാടി ലക്ഷ്യത്തിലേക്ക് പന്തുതൊടുത്ത് ഇരുകൈകളും വീശി വെട്ടിത്തിരിഞ്ഞുള്ള നിൽപ്പ്. ഒരിക്കൽ കൂടി പറങ്കിപ്പടയുടെ പ്രതീക്ഷകളുമായി വരികയാണ് സി.ആർ സെവൻ. ഒരുപക്ഷേ അവസാന അങ്കം. വെറും കൈയോടെ മടങ്ങാൻ അയാളിലെ പോരാളി ആഗ്രഹിക്കുന്നില്ല. മൈതാനങ്ങളിൽ മഴവില്ലഴക് ചാർത്താൻ ഇന്ന് അയാൾ ഒറ്റയ്ക്കല്ല. ബ്രൂണോ ഫെര്‍ണാണ്ടസിനെപ്പോലെ എന്തിനും പോന്ന പടയാളികൾ കൂടെയുണ്ട്. സൗഹൃദ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 2-0 ന് തോൽപ്പിച്ചാണ് ഘാനയുടെ വരവ്. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ജയിച്ചു. പോര്‍ച്ചുഗീസ് പടയോട്ടത്തെ തടുക്കാനും അടിക്കാനുമൊക്കെ പറ്റുന്ന സംഘം ഘാനന്‍ നിരയിലുമുണ്ട്. ഏതായാലും ഫുട്ബോള്‍ പ്രേമികള്‍ക്കിത് ഉജ്വല കായിക വിരുന്നാകും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് പോരാട്ടം ആരംഭിക്കുക. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad