Type Here to Get Search Results !

മംഗലാപുരത്തുനിന്ന് തിരുവനന്തപുരം വരെയുള്ള ട്രെയിന്‍ വേഗത കൂട്ടും



തിരുവനന്തപുരം:സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.


സിംഗ് നിര്‍ദ്ദേശിച്ചു. ഇതിന്റെ സാദ്ധ്യത സാങ്കേതിക,ഗതാഗത, ഒാപ്പറേറ്റിംഗ് ടീം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കും.


കഴിഞ്ഞ രണ്ടുദിവസമായി കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള സംസ്ഥാനത്തെ രണ്ട് റെയില്‍വേ ഡിവിഷനുകളിലെ ട്രാക്കുകളില്‍ വിന്‍ഡോ ട്രെയിലിംഗ് നടത്തിയ ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രെയിനുകളുടെ വേഗത കൂട്ടാമെന്നും ഇതിന്റെ സാദ്ധ്യത പൂര്‍ണ്ണമായി പരിശോധിക്കണമെന്നും ആര്‍.എന്‍. സിംഗ് നിര്‍ദ്ദേശിച്ചത്. ദക്ഷിണറെയില്‍വേയിലെ ചീഫ് അഡ്മിനിസ്ട്രേറ്റിംഗ് ഒാഫീസര്‍ ആര്‍.പി.സിംഗ്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ആര്‍. മുകുന്ദ്, പാലക്കാട് ഡി.ആര്‍.എം. ത്രിലോക് കോത്താരി, ചീഫ് എന്‍ജിനിയര്‍ വി. രാജഗോപാല്‍ തുടങ്ങി ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനറല്‍ മാനേജര്‍ക്കൊപ്പം ഉണ്ടായിരുന്നു.


കന്യാകുമാരിസ്റ്റേഷന്‍ വികസനപദ്ധതികളും അദ്ദേഹം വിലയിരുത്തി. എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളുടെ നവീകരണവും പുനര്‍നിര്‍മ്മാണവും നടത്തുന്നതിനുള്ള ടെന്‍ഡറിന് യോഗത്തില്‍ അനുമതി നല്‍കി. കൂടാതെ ചെങ്ങന്നൂര്‍, തൃശൂര്‍ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള ഡീറ്റെയ്ല്‍ഡ് പ്രൊജക്‌ട് റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിന് പുറമെ തിരുവനന്തപുരം,വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഡി.പി.ആര്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചു.


ദക്ഷിണറെയില്‍വേ ജനറല്‍ മാനേജരായി ചുമതലയേറ്റതിന് ശേഷം ഇതാദ്യമായാണ് ഇത്ര വിപുലമായ ട്രാക്ക്, സ്റ്റേഷന്‍, പദ്ധതി നിര്‍വ്വഹണം എന്നിവയുടെ വിലയിരുത്തലിനായി വിന്‍ഡോ ട്രെയിലിംഗ് നടത്തിയത്. ട്രാക്കിലൂടെ നീങ്ങുന്ന പ്രത്യേകമായി രൂപകല്‍പന ചെയ്ത ഗ്ളാസ് നിര്‍മ്മിത കോച്ചില്‍ ഇരുന്നാണ് ജനറല്‍ മാനേജര്‍ വിന്‍ഡോ ട്രെയിലിംഗ് നടത്തുക. കോച്ചിനുള്ളില്‍ ഇരുന്നാല്‍ ട്രാക്ക് നേരിട്ട് കാണാം. പരിസരവും മുന്നിലുള്ള ട്രാക്കിന്റെ വളവുകളും ആംഗിളും കോച്ചിനുള്ളിലെ മോണിറ്ററില്‍ കാണാം. സംശയങ്ങള്‍ ചോദിക്കാനും വിലയിരുത്താനും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവുമുള്ള കോച്ചില്‍ മീറ്റിംഗും നടത്താം. ഉദ്യോഗസ്ഥര്‍ക്ക് പുറമെ എറണാകുളത്തുവെച്ച്‌ റെയില്‍വേ പാസഞ്ചര്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്‌ണദാസുമായും ആര്‍.എന്‍. സിംഗ് ചര്‍ച്ച നടത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad