Type Here to Get Search Results !

ദില്ലി എയിംസ് സര്‍വര്‍; സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു? 200 കോടിയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍; അന്വേഷിക്കാന്‍ എന്‍ഐഎ, സിബിഐ



ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സര്‍വറിനു നേരെ സൈബര്‍ ആക്രമണമുണ്ടായതായി സംശയം. രാജ്യ സുരക്ഷയെ അടക്കം ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്. 


സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും അന്വേഷണം ആരംഭിച്ചു. ദി ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതരും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ആഭ്യന്തര വകുപ്പ് തുടങ്ങിയവും അന്വേഷണം നടത്തുന്നുണ്ട്.


ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രമുഖരുടെ രോഗ വിവരങ്ങള്‍, കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനക്കേസുകളിലെ ഇരകളുടെ വൈദ്യ പരിശോധനാ ഫലങ്ങളടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്. റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ ഡാറ്റ തിരിച്ചു കിട്ടിയാല്‍ പോലും പകുതിയിലധികം വിവരങ്ങളും നഷ്ടമാകുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 


ഒരാഴ്ചയായി സര്‍വറിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്. നാല് കോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചനകളുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സര്‍വര്‍ ഹാക്ക് ചെയ്തതായി കണ്ടെത്തിയത്. രോഗികളുടെ പ്രവേശനമടക്കമുള്ള നടപടികള്‍ നിലവില്‍ ജീവനക്കാര്‍ നേരിട്ടാണ് ഇപ്പോള്‍ ചെയ്യുന്നത്. 


സര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞു. സര്‍വര്‍ തകരാറാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പ്രതികരിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad