Type Here to Get Search Results !

കോടിയേരിക്ക് ആദരാഞ്ജലി: ഇന്ന് തലശ്ശേരിയില്‍ പൊതുദര്‍ശനം, സംസ്കാരം നാളെ

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ 9.30ന് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസ് പുറപ്പെടും. 11 മണിയോടെ കണ്ണൂരിലെത്തും.



വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്ന് മണി മുതൽ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം.


അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് കോടിയേരിയുടെ അന്ത്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണറും അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.


*വിട പറഞ്ഞത് സൗമ്യ സഖാവ്*


കോടിയേരി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കേവലമൊരു സ്ഥല നാമമല്ല. പാർട്ടി അണികൾ ചെങ്കൊടിക്കൊപ്പം മനസിൽ ചേർത്ത വികാരമാണ്. കേരളത്തിന്റെ രാഷ്ട്രീയ മനസിൽ കമ്മ്യൂണിസ്റ്റുകാരന്റെ പതിവ് കാർക്കശ്യങ്ങളൊന്നുമില്ലാതെ കുടിയേറിയ സൗമ്യ മുഖം. ചിരിക്കുന്ന മുഖം ആയുധവും പ്രത്യയശാസ്ത്രവുമായി കരുതിയ ജന നേതാവ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടർന്ന് പഠിപ്പിക്കാതെ വീട്ടുകാർ ചെന്നൈയിലെ ചിട്ടിക്കമ്പനിയിൽ ജോലിക്ക് അയച്ച ബാലകൃഷ്ണന് പക്ഷെ കാലം കരുതി വെച്ചിരുന്നത് ജനനായകന്റെ വേഷമായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ബാലകൃഷ്ണൻ മാഹി എം ജി കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുമ്പോൾ സുഹൃത്ത് മൂഴിക്കര ബാലകൃഷ്ണനാണ് പേരിനൊപ്പം കോടിയേരി എന്ന സ്ഥലനാമം ചാർത്തി നൽകിയത്. അത് പിന്നീട് രാജ്യമറിയുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരായി വളർന്നു.


18 ആണ് പാർട്ടി അംഗമാകാനുളള പ്രായമെങ്കിലും 16 കഴിഞ്ഞപ്പോൾ കോടിയേരി പാർട്ടി അംഗമായി.1973 മുതൽ 79 വരെ കോടിയേരി ലോക്കൽ സെക്രട്ടറി. ആ വർഷം എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥയിൽ 16 മാസം മിസാ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ. 80 മുതൽ 82 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട്. മുപ്പത്തിയാറാം വയസിൽ പാർട്ടിയുടെ കരുത്തൻ കോട്ടയായ കണ്ണൂരിൽ സിപിഎമ്മിനെ നയിക്കാൻ നിയോഗിക്കപ്പെട്ടു. കണ്ണൂർ രാഷ്ട്രീയം പകർന്ന് നൽകിയ ആ ചൂടും ചൂരുമാണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവിൻറെ രാഷട്രീയ ജീവിതത്തിന്‍റെ കരുത്ത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad